പൃഥ്വിക്ക് സിനിമയിൽ 15ന്റെ മധുരം
September 13, 2017, 3:47 pm
മലയാള സിനിമയിൽ ഇന്ന് കാണുന്ന യുവതരംഗങ്ങൾക്കെല്ലാം മുമ്പേ താരമായ താരമാണ് പൃഥ്വിരാജ്. സിനിമയിൽ 15 വർഷം പൂർത്തീകരിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഈ യുവ സൂപ്പർ താരം. സംവിധായകൻ രഞ്ജിത്തിന്റെ നന്ദനത്തിലൂടെയാണ് ആദ്യം ഹരിശ്രീ കുറിച്ചതെങ്കിലും രാജസേനൻ സംവിധാനം ചെയ്‌ത 'നക്ഷത്രക്കണ്ണുള്ളൊരു രാജകുമാരൻ അവനുണ്ടൊരു രാജകുമാരി' ആയിരുന്നു പൃഥ്വിയുടെ റിലീസായ ആദ്യ ചിത്രം. 2002 സെപ്‌തംബർ 13നാണ് ചിത്രം റിലീസായത്.

ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നന്ദനത്തിലെ 'മനു'വിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീടങ്ങോട്ട് ഉയർച്ച താഴ്‌ചകളിലൂടെ മലയാള സിനിമയിലെ താരരാജകുമാരനായി വളരുകയായിരുന്നു പൃഥ്വി. ആദ്യകാലങ്ങളിൽ സിനിമാലോകത്ത് 'അഹങ്കാരി' എന്ന് പേരു കേൾപ്പിച്ച താരം പിന്നീട് തന്റ സന്ദർഭോജിതമായ തീരുമാനങ്ങളിലൂടെ വിമർശകരുടെ വായടിപ്പിക്കുകയായിരുന്നു.

2006ലും 2012ലും മികച്ച നടനുള്ള കേരളാ സംസ്ഥാന അവാർഡ് പൃഥ്വിയെ തേടിയെത്തി. 2011ൽ ഇന്ത്യൻ റുപ്പിയിലൂടെ നിർമ്മാതാവിനുള്ള നാഷണൽ അവാർഡും പൃഥ്വിക്ക് ലഭിച്ചു. തമിഴ്നാട്ടിലെ 'നാന്ദി' അവാർഡ് അടക്കം പിന്നെയും നിരവധി പുരസ്‌കാരങ്ങൾ താരം കരസ്ഥമാക്കി. ഉറുമിയിൽ തുടങ്ങി മെഗാസ്‌റ്റാർ മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദർ അടക്കം എട്ട് ചിത്രങ്ങൾ നിർമ്മിച്ചു. നല്ലൊരു ഗായകനാണ് താനെന്ന് പലവട്ടം തെളിയിച്ച പൃഥ്വി പത്തോളം ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യാനൊരുങ്ങുന്ന 'ലൂസിഫർ' മലയാള സിനിമ ഒന്ന‌ടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്‌ടാണ്. മലയാളത്തിനു പുറമെ ബോളിവുഡിലും, കോളിവുഡിലും, ടോളിവുഡിലും ഒരു പോലെ സ്വീകാര്യനായി കഴിഞ്ഞു ഇന്ന് പൃഥ്വിരാജ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ