Wednesday, 20 September 2017 12.33 AM IST
പെട്രോൾ വില 'വർദ്ധിക്കുന്നത്' തടയാൻ ജി.എസ്.ടി ഏർപ്പെടുത്താൻ നീക്കം
September 13, 2017, 7:09 pm
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വില ഓരോ ദിവസവും നിർണയിക്കുന്ന രീതി മാറ്റാൻ കഴിയില്ലെന്നും എന്നാൽ പെട്രോൾ, ഡീസൽ വിലയിൽ ജി.എസ്.ടി ഏർപ്പെടുത്തുന്ന കാര്യം പരിഗണയിലാണെന്നും കേന്ദ്രപെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റമാണ് ഇന്ത്യയിലും ബാധിച്ചത്. ഇത് വരും ദിവസങ്ങളിൽ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസേനയുള്ള ഇന്ധനവില നിർണയം സുതാര്യവും വ്യക്തതയുള്ളതുമാണ്. ഇത് പെട്ടെന്ന് മാറ്റാൻ കഴിയില്ല. സർക്കാർ ഇക്കാര്യത്തിൽ ഇടപെടില്ല. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഇന്ധനവിലയിലെ അന്തരം നികുതിയിൽ വരുന്ന വ്യത്യാസം മൂലമാണ്. ഇതിനെ തടയാൻ പെട്രോളിനെയും ഡീസലിനെയും ചരക്ക് സേവന നികുതിയിൽ ഉൾപ്പെടുത്തണം. ഇതിനോടകം തന്നെ ഇത്തരത്തിൽ ആവശ്യം ഉയർന്നു കഴിഞ്ഞു. ജി.എസ്.ടിയുടെ ചുമതലയുള്ള ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

രാജ്യത്തെ ഇന്ധനവില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് വർദ്ധിച്ചതിന്റെ ചുവട് പിടിച്ചാണ് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടുന്നത്. മുംബയിൽ കഴിഞ്ഞ ദിവസം ഒരു ലിറ്റർ പെട്രോളിന് 79.41 രൂപയായിരുന്നു. 2014നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഇന്ത്യ ഏറ്റവുമധികം വാങ്ങുന്ന ബ്രെന്റ് ക്രൂഡിനു വില ബാരലിന് (159 ലിറ്റർ) 51.34 ഡോളറിൽ നിന്ന് കഴിഞ്ഞ വാരം 53.63 ഡോളറിലെത്തിയിരുന്നു. പെട്രോളിനും ഡീസലിനും പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയ ജൂൺ 16 മുതൽ ഇതുവരെ പെട്രോൾ വിലയിൽ മാത്രമുണ്ടായ വർദ്ധന ഏഴ് രൂപയോളമാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ