മധുരമന്ദഹാസം
September 17, 2017, 10:30 am
മലയാളത്തിന്റെ പുണ്യം, നടൻ മധു സെപ്തംബർ 23 ന് ശതാഭിഷിക്തനാകുന്നു. അദ്ദേഹത്തിന്റെ നായികമാർക്ക് പറയാനുള്ള പ്രിയ ഓർമ്മകൾ

സൗഹൃദത്തിന്റെ പൂമരം
ഷീല
അന്നും ഇന്നും നല്ലൊരു സുഹൃത്താണ് മധു. ഞങ്ങൾ ഒരുമിച്ചാൽ എപ്പോഴും സംസാരം, സംസാരം തന്നെ. അങ്ങേര് ഒരു കഥ പറയും, ഞാൻ മറ്റൊരു കഥ പറയും. ആണും പെണ്ണും സംസാരിച്ചാൽ പ്രേമമാണെന്ന് പറയുന്ന പഴയ കാലം മുതലേ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അദ്ദേഹം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, ആദ്യമായി പ്രണയരംഗത്തിൽ അഭിനയിക്കുമ്പോൾ ഞാനായിരുന്നു അദ്ദേഹത്തിന്റെ ഗുരു എന്ന്. അതു കേട്ടപ്പോഴാണ് ഞാൻ കുറേ കാര്യങ്ങൾ ഓർത്തത്. ഞങ്ങൾ ഒന്നിച്ചഭിനയിച്ച ആദ്യത്തെ ചിത്രം. കോളേജ് ലക്ചറർ ഒക്കെയല്ലേ ഇങ്ങേര്, ഇങ്ങനെ വന്നു മുന്നിൽ നിൽക്കുകയാണ്. പ്രണയരംഗമാണ് ചെയ്യേണ്ടത്. കുറച്ച് സോ്ര്രഫായി നിൽക്കുമോ എന്നൊക്കെ പറഞ്ഞത് ഞാനായിരുന്നു. അഭിനേതാക്കൾ തമ്മിൽ വലിയ അടുപ്പമുള്ള കാലമായിരുന്നു അത്. ഒരു സിനിമയിൽ അവസരം വരുമ്പോൾ മധു സാറും കൂടെയുണ്ടെന്ന് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്. കാരണം അദ്ദേഹമുണ്ടെങ്കിൽ ബോറടിക്കില്ല, കാണുമ്പോൾ ഗൗരവക്കാരനാണെന്നു തോന്നുമെങ്കിലും നന്നായി തമാശ പറയും. ഓരോ ലൊക്കേഷനും അന്നൊക്കെ ആഘോഷമായിരുന്നു. എനിക്കാണെങ്കിൽ എന്തെങ്കിലും ചെറിയ തമാശ കേട്ടാൽ മതി, ചിരിയടക്കാൻ കഴിയില്ല. അദ്ദേഹം തമാശ പറയുന്നതിലും ഒരു രസമുണ്ടായിരുന്നു. വളരെ സീരിയസായിട്ടാണ് പറയുക, കേൾക്കുന്നവർ ആരായാലും ചിരിച്ചു ചിരിച്ചു ഒടുവിൽ കണ്ണു നിറയും. അന്നൊക്കെ ഉത്സവത്തിമിർപ്പിലായിരിക്കും ഓരോ സിനിമാസെറ്റും. കാലമിത്ര കഴിഞ്ഞിട്ടും ചിരിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ല. അതൊരു വലിയ കാര്യമാണ്. ഏതെങ്കിലും പൊതുചടങ്ങുകളിൽ ഞങ്ങൾ രണ്ടാളും പങ്കെടുക്കുമ്പോഴായിരിക്കും തമാശ പുറത്തെടുക്കുന്നത്. വേദിയിൽ ചിലപ്പോൾ മന്ത്രിമാരൊക്കെ കാണും. സദസിലുള്ളവർ ശ്രദ്ധിക്കാതെ ചിരിയടക്കാൻ ഞാൻ പാടുപെട്ടിട്ടുണ്ട്. കണ്ണൊക്കെ നിറഞ്ഞു വരുമെങ്കിലും ഒരുവിധം ഞാൻ മറ്റുള്ളവർ കാണാതെ അഡ്ജസ്റ്റ് ചെയ്യും. അദ്ദേഹത്തെ എപ്പോഴും വ്യത്യസ്തനാക്കുന്നത് ഈചിരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നന്നായി വായിക്കുന്ന, തറവാടിയായ ഒരാളാണ് അദ്ദേഹം. ഏതുവിഷയത്തിലും കൃത്യമായ അഭിപ്രായം പറയും, എന്നാൽ അത്രയും അറിവുണ്ടെന്ന് ഒരിക്കലും ഭാവിച്ചിട്ടില്ല. മലയാള സിനിമയുടെ ഗോഡ്ഫാദർ എന്നൊക്കെ അദ്ദേഹത്തെ പറയാം. ഹിന്ദിയിൽ അമിതാഭ് ബച്ചൻ എന്നൊക്കെ പറയില്ലേ, ഒരു പക്ഷേ. അതിനേക്കാൾ ഉയരെയാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഒരു സമയത്ത് നല്ല വണ്ണമുണ്ടായിരുന്നു സാറിന്. അന്ന് ഞങ്ങൾ ഒരു സിനിമയിൽ അഭിനയിക്കുകയായിരുന്നു. ഞാനന്ന് ഒമ്പതുമാസം ഗർഭിണിയാണ്. ഒരു പാട്ടുസീൻ... കെട്ടിപ്പിടിച്ച് അഭിനയിക്കാനൊക്കെയുണ്ട്. എങ്ങനെ കെട്ടിപ്പിടിക്കാൻ... രണ്ടുപേർക്കും നല്ല വയറല്ലേ... പിന്നെ ഒരു വിധം സാരിത്തലപ്പുകൊണ്ടൊക്കെ എന്റെ വയർ മറച്ചുപിടിച്ച് അഡ്ജസ്റ്റ് ചെയ്തു. മുതുകിലൊക്കെ ചാരിയായിരുന്നു അന്ന് പ്രേമസീനുകൾ അഭിനയിച്ചത്. അന്ന് ഞങ്ങൾ ചിരിച്ചു ചിരിച്ച് ഒരു വിധമായെന്ന് പറഞ്ഞാൽ മതിയല്ലോ. ഡ്യൂയറ്റ് പാടി അഭിനയിച്ച നായിക ഏതായാലും ഒരാഴ്ചക്കുള്ളിൽ പ്രസവിച്ചു.

ഞാൻ കഥയെഴുതി, സംവിധാനം ചെയ്ത 'യക്ഷഗാനം' എന്ന മലയാള സിനിമയിലെ നായകനും മധുസാറായിരുന്നു. കോൾഷീറ്റ് ചോദിക്കുന്ന സമയം നല്ല തിരക്കിലായിരുന്നു അദ്ദേഹം. എന്നിട്ടും ഓക്കെ പറഞ്ഞു. കഥ കേൾക്കേണ്ടേ എന്നു തിരക്കിയപ്പോൾ അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞു. ആ ഒരു വിശ്വാസവും അടുപ്പവും അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ ഉണ്ട്. ആ പടത്തിൽ അഭിനയിക്കുമ്പോൾ ഒരു ഷോട്ട് പറഞ്ഞു കൊടുക്കേണ്ട ആവശ്യമോ, അങ്ങനെ ചെയ്താൽ നന്നാകും, ഇങ്ങനെ ചെയ്താൽ മതി എന്നു പറയേണ്ട കാര്യമോ വന്നിട്ടില്ല. പിന്നെ 'ചെമ്മീൻ' എന്ന ചിത്രമുണ്ടല്ലോ, മലയാളികൾ ഉള്ളിടത്തോളം കാലം ഓർമ്മിക്കാൻ. കറുത്തമ്മയും പരീക്കുട്ടിയും എന്നും അവരുടെ മനസിലുണ്ടാകുമല്ലോ. അതാണ് ഞങ്ങളെ സംബന്ധിച്ച് വലിയ ഭാഗ്യം!

ചിരിക്കാതെ ചിരിപ്പിക്കും
ശാരദ
മധു, അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ അന്നും എന്നും എനിക്ക് പറയാനുള്ളത് ഒരൊറ്റക്കാര്യമാണ്. അദ്ദേഹം ഒരിക്കലും പ്രായത്തെക്കുറിച്ച് ചിന്തിക്കാറില്ല, വളരെ ചെറുപ്പമാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും മനോഭാവവും. ഞങ്ങൾ ഒരു പാട് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സ്വയംവരം, തുലാഭാരം, ഏണിപ്പടികൾ, അർച്ചന... ഇതൊന്നും ഒരിക്കലും മനസിൽ നിന്നു മാഞ്ഞു പോകുന്ന ചിത്രങ്ങളല്ലല്ലോ... പുറത്തു കാണുമ്പോൾ വളരെ ഗൗരവക്കാരനാണ് അദ്ദേഹം. വളരെ അപൂർവമായി മാത്രമേ ചിരിക്കാറുള്ളൂ... എന്നാൽ സിനിമയ്ക്കകത്ത് അങ്ങനെ ഒരാളല്ല. അഭിനയിക്കുമ്പോൾ പോലും ആ സീനുമായി ബന്ധപ്പെട്ട് എന്തെങ്കിലും രസകരമായി സംസാരിക്കും. തമാശ പറയാൻ ഒരു പ്രത്യേക കഴിവാണ് അദ്ദേഹത്തിന്. അദ്ദേഹം അങ്ങനെ ചിരിക്കാറില്ല, എന്നാൽ മറ്റുള്ളവരെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്യും.
മധുസാറിന്റെ തമാശകൾ കേട്ട് ഞാനൊന്നും ചിരിച്ചതിന് കയ്യും കണക്കുമില്ല. എനിക്കും ഷീലയ്ക്കും കാലങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. ശ്രീകുമാരൻ തമ്പി സാറിന്റെ അമ്മയ്‌ക്കൊരു താരാട്ട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ രണ്ടുവർഷം മുമ്പ് വിളിച്ചപ്പോൾ എനിക്ക് ഏറെ സന്തോഷമായിരുന്നു. ഓർമ്മകളൊക്കെ തിരിച്ചു വരുന്നതു പോലെ. ഷീലയും ഈയടുത്ത് 'ബാല്യകാല സഖി 'എന്ന ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചല്ലോ. കാലം ഒരു വലിയ അദ്ഭുതമല്ലേ സത്യത്തിൽ. അതു കുറേ ദൂരം മുന്നോട്ടേക്ക് ഒഴുകി വീണ്ടും തിരിച്ചൊഴുകുന്നതു പോലെയാണ് എനിക്ക് തോന്നിയത്. ഒരു പുനർജ്ജന്മം. സിനിമയിൽ എല്ലാം മാറിപ്പോയി, എങ്കിലും ശ്രീകുമാരൻ തമ്പി സാറിനെയും മധു സാറിനെയുമൊക്കെ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. എല്ലാവരോടും നന്നായി പെരുമാറും. അങ്ങനെയുള്ള ആൾക്കാരെ അപൂർവമായി മാത്രമേ കാണാറുള്ളൂ.

വളരെ പോസിറ്റീവായ വ്യക്തിയാണ് അദ്ദേഹം. എപ്പോഴും ഉത്സാഹത്തോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. അന്നും ഇന്നും അതിനൊരു മാറ്റവും വന്നിട്ടില്ല. വ്യക്തിപരമായി നോക്കുകയാണെങ്കിലും നല്ല സ്വഭാവമാണ്. ഞാൻ പ്രൊഡ്യൂസ് ചെയ്ത സിനിമയിൽ അദ്ദേഹമായിരുന്നു നായകൻ. അങ്ങനെ ഒരു ബന്ധവും ഞങ്ങൾക്കിടയിലുണ്ട്. ഇന്ന് ഞങ്ങളോടൊപ്പമുള്ള ഏറ്റവും തലമുതിർന്ന വ്യക്തിയാണ് അദ്ദേഹം. ആ ഒരു സ്‌നേഹവും ബഹുമാനവും എന്നെന്നും മനസിലുണ്ട്. അദ്ദേഹത്തിന് എന്നെന്നും ആയുരാരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ.

മണ്ണിൽ കാൽ തൊട്ട മനുഷ്യൻ
വിധു ബാല
മധു സാറിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് 'മനുഷ്യപുത്രൻ' എന്ന സിനിമയ്ക്കിടയിലാണ്. ഞാൻ തമിഴ്നാട്ടിൽ പ്രീ യൂണിവേഴ്സിറ്റി കോഴ്സിന് പഠിക്കുന്ന സമയമാണ്.. പുറക്കാട് കടപ്പുറത്ത് വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അവിടെ വച്ചാണ് ഞാൻ ആദ്യമായി കാണുന്നതും. അന്നദ്ദേഹം 'ചെമ്മീൻ' ഒക്കെ കഴിഞ്ഞു ജ്വലിച്ച് നിൽക്കുന്ന സമയമാണ്. ആദ്യ ദിവസം തന്നെ മനസിലായി ഡൗൺ ടു എർത്ത് ആണെന്ന്. അദ്ദേഹം ഉള്ള സെറ്റിൽ നമുക്ക് സമയം പോണത് അറിയില്ല. അത്രത്തോളം നർമ്മബോധമുള്ള വ്യക്തിയാണ്. എന്തിനെയും തമാശരൂപത്തിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിനൊരു പ്രത്യേക കഴിവുണ്ട്. സീരിയസായിട്ടുള്ള സീനുകൾ വരുമ്പോഴാണ് അദ്ദേഹത്തിന്റെ നർമ്മബോധം കൂടുതൽ പുറത്തേക്ക് വരിക. ആ സീനിനെ കളിയാക്കി കളിയാക്കി അവസാനം അത് കോമഡി സീൻ ആകുമോയെന്ന് വരെ സെറ്റിലുള്ളവർ പേടിക്കും.

ഉയരക്കൂടുതൽ ഉള്ളതുകൊണ്ടാകാം ഞാനും അദ്ദേഹവും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനിയിച്ചിട്ടുണ്ട്, പേരുകൾ തമ്മിലും ഒരു സാമ്യമുണ്ടായിരുന്നു, മധു, വിധു. 'മനുഷ്യപുത്ര'നിൽ ഞാൻ അനിയത്തിയായിട്ടാണ് അഭിനയിച്ചത്. 'ഭൂമി ദേവി പുഷ്പിണിയായി'യിലാണ് നായികാനായകന്മാരായി ഞങ്ങൾ ഒന്നിക്കുന്നത്. അച്ഛനും മധുസാരും തമ്മിൽ പരിചയമുള്ളതുകൊണ്ടും പ്രായ വ്യത്യാസം കൊണ്ടും എന്നെ എപ്പോഴും കുട്ടിയായിട്ടാണ് അദ്ദേഹം കാണുന്നത്. 'ഭൂമി ദേവി പുഷ്പിണിയായി'യിൽ ഒരു പാട്ടുണ്ട്. '' പാതിരാ തണുപ്പ് വീണു...'' എന്ന പാട്ട്. ഞങ്ങൾ തമ്മിലുള്ള പ്രണയ സീനാണ്.

മടിയിൽ കിടന്ന് ഒരു വരി പാടുന്നതിന്റെ റിഹേഴ്സൽ എടുക്കുമ്പോൾ അദ്ദേഹം 'വാവാവോ വാവാവോ..' എന്ന് പാടിക്കൊണ്ടിരിക്കും. അദ്ദേഹം അതിനെ താരാട്ടു സീനാക്കി കളിയാക്കും. യഥാർത്ഥത്തിൽ നല്ലൊരു പ്രണയരംഗമാണ്. നമ്മൾ ഇതുകാണുമ്പോഴേക്കും ചിരിച്ചു ചിരിച്ചു തീരും. പക്ഷേ, മധു സാർ കാമറ ആക്ഷൻ പറയുമ്പോഴേക്കും പെട്ടെന്ന് കാമുകനാകും. മധുസാറിന്റെ വ്യക്തിത്വം അദ്ദേഹത്തിന്റെ നർമ്മബോധം തന്നെയാണ്, ഇപ്പോഴും ഒരു വേദിയിൽ വച്ച് കണ്ടാൽ എന്തെങ്കിലും ഒരു പഴയ കോമഡി പറയാതിരിക്കില്ല. പഴയ അതേ സ്‌നേഹത്തോടെയൊണ് ഇന്നും സംസാരിക്കുന്നത്. അതുപോലെ നല്ല കെയറിംഗാണ്. നമ്മൾ അറിയാതെ തന്നെ നമുക്ക് വേണ്ടതെല്ലാം ചെയ്ത് തരാൻ അദ്ദേഹത്തിന് കഴിയും. ഔട്ട്‌ഡോർ കാര്യങ്ങളെല്ലാം അദ്ദേഹം എല്ലാം നിരീക്ഷിക്കും. നമ്മുടെ സുരക്ഷിതത്വം നന്നായി ശ്രദ്ധിക്കുന്ന ഒരാളാണ്. എന്തെങ്കിലും കുറവ് ലൊക്കേഷനിൽ ഉണ്ടെന്ന് തോന്നിയാൽ നേരിട്ട് പറയുകയൊന്നും ഇല്ല. നമ്മളറിയാതെ തന്നെ അതെല്ലാം ക്ലിയർ ചെയ്യാൻ അദ്ദേഹത്തിനൊരു കഴിവുണ്ട്.

മധുസാറിന്റെ ഭാര്യയെ ഞാൻ കണ്ടിട്ടില്ല. അതിന്നും ഒരു വിഷമമായി മനസിലുണ്ട്. മകളെ ഒരു തവണ കണ്ടിട്ടുണ്ട്. സാറിന് കുടുംബമാണ് ജീവൻ. സാധാരണരീതിക്ക് ഒരു നായികയ്ക്ക് ഡയറക്ടറോട് അഭിപ്രായം കയറി പറയാനൊന്നും കഴിയില്ല. പക്ഷേ, മധു സാർ തന്റെ സിനിമകളിലൊക്കെ ആ പതിവ് തെറ്റിച്ചു. ആർക്കും എന്തും പറയാം. നമ്മളെ മനസിലാക്കാനുള്ള ഒരു മനസ് സാറിനുണ്ടായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.