''അസംഖ്യം നക്ഷത്രങ്ങളിലൊന്നാണ് നിന്റെ പപ്പ'', ജവാന്റെ വിധവയുടെ ഹൃദയഭേദകമായ കുറിപ്പ്
September 13, 2017, 8:09 pm
സ്വന്തം ജീവനേക്കാളും തന്റെ രാജ്യത്തെ സ്നേഹിക്കുന്ന വീരജവാൻമാർ തന്റെ ജീവിതത്തെയോ തന്നെ തേടിയെത്തുന്ന മരണത്തെയോ ഒാർക്കാറില്ല. തനിക്ക് ചുറ്റും ജീവിക്കുന്നവരെ പോലും മരണത്തിന് മുമ്പിൽ അവർക്ക് മറക്കേണ്ടി വരുന്നു. അവരുടെ മരണങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. എന്നാൽ ഭൂമിയിൽ നിന്ന് ഇല്ലാതാകുമ്പോഴും അവർ ജീവിക്കുന്നു. പ്രിയപ്പെട്ടവരുടെ ഓർമകളിലൂടെ.

രാജ്യത്തിനായി ജീവൻ ഹോമിച്ച മേജർ അക്ഷയ് ഗിരീഷ് ഇന്നും ജീവിച്ചിരിക്കുന്നു. ഭാര്യ സംഗീതയുടെ ഒാർമകളിലൂടെ. ഭർത്താവിനൊപ്പമുള്ള ഓർമകളെക്കുറിച്ചെഴുതി സംഗീത മേജറിനെ രാജ്യത്തിന്റെ മനസിൽ പ്രതിഷ്ഠിക്കുകയാണ്. സ്നേഹത്തിന്റെ കെടാത്ത നാളമായി, ധീരതയുടെ ജ്വലിക്കുന്ന നക്ഷത്രമായി, രാജ്യസ്വാതന്ത്ര്യത്തിന്റെ നെടുംതൂണായി. ഏവരുടെയും കണ്ണ് നനയിപ്പിക്കുന്നതാണ് മേജറായിരുന്ന ഭർത്താവിനും മൂന്നുവയസ്സുകാരി മകൾ നൈനയ്‌ക്കുമൊപ്പം ജീവിച്ച ആ നല്ല നാളുകളെ കുറിച്ച് സംഗീത എഴുതിയ കുറിപ്പ്.

കുറിപ്പ് വായിക്കാം..

2009ൽ അദ്ദേഹം ഉദ്ദേശിച്ച രീതിയിൽ വിവാഹഭ്യാർത്ഥന നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. ഒരു സുഹൃത്തിനൊപ്പം ഞാൻ അദ്ദേഹത്തെ സന്ദർശിക്കാൻ ഷിംലയിലേക്ക് പോയി. എന്നാൽ അവിടെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾക്ക് വേണ്ടി അദ്ദേഹം ബുക്ക് ചെയ്‌ത റസ്റ്റോറന്റ് നേരത്തെ അടച്ചു. എന്നെ അണിയിക്കാൻ കരുതി വച്ച മോതിരം എടുക്കാനും അദ്ദേഹം മറന്നിരുന്നു. പിന്നെ പോക്കറ്റിലുണ്ടായിരുന്ന പെൻഡ്രെെവ് എടുത്ത് മുട്ടുകാലിൽ നിന്ന് വിവാഹഭ്യത്ഥന നടത്തി. 2011ൽ ഞങ്ങളുടെ വിവാഹം കഴിയുകയും ഞങ്ങൾ പൂനെയിലേക്ക് താമസം മാറുകയും ചെയ്‌തു. രണ്ട് വർഷത്തിന് ശേഷം നെെന ജനിച്ചു.

ജോലിയുമായി ബന്ധപ്പെട്ട് വിദൂരസ്ഥലങ്ങളിലേക്ക് അദ്ദേഹത്തിന് പോകേണ്ടി വന്നിരുന്നു. 2016 നവംബർ 29. രാവിലെ 5.30 ന് വെടിയൊച്ചകൾ കേട്ട് ഞങ്ങൾ ഉണർന്നു. പരിശീലനത്തിന്റെ ഭാഗമായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത്. പ്രത്യേക അറിയിപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഗ്രനേഡുകൾ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ടു. അഞ്ചേമുക്കാലായപ്പോൾ ഒരു ജൂനിയർ ഓഫീസർ അദ്ദേഹത്തെ കാണാൻ വന്നു. ഭീകരൻമാർ സൈനിക ക്യാംപ് വളഞ്ഞിരിക്കുന്നു. യൂണിഫോമിൽ ആക്രമണത്തിന് തയ്യാറാകാൻ നിർദേശം കിട്ടി. അവസാനമായി അദ്ദേഹം പറഞ്ഞതിത്രമാത്രം: നീ ഇതേക്കുറിച്ച് എഴുതണം.

പിന്നീട് ക്യാംപിലെ സ്ത്രീകൾക്കൊപ്പം കഴിഞ്ഞു. തുടർന്ന് കൊണ്ടിരിക്കുന്ന വെടിവയ്പ്പിനിടയിൽ പുറത്ത് നിന്നുള്ള വിവരങ്ങൾ വിവരങ്ങൾ കിട്ടാത്തതിൽ ആകാംക്ഷാഭരിതരായിരുന്നു. ഉൽകണ്ഠയുടെ മണിക്കൂറുകൾ. എന്തോ ദുരന്തം സംഭവിക്കുന്നതുപോലെ എനിക്കുതോന്നി. ബോധം എന്നെ വിട്ടുപോകുന്നതുപോലെ. 11.30 ന് ഞാൻ അദ്ദേഹത്തെ വിളിച്ചു. മേജർ അക്ഷയ് മറ്റൊരു സ്ഥലത്തേക്ക് പോയി എന്ന് ഫോൺ എടുത്തയാൾ പറഞ്ഞു. പേടിച്ച ദുരന്തം ഒടുവിൽ സംഭവിച്ചു.

യുദ്ധത്തിനിടെ മേജർ അക്ഷയ് ഗിരീഷിനു ജീവൻ ബലി കഴിക്കേണ്ടിവന്നുവെന്ന് വൈകിട്ടോടെ അറിയിപ്പ് കിട്ടി. എന്റെ ലോകം തകർന്നു. ആർക്കും എന്നെ ആശ്വസിപ്പിക്കാൻ പറ്റിയില്ല. എന്റെയടുത്ത് നിന്നു പോയതിനുശേഷം അദ്ദേഹത്തിന് ഒരു സന്ദേശം അയക്കാൻ പോലും എനിക്കു കഴിഞ്ഞില്ലല്ലോ. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് അവസാനമായി പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ‍ഞാൻ മോഹിച്ചു. പക്ഷേ, കാര്യങ്ങൾ ഇങ്ങനെയായിത്തീരുമെന്ന് അപ്പോൾ അറിഞ്ഞില്ലല്ലോ. ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ നിർത്താതെ കരഞ്ഞു. ആത്മാവ് നുറുങ്ങിപ്പോകുന്നതുപോലെ എനിക്കു തോന്നി

ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ കഴിഞ്ഞെങ്കിലും മൂന്നു സൈനിക ഉദ്യോഗസ്ഥർക്ക് അന്ന് ജീവൻ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സൈനികവേഷം ഇതുവരെ കഴുകിയിട്ടില്ല. നഷ്ടബോധം വല്ലാതെ കൂടുമ്പോൾ ഞാൻ ആ വേഷം അണിയും. ഇപ്പോഴും ആ വേഷത്തിൽ അദ്ദേഹത്തിന്റെ മണമുണ്ട്. നൈനയോട് അച്ഛൻ എവിടെപ്പോയി എന്ന് വിശദീകരിക്കാൻ ആവുന്നില്ല. ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളിലൊന്നാണു നിന്റെ പപ്പ എന്നു പറഞ്ഞു ഞാൻ മുകളിലേക്കു കൈ ചൂണ്ടും...
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ