Wednesday, 20 September 2017 12.35 AM IST
ആശ്രമത്തിലെ കംപ്യൂട്ടറുകളിൽ തിരിമറി നടത്തിയ ദേരാ സച്ചാ ഐ.ടി തലവൻ പിടിയിൽ
September 13, 2017, 7:43 pm
ചണ്ഡീഗഡ്: പീഡനക്കേസിൽ ഇരുപത് വർഷത്തെ തടവ് ശിക്ഷ ലഭിച്ച ദേരാ സച്ചാ സൗധാ നേതാവ് ഗുർമീതിന്റെ ആശ്രമത്തിലെ ഐ.ടി തലവനുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആശ്രമത്തിലെ തെരച്ചിലിന് വേണ്ടി അന്വേഷണ സംഘം എത്തുന്നതിന് മുമ്പ് ഇവിടുത്തെ കംപ്യൂട്ടറുകളിൽ തിരിമറി നടത്തിയതിനാണ് ഗുർമീതിന്റെ ഐ.ടി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വിനീത് കുമാറിനെ പിടികൂടിയത്. ഇയാളിൽ നിന്നും 60 ഹാർഡ് ഡിസ്‌ക്കുകളും പിടികൂടിയതായി സിർസ പൊലീസ് സൂപ്രണ്ടന്റ് അശ്വിൻ ശെൻവി പറഞ്ഞു.

കോടതിയുടെ പ്രത്യേക നിർദ്ദേശാനുസരണം പൊലീസ് സംഘം സിർസയിലെ ദേരാ സച്ചാ ആശ്രമത്തിൽ തെരച്ചിലിന് എത്തും മുമ്പ് തന്നെ ഇവിടുത്തെ കംപ്യൂട്ടറുകളിൽ നിന്ന് സുപ്രധാനമായ പല രേഖകളും മായ്‌ച്ച് കളഞ്ഞതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവിടുത്തെ കംപ്യൂട്ടറുകളിലെ ഹാർഡ് ഡിസ്‌ക്കുകൾ ഊരി മാറ്റുകയോ അല്ലെങ്കിൽ ഇവയിൽ കൃത്രിമത്വം നടത്തിയോ ആകാം ഇത് ചെയ്‌തതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. ഇതിന് പിന്നിൽ പ്രവർത്തിച്ചത് വിനീത് ആണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഇയാളെ വിളിച്ച് വരുത്തി അറസ്‌റ്റ് ചെയ്‌തത്.

ഇത് കൂടാതെ ഗുർമീതിന്റെ ഡ്രൈവർ ഹർമേൽ സിംഗിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇയാൾ ഓടിച്ചിരുന്ന ലെ‌ക്‌സസ് എസ്.യു.വി കാർ ഗുർമീതിന് ശിക്ഷ വിധിച്ച ദിവസം കത്തി നശിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് വാഹനം കത്തിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ദേരാ സച്ചയുടെ അംഗമായ മറ്റൊരാളെ 14 ലക്ഷം രൂപയുമായി അംബാലയിൽ നിന്നും പിടികൂടിയതായും പൊലീസ് കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ