Wednesday, 20 September 2017 12.33 AM IST
'പ്രതിയെ അനുകൂലിക്കുന്നവർ ജാഗ്രതയോടെ രംഗത്തുണ്ട്, നാം കരുതിയിരിക്കണം'
September 13, 2017, 6:01 pm
ദിലീപിനെ അനുകൂലിച്ചകൊണ്ട് സെബാസ്‌റ്റ്യൻ പോൾ രംഗത്തെത്തിയതിനെ വിമർശിച്ച് എശുത്തുകാരി ശാരദക്കുട്ടി. സെബാസ്‌റ്റ്യൻ പോളിന്റെ വാക്കുകളെ ഭയപ്പെടുന്നില്ല. അദ്ദഹം കോടതിയുടെ അധിപനോ, ഉടമസ്ഥനോ അല്ല. പക്ഷെ നിയമം അറിയാവുന്ന ഒരാളുടെ പ്രസ്താവനകൾ കേസിന്റെ ഗതിയെ വഴി തിരിച്ചു വിടുമോ എന്ന ആശങ്കയുണ്ടെന്നും ശാരദക്കുട്ടി പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് വിമർശനം.

ഫെയ്സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
'ദിലീപാണ് കുറ്റക്കാരൻ എന്ന് എത്ര കേമന്മാർ പ്രചരിപ്പിചാലും ദിലീപ് അല്ല കുറ്റം ചെയ്തത് എന്ന മട്ടിൽ സമാന പ്രചാരണങ്ങൾ നടത്തിയാലും ഇതൊന്നും നീതിന്യായ കോടതികളെ ബാധിക്കാൻ പോകുന്നില്ല. കാരണം ഗ്യാലപ് പോൾ നടത്തിയോ അനുകൂലികളുടെ തല എണ്ണിയോ ഫേസ്ബുക്ക് പോസ്റ്റ് നോക്കിയോ അല്ല നമ്മുടെ നീതിന്യായവ്യവസ്ഥ ശിക്ഷ തീരുമാനിക്കുന്നത്. സെബാസ്‌റ്റ്യൻ പോൾ പറഞ്ഞ വാക്കുകളെ അതുകൊണ്ട് തന്നെ ഞാൻ ഭയപ്പെടുന്നില്ല കാര്യമാക്കുന്നത് പോലുമില്ല. അദ്ദേഹം കോടതിയുടെ അധിപനോ ഉടമസ്ഥനോ ഒന്നുമല്ല. തെളിവുകൾ മാത്രമാണ് അവിടെ പ്രധാനം. പക്ഷെ, നിയമം അറിയാവുന്ന, പൊതുസമ്മതനായ ഒരാളുടെ ആധികാരികമെന്ന് തോന്നിപ്പിക്കാവുന്ന ഇത്തരം പ്രസ്താവനകൾ പ്രചരിപ്പിക്കപ്പെട്ടാൽ കേസിന്റെ ദിശ തെറ്റുവാൻ ഇടയുണ്ടോ എന്ന് ന്യായമായും ഭയമുണ്ട്. ജാഗ്രതയോടെ നോക്കി കാണേണ്ടത് പൊലീസ് സ്വാധീനിക്കപ്പെടുന്നുണ്ടോ , അതിനുള്ള ബാഹ്യപ്രേരണകൾ ഉണ്ടോ എന്നത് മാത്രമാണ്. പൊലീസന്വേഷണത്തിന്റെ പിന്നാലെ നിതാന്തജാഗ്രതയോടെ നാം ഒറ്റക്കെട്ടായി ഉണ്ടാകണം എന്ന് ഈ പ്രസ്താവന, ഓർമ്മപ്പെടുത്തുന്നു. നമ്മുടെ ഒരലംഭാവം ചിലപ്പോൾ ഈ കേസിനെ മറ്റൊരു വഴിയിലേക്ക് തള്ളി വിട്ടേക്കാം അതൊരിക്കലും സംഭവിക്കാൻ പാടില്ല. പ്രബലരാണ് കുറ്റാരോപിതന് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ജാഗ്രതയോടെ കാവലിരിക്കുമ്പോഴേ ജനാധിപത്യം സക്രിയമാകൂ.. ജാഗ്രത ഉള്ളപ്പോഴേ നിയമവും കൂട്ടിനുണ്ടാകൂ. പ്രതിയെ അനുകൂലിക്കുന്നവർ കൂടുതൽ ജാഗ്രതയോടെ രംഗത്തുണ്ട് എന്ന് തോന്നുമ്പോൾ നാം കൂടുതൽ കരുതിയിരിക്കണം. ഒരു നിമിഷം പോലും ശ്രദ്ധ ഇടറാതെ. പൊലീസ്‌ അന്വേഷണത്തെ സഫലമാക്കി നീതിന്യായ കോടതിയിൽ എത്തിക്കേണ്ട ബാധ്യത പൗരസമൂഹത്തിനുണ്ട്. ഒരായിരം സെബാസ്‌റ്റ്യൻ പോളുമാർ വിചാരിച്ചാലും തടയാവുന്നതല്ല, ഇരയോടൊപ്പമുള്ള നീതിക്ക് വേണ്ടിയുള്ള ഈ യാത്രയെന്ന് നാം മറന്നു കൂട'.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ