Wednesday, 20 September 2017 12.34 AM IST
ഭീകരർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ടോം ഉഴുന്നാലിൽ
September 13, 2017, 6:21 pm
തിരുവനന്തപുരം: ഭീകരർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് യെമനിലെ ഐസിസ് ഭീകരരുടെ പിടിയിൽ നിന്നും മോചിചതനായ ഫാദർ ടോം ഉഴുന്നാലിൽ പറഞ്ഞു. തട്ടിക്കൊണ്ട് പോയ ഭീകരർ മൂന്ന് തവണ തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ശാരീരികാവസ്ഥ മോശമായതിനാൽ പ്രമേഹത്തിനുള്ള മരുന്ന് നൽകിയിരുന്നു. തട്ടിക്കൊണ്ട് പോയവർ ഇംഗ്ലീഷും അറബിയുമാണ് സംസാരിച്ചതെന്നും സെലേഷ്യൻ സഭയുടെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഫാദർ വ്യക്തമാക്കി.

ഭീകരരുടെ തടവിൽ നിന്നും രക്ഷിച്ച ഉഴുന്നാലിനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഒമാനിലെ മസ്‌കറ്റിൽ എത്തിച്ചത്. യെമനിൽ തീവ്രവാദികൾ ബന്ദികളാക്കിയ വിദേശ പൗരന്മാരെ മോചിപ്പിക്കാൻ ഒമാൻ സജീവമായ ഇടപെടലാണ് നടത്തിവന്നത്. ആ ഇടപെടലിന്റെ ഫലമായാണ് ഫാദർ ടോം അടക്കമുള്ളവർ മോചിതരായത്. പരമ്പരാഗത യെമനി വസ്ത്രം ധരിച്ചാണ് അദ്ദേഹം മസ്‌ക്കറ്റിൽ വന്നിറങ്ങിയത്. തുടർന്ന് അദ്ദേഹത്തിനെ അടിയന്തര വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് അദ്ദേഹം റോമിലേക്ക് പോയി. കൂടുതൽ ചികിത്സയ്‌ക്കായി അദ്ദേഹം കുറച്ച് ദിവസം ഇവിടെ തങ്ങും. അതിന് ശേഷം അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തും.

മദർ തെരേസ രൂപംകൊടുത്ത 'ഉപവിയുടെ സഹോദരിമാർ' (മിഷനറീസ് ഒഫ് ചാരിറ്റി) സന്യാസിനി സമൂഹം യെമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാർച്ച് നാലിന് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്. നാല് കന്യാസ്ത്രീകൾ, ആറ് എത്യോപ്യക്കാർ, ആറ് യെമൻ സ്വദേശികൾ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ, തട്ടിക്കൊണ്ടു പോയ ഭീകര സംഘടന ഏതാണെന്നോ ഉഴുന്നാലിൽ എവിടെയാണെന്നത് സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഐസിസാണ് തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്നാണ് നിഗമനം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ