Thursday, 21 September 2017 9.03 AM IST
മോദിയുടെ നാട്ടിൽ ആബെയ്ക്ക് അത്യുജ്ജ്വല വരവേല്പ്
September 14, 2017, 12:05 am
 സബർമതി വരെ 8 കി. മീറ്റർ റോഡ് ഷോ
 30 ഗുജറാത്തി വിഭവങ്ങളുമായി അത്താഴം
അഹമ്മദാബാദ്: ഇന്ത്യ -ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും ഭാര്യ അകി ആബെയ്ക്കും ഉജ്ജ്വല വരവേല്പ് നൽകി. അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
സബർമതി ആശ്രമം വരെ സംഘടിപ്പിച്ച റോഡ് ഷോയിൽ ആബെ കുർത്തയും ഭാര്യ ചുരിദാറും ധരിച്ചാണ് മോദിക്കൊപ്പം പങ്കെടുത്തത്. പൂക്കളാൽ അലങ്കരിച്ച തുറന്ന ജിപ്സിയിലായിരുന്നു യാത്ര. തുടർന്ന് സബർമതി ആശ്രമത്തിൽ ഗാന്ധിജിക്ക് പ്രണാമം അർപ്പിച്ചു.
ഗുജറാത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത നൃത്തരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ആബെയെ വിമാനത്താവളത്തിൽ എതിരേറ്റത്. ബുദ്ധ സന്യാസിമാരും സ്വീകരിക്കാനെത്തി. വിമാനത്താവളം മുതൽ സബർമതി വരെയുള്ള എട്ടു കിലോമീറ്ററിനിടെ 28 സ്റ്റേജുകൾ ഒരുക്കി കലാപരിപാടികൾ അവതരിപ്പിച്ചു. വർണ ദീപങ്ങൾ തെളിച്ച് അഹമ്മദാബാദ്, ഗാന്ധിനഗർ നഗരങ്ങൾക്ക് ഉത്സവച്ഛായ നൽകിയിരുന്നു.
മുപ്പതിലേറെ ഗുജറാത്തി വിഭവങ്ങൾ ഉൾപ്പെട്ട അത്താഴ വിരുന്നാണ് ആബെയ്ക്കും പത്നിക്കുമായി മോദി ഒരുക്കിയത്. ജാപ്പനീസ് വിഭവങ്ങളും തയ്യാറാക്കിയിരുന്നു. അഹമ്മദാബാദിലെ പ്രശസ്തമായ ആഗാഷിയ ടെറസ് റെസ്റ്റോറന്റിലായിരുന്നു സത്കാരം.
പതിനാറാം നൂറ്റാണ്ടിൽ പണിത പ്രസിദ്ധമായ സിദ്ദി സെയദ് പള്ളി മോദിക്കൊപ്പം ഇരുവരും സന്ദർശിച്ചു. ഇന്നാണ് വാർഷിക ഉച്ചകോടി. ഇരു രാജ്യങ്ങളും തമ്മിലുള്ള പന്ത്രണ്ടാമത്തെ ഉച്ചകോടിയാണിത്.

ഒപ്പിടുന്ന കരാറുകൾ
 ജപ്പാൻ സാമ്പത്തിക സഹായത്തോടെയുള്ള മുംബയ് -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ ശിലാസ്ഥാപനം
 മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, ക്ളീൻ ഗംഗ പദ്ധതികളിൽ സഹകരണം
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ