ദൃശ്യം ഇനി ചൈനയ്‌ക്കും സ്വന്തം
September 13, 2017, 5:07 pm
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യം മലയാള സിനിമയുടെ അതുവരെയുള്ള സകല റെക്കാഡുകളും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു. മലയാള സിനിമയെ ആദ്യമായി 50കോടി ക്ളബിലേക്ക് കടത്തിയത് ദൃശ്യമായിരുന്നു. സിനിമയുടെ മാസ്മരിക വിജയം അന്യഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്നതിന് അണിയറ പ്രവർത്തകർക്ക് പ്രചോദനമായി. എന്നാൽ ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി ചിത്രത്തിന് ലഭിച്ചിരിക്കുകയാണ്. അധികം വൈകാതെ ലാലിന്റെ ജോർജുകുട്ടിയെയും കുടുംബത്തെയും നമുക്ക് ചൈനയിലും കാണാം. ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി ദൃശ്യത്തിന്റെ തിരക്കഥാ അവകാശം സ്വന്തമാക്കിയിരിക്കുകയാണ്. ജീത്തു ജോസഫ് തന്നെയാണ് തന്റെ ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്.

ജീത്തുവിന്റെ വാക്കുകളിലൂടെ:
'മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ച് ഒരു സന്തോഷകരമായ വാർത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകർ. ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്‌സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്‌സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !! സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ
ജീത്തു ജോസഫ്‌.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ