ലിച്ചിയും മേരിയും പിന്നെ ഞാനും
September 17, 2017, 8:28 am
അഞ്ജലി വിമൽ
ലിച്ചിയിൽ നിന്ന് മേരി മിസ്സിലേക്കുള്ള ദൂരം.. അത് സ്വപ്നത്തേക്കാൾ വലുതായിരുന്നുവെന്നാണ് അന്ന രാജൻ പറയുന്നത്. ആദ്യം ചിത്രം ഹിറ്റാവുക.. രണ്ടാമത്തെ ചിത്രത്തിൽ ലാലേട്ടനൊപ്പം നായികയായി അഭിനയിക്കുക. മലയാളികളുടെ പ്രിയ ലിച്ചി ആകെ ത്രില്ലിലാണ്. 'വെളിപാടിന്റെ പുസ്തകം' തീയേറ്ററിൽ മികച്ച വിജയം നേടിയതോടെ അന്ന രാജന് പിന്നെയും അഭിനന്ദന പ്രവാഹമാണ്.

'' ചിത്രം റീലീസ് ചെയ്യുന്ന സമയത്ത് ഞാൻ ആകെ എക്‌സൈറ്റഡായിരുന്നു. ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിലായിട്ടാണ് അഭിനയിച്ചത്. ഫലത്തിൽ രണ്ട് സിനിമ ചെയ്തതുപോലെ തോന്നി. പിന്നെ ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്നോ സ്വപ്നതുല്യമെന്നോ എങ്ങനെയാ പറയേണ്ടതെന്ന് എനിക്കറിയില്ല. ''

ഒടുവിൽ കർത്താവ് മിന്നിച്ചു
സിനിമ എനിക്ക് സ്വപ്നമായിരുന്നു. കുട്ടിക്കാലത്ത് ഓരോ സിനിമയും കണ്ടുകഴിഞ്ഞാൽ പിന്നെ കണ്ണാടിക്കു മുന്നിൽ പോയി നിന്ന് നായികയെ പുനരവതിരിപ്പിക്കലുണ്ടാകും. അച്ഛന്റെ പ്രോത്സാഹനം കൂടി കിട്ടി തുടങ്ങിയതോടെ അഭിനയത്തോടുള്ള ഇഷ്ടം കൂടി കൂടി വന്നു. വളരുമ്പോൾ സിനിമാനടിയാവുക അതായിരുന്നു മുന്നിലുള്ള ലക്ഷ്യം. പിന്നീട്, നഴ്സിംഗ് പഠിക്കാനായി പോയതോടെ എല്ലാ മോഹങ്ങളും പൂട്ടി പെട്ടിയിലാക്കേണ്ടി വന്നു. സ്വപ്നത്തിൽ നിന്ന് നേരെ റിയാലിറ്റിയിലേക്കുള്ള ഒരു പറിച്ചു നടൽ. മരുന്ന്, രോഗികൾ, ആശുപത്രി... ഇതിനിടയിൽ സിനിമാമോഹവും മറന്നു. വിദേശത്ത് പോയി അവിടത്തെ മികച്ച ഒരു ഹോസ്പിറ്റലിൽ നഴ്സാവുക എന്നതായി അടുത്ത സ്വപ്നം. രണ്ട് മാസത്തിനുള്ളിൽ വിദേശത്തേക്ക് പോകാമെന്ന അവസ്ഥ എത്തിയപ്പോഴാണ് ജീവിതം തന്നെ മാറ്റിയെഴുതിയ ഫ്രൈഡേ ഫിലിംസിൽ നിന്ന് ആ ഫോൺ കോൾ എത്തുന്നത്. അതോടെ, പെട്ടിയിലായ സ്വപ്നം പിന്നെയും ചിറക് വിടർത്തി. വീണ്ടും എന്റെ മനസിലേക്ക് സിനിമ എത്തി.

എന്നെ സിനിമയിലെത്തിച്ചത് ലിജോ ജോസ് പെല്ലിശേരിയാണ്. ഇതുവരെ ആരും കാട്ടാത്ത ധൈര്യമായിരുന്നു അദ്ദേഹം കാട്ടിയത്. അഭിനയത്തിൽ മുൻപരിചയങ്ങളൊന്നുമില്ലാത്ത കുറേ താരങ്ങളെ ഒന്നിപ്പിച്ച് ഒരു സിനിമ. 86 പുതുമുഖ താരങ്ങളാണ് ഞങ്ങൾ, അതൊരു വലിയ അനുഗ്രഹമായിരുന്നു. ആദ്യ ചിത്രത്തിൽ വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കുക എന്നൊക്കെ പറഞ്ഞാൽ അത് ഇതിനേക്കാൾ വലിയ ടെൻഷൻ ആകും. ഇത് ഞാനും പുതിയത്, നായകനും പുതിയത്, വില്ലനും പുതിയത്, ഓരോരുത്തരും പുതിയത്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് സിനിമയുടെ സെറ്റ് വളരെ കംഫർട്ടബിൾ ആയിരുന്നു. ആദ്യ ആഴ്ച തന്നെ എല്ലാവരും തമ്മിൽ പെട്ടെന്ന് അടുത്തു. അത് അഭിനയത്തെയും സഹായിച്ചു. സിനിമയിലെ കാരക്ടറിന്റെ പേരിലാണ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഇപ്പോഴും വിളിക്കുന്നത്.ഞാൻ ഒരു നഴ്സായിരുന്നെങ്കിലും സിനിമയിൽ നഴ്സിന്റെ

വേഷമൊന്നും ഉണ്ടായിരുന്നില്ല. ആകെ വഴക്കു പറയുന്ന സീൻ മാത്രേ ഉണ്ടായിരുന്നോളൂ. എന്റെ ആദ്യത്തെ ഷോട്ട് ഞാനും പെപ്പയും പള്ളിയിൽ ഇരുന്ന് പ്രാർത്ഥിക്കുന്നതാണ്. ഞങ്ങളോട് പ്രാർത്ഥിക്കാൻ പറഞ്ഞു. ഞങ്ങൾ രണ്ടാളും കൂടി കണ്ണടിച്ചിരുന്നു ഉറക്കെ പ്രാർത്ഥിച്ചു, കർത്താവേ.. ആദ്യ ഷോട്ട് ആണേ... മിന്നിച്ചേക്കണേ. പ്രാർത്ഥിച്ച് കണ്ണു തുറക്കാൻ പറഞ്ഞപ്പോൾ ഷോട്ട് ഓക്കെ പറഞ്ഞു. അന്നേരം ഞങ്ങൾക്ക് രണ്ടാൾക്കും തോന്നി സംഭവം കൊള്ളാലോ .. ഇത്രേ ഉള്ളോ അഭിനയമെന്നൊക്കെ. പക്ഷേ, ഡയലോഗ് പറയാൻ തുടങ്ങിയപ്പോഴേക്കും സീൻ ആകെ മാറി. ആളുകളൊക്കെ കൂടിയപ്പോൾ ടെൻഷനും തുടങ്ങി. പഴയ സ്വപ്നം തേടിയെത്തിയതുകൊണ്ട് പേടിച്ച് ഓടാൻ പറ്റില്ലല്ലോ.

നഴ്സിംഗിൽ നിന്ന് നേരെ സിനിമയിലേക്ക്
രാജഗിരി ഹോസ്പിറ്റൽ എമർജൻസി വിഭാഗത്തിൽ നഴ്സായിരുന്നു ഞാൻ. ഹോസ്പിറ്റലിന്റെ പബ്ലിസിറ്റിയുടെ ഭാഗമായി അവിടെ ചെയ്ത ഒന്നു രണ്ട് പരിപാടികളിൽ അവതാരകയാകുകയും ഹോസ്പിറ്റലിന്റെ ഒരു കോർപ്പറേറ്റ് വീഡിയോയിൽ അഭിനയിക്കുകയും ചെയ്തതിട്ടുണ്ട്. പിന്നീട് ഒരു പരസ്യബോർഡും ചെയ്തു. ശരിക്കും ആ ചിത്രമായിരുന്നു എന്നെ സിനിമയിലെത്തിച്ചത്. യാദൃശ്ചികമായി ആ ചിത്രം വിജയ് ബാബുസാർ കണ്ടിരുന്നു. അദ്ദേഹമാണ് എന്നെ കുറിച്ച് ലിജോ സാറിനോട് പറയുന്നത്. അവര് എന്നെ കുറേ അന്വേഷിച്ചു നടന്നു. പരസ്യകമ്പനിയിലും അന്വേഷിച്ചു. ഒടുവിൽ ഹോസ്പിറ്റലിൽ വന്നിട്ടാണ് എന്നോട് അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്. എന്താ റോളെന്ന് ചോദിച്ചപ്പോൾ നായികയാണെന്ന് പറഞ്ഞെങ്കിലും ഞാൻ അത്ര വിശ്വസിച്ചില്ല. ലൊക്കേഷനിൽ എത്തിയപ്പോൾ ശരിക്കും ഞെട്ടി.

അമ്മയ്ക്കും ചേട്ടനും ആദ്യം എതിർപ്പായിരുന്നു. വീടിനടുത്ത് ഞങ്ങൾ ബിനോപ്പൻ എന്നു വിളിക്കുന്ന ഒരു അങ്കിളുണ്ട്. അദ്ദേഹത്തോടു കാര്യം പറഞ്ഞു. പുള്ളിക്കാരനാണ് അമ്മയോട് പറയുന്നത് അവൾക്ക് താത്പര്യമുണ്ടേൽ ഒരവസരം കൊടുക്കാൻ. അങ്ങനെ അമ്മയും ബിനോപ്പനുമാണ് കൂടെ വന്നത്. പിന്നെ സെറ്റിൽ വന്നുകണ്ട് സേഫാണ് എന്നു ബോധ്യപ്പെട്ടതോടെ വീട്ടുകാർക്ക് ധൈര്യമായി. ഒടുവിൽ ഹോസ്പിറ്രലിൽ നിന്ന് ലീവ് കിട്ടാനായിരുന്നു ബുദ്ധിമുട്ട്. നഴ്സിംഗ് സൂപ്രണ്ടിനോട് ലീവ് ചോദിച്ചപ്പോൾ വേണേൽ ഒരാഴ്ച ലീവെടുക്കാൻ പറഞ്ഞു. അങ്ങനെ ഒരാഴ്ച ലീവെടുത്തു. പിന്നീട് ചെന്നപ്പോൾ പറഞ്ഞു പോയി അച്ചനോട് സംസാരിക്കാൻ. അങ്ങനെ അച്ചൻ പറഞ്ഞു നന്നായി, നല്ല അവസരമല്ലേ കിട്ടിയിരിക്കുന്നതെന്ന്. ലീവ് പറഞ്ഞിട്ട് പൊയ്‌ക്കോളാൻ പറഞ്ഞു. അഭിനയിച്ചിട്ട് വന്നപ്പോഴേക്കും സ്ഥിതി ആകെ മാറി. നഴ്സിംഗ് സൂപ്രണ്ട് എന്നെ വേറെ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റി. പിന്നെ ഞാൻ പരാതി പറയാനോ ഒന്നും പോയില്ല. ഡിപ്പാർട്ട്‌മെന്റ് മാറിയപ്പോൾ ആകെ വിഷമമായി. ജോലി രാജി വയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അച്ചൻ പറഞ്ഞു വേറെ പോസ്റ്റ് തരാമെന്ന്. പ്രൊബേഷൻ എക്സിക്യൂട്ടിവ് എന്ന പോസ്റ്റിൽ ഒന്നരമാസം ജോലി ചെയ്തു. പിന്നെ ജോലി വേണ്ടെന്ന് വച്ചു. ഞാൻ ഇതുവരെ എത്തിയത് എന്റെ സ്വന്തം തീരുമാനങ്ങളിലൂടെയാണ്. കൺഫ്യൂഷൻ വരുമ്പോൾ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കും. അവരെന്ത് പറഞ്ഞാലും മനസിൽ ഞാൻ തീരുമാനിച്ചതായിരിക്കും ഒടുവിൽ ഞാൻ തിരഞ്ഞെടുക്കുക.

ലിച്ചിയ്ക്കും മേരിയ്ക്കും ശേഷം ഇനി ആര്?
വെള്ളമടിച്ച് പൂസായി നട്ടപ്പാതിരയ്ക്ക് പെപ്പയോട് പ്രണയം പറയുന്ന ലിച്ചി. ഇന്നും എല്ലാവരും ഇഷ്ടപ്പെട്ട രംഗം എന്നു പറയുന്നത് അതാണ്. അതിന് പിന്നിൽ കുറേ കഷ്ടപ്പാടുണ്ടായിരുന്നു. അത്രയും കഷ്ടപ്പെട്ടതുകൊണ്ടാകാം ഇപ്പോഴത് തന്നെ സന്തോഷിപ്പിക്കുന്നതും. മദ്യപിച്ചു പള്ളിയുടെ മുന്നിലൂടെ നടന്നു വരുന്ന രംഗം. ലിജോ സാർ പറഞ്ഞിരുന്നു വെള്ളമടിച്ചിട്ട് നടക്കുകയാണെന്ന് ഓർത്ത് അഭിനയിക്കാൻ. സ്‌ക്രിപ്ടിൽ ഇല്ലാത്ത കാര്യങ്ങളാണ് അതൊക്കെ. ഒരുപാട് കഷ്ടപ്പെട്ടാണ് ആ രംഗം ചിത്രീകരിച്ചത്. ആറു മിനിട്ടോളം ദൈർഘ്യമുള്ള ഒറ്റ ഷോട്ടായിരുന്നു അത്. രാത്രി ഒൻപതു മണിക്കു തുടങ്ങിയ ഷോട്ടാണെങ്കിലും തീർന്നപ്പോ രണ്ടു മണിയോളമായി. ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്കു ഓട്ടോയോ കാറോ ഒക്കെ ഫ്രെയിമിൽ കേറി വരും. അതിൽ ഇരിക്കുന്ന ആളുകൾ തിരിഞ്ഞു നോക്കും. വീണ്ടും വീണ്ടും അത് ഷൂട്ട് ചെയ്യേണ്ടി വന്നു. ആ നടത്തം ഇഷ്ടമായെന്ന് ഒത്തിരി പേർ പറഞ്ഞിരുന്നു. അത് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നും. കഷ്ടപ്പെട്ടതിനൊക്കെ ഫലമുണ്ടായല്ലോ. പിന്നെ, ലിജോ ചേട്ടൻ ഞങ്ങളോട് എല്ലാവരോടും ആദ്യമേ പറഞ്ഞ കാര്യം ഓർക്കും. നിങ്ങളാരും അഭിനയിക്കരുതെന്ന്. മൂന്നുദിവസം പിടിച്ചിരുത്തി നമ്മുടെ കഥാപാത്രത്തെക്കുറിച്ചൊക്കെ പറയാൻ പറഞ്ഞു. അതിനിടയിൽ ഞങ്ങൾ എല്ലാരും നല്ല കൂട്ടായി. ഫാമിലി പോലെയായി. ആ അടുപ്പം കൊണ്ടുകൂടിയായിരിക്കും ഞങ്ങൾക്ക് എല്ലാവർക്കും നാച്യുറലായി അഭിനയിക്കാൻ പറ്റിയത്. ഞങ്ങൾക്ക് എല്ലാവർക്കും നല്ല ക്ലാസ് കിട്ടിയത് കൂടിയാണ് ഈ പടത്തിന്റെ വിജയം. പിന്നെ, ലിച്ചിയും രേഷ്മയും ഒന്നു തന്നെയാണ്.

കള്ളുകുടിയൊഴിവാക്കിയാൽ ബാക്കിയൊക്കെ രേഷ്മ തന്നെയാണ്. പ്രണയവും പ്രൊപ്പോസൽസും ബ്രേക്കപ്പും ഒക്കെ ഉണ്ടായിട്ടുണ്ട്. അതില്ലെങ്കിൽ പിന്നെ ജീവിതമില്ലല്ലോ. എന്റെ ചിരിയും എന്റെ സംസാരവും ഒക്കെ ഇങ്ങനെ തന്നെ. ആ പൊട്ടിച്ചിരിയൊക്കെ എനിക്കും ഉണ്ട്. അതിലൊന്നും ഒരു അഭിനയവും കൊണ്ടു വരേണ്ടി വന്നിട്ടില്ല. പക്ഷേ മേരി മിസ് അങ്ങനെയല്ല. എനിക്ക് ബന്ധമില്ലാത്ത ഒരു മേഖലയാണ്. കോളേജ് അധ്യാപികയുടെ റോൾ. ഇപ്പോൾ ലിച്ചിയെ പോലെ തന്നെ മേരി മിസും എനിക്ക് പ്രിയപ്പെട്ടതാണ്. ഇനി ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം കൂടിയുണ്ട്. ധ്യാൻശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ്. അതിനെ പറ്റി കൂടുതലൊന്നും ഇപ്പോൾ വെളിപ്പെടുത്താനാകില്ല. എന്തായാലും ആ വേഷങ്ങളും നല്ലതാകണേയെന്ന് പ്രാർത്ഥിക്കുന്നു.

ജീവിതത്തിലും ബോൾഡാണ്
അഭിനയമാണോ നഴ്സിംഗാണോ ഇഷ്ടമെന്ന് ചോദിച്ചാൽ അത് അഭിനയമാണ്. കുറച്ചു കാലം നാട്ടിൽ ജോലി ചെയ്ത ശേഷം വിദേശത്തു പോയി സെറ്റിൽ ചെയ്യാൻ ആഗ്രഹിച്ച എനിക്ക് ഇത്രയും വലിയ അവസരം കിട്ടിയത് തന്നെ വലിയ ഭാഗ്യമല്ലേ. എന്റെ കാര്യത്തിൽ ഞാൻ സിനിമയെ തേടി പോയതല്ല സിനിമ എന്നെ തേടി വന്നതാണ്. എല്ലാം തീർത്തും അപ്രതീക്ഷിതമായിട്ട് സംഭവിച്ച കാര്യങ്ങളാണ്. നഴ്സിംഗിനോട് ഇഷ്ടം തോന്നിയതു കൊണ്ടൊന്നുമായിരുന്നില്ല സത്യത്തിൽ അതിലേക്ക് തിരിഞ്ഞത്. വലിയ പണിയില്ലെന്ന് കരുതി പോയതാ. ഞാൻ കണ്ടിട്ടുള്ള കുറേ ഹോസ്പിറ്റലുകളിൽ നഴ്സുമാരൊക്കെ വെറുതേ നടക്കുകയാ. അങ്ങനെയാണ് എനിക്കും നഴ്സിംഗിനോട് താത്പര്യം തോന്നിയത്. പിന്നെ, പഠിച്ചിറങ്ങുന്നവരൊക്കെ പുറത്തേക്കും പോകുന്നു. അപ്പോ എനിക്കും തോന്നി ഈ കോഴ്സ് കുഴപ്പമില്ല എങ്കിൽ പിന്നെ ചെയ്യാം. വിദേശത്ത് പോകാലോ എന്ന് കരുതി കയറിയതാണ്. പക്ഷേ അതിനുള്ളിൽ കയറിയപ്പോ പണി കിട്ടി. ഞാൻ സെലക്ട് ചെയ്തതുകൊണ്ട് വീട്ടിൽ ഒന്നും പറയാനും പറ്റില്ലല്ലോ. പക്ഷേ, എനിക്ക് ആ പ്രൊഫഷനോട് ഒരിഷ്ടം ഉണ്ടായിരുന്നു. ലിച്ചിയെപ്പോലെ തന്നെ പുറത്തുപോയി പഠിക്കണമെന്നും സമ്പാദിക്കണമെന്നും ഒറ്റയ്ക്ക് ജീവിക്കണമെന്നും ആഗ്രഹമുള്ള ആളാണ് ഞാനും. അതിനേക്കാൾ വലിയ അവസരമാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്. പഴയതു പോലെ ഫ്രീ ടൈമൊന്നും ഇപ്പോൾ കിട്ടുന്നില്ല. അതേയുള്ളൂ ആകെ വിഷമം. ഒരുപാട് പേർ സിനിമ ആഗ്രഹിച്ച് നടക്കുന്നില്ലേ. അതിന് വേണ്ടി എത്രയോ പേർ കഷ്ടപ്പെടുന്നു. അതൊന്നുമില്ലാതെ എനിക്ക് ഒരു നടിയാകാൻ കഴിഞ്ഞു. അപ്പോൾ ആ പൊസിഷനെ ഞാൻ റെസ്‌പെക്ട് ചെയ്യണമല്ലോ. ആ ബോധം എപ്പോഴും മനസിലുണ്ടാകും. എന്തായാലും നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും. ലാലേട്ടന്റെ മാജിക്  ഇങ്ങനെ
എല്ലാരും ഇപ്പോഴെന്നോട് ചോദിക്കുന്നത് ലാലേട്ടനൊപ്പമുള്ള സിനിമ എങ്ങനെയുണ്ടായിരുന്നുവെന്നാണ്? ലാലേട്ടനൊപ്പം അഭിനയിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? പക്ഷേ, എനിക്കൊന്നും അങ്ങനെ ചിന്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ആകെ ഒരു സിനിമയല്ലേ ചെയ്തിട്ടുള്ളൂ. ഇനി ലാലേട്ടനൊപ്പം അഭിനയിക്കാനാണ് താത്പര്യമെന്ന് പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കും. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ആ അവസരം എന്നെ തേടിയെത്തി. പൊതുവേ എല്ലാരും പറയും ലാലേട്ടൻ വളരെ കൂളാണെന്ന്. പരിചയപ്പെട്ടപ്പോൾ എനിക്കും ബോധ്യമായി. വളരെ സിംപിൾ ആണ്. പുള്ളിക്ക് സിനിമയോടുള്ള പാഷൻ നമ്മളൊക്കെ കണ്ടു പഠിക്കേണ്ടതാണ്. അദ്ദേഹം എല്ലാർത്ഥത്തിലും ഒരു എൻസൈക്ലോപീഡിയ ആണ്. ആളുകളോടുള്ള പെരുമാറ്റമൊക്കെ കണ്ടു നിൽക്കുന്നവരെ അത്ഭുതപ്പെടുത്തും. എന്നെ കണ്ടപ്പോൾ സിനിമ കണ്ടു, ലിച്ചി നന്നായിരുന്നുവെന്ന് പറഞ്ഞു. ആ നിമിഷം.. ഞാൻ സ്വർഗത്തിലെത്തിയോ എന്ന് തന്നെ സംശയം തോന്നിയ നിമിഷമായിരുന്നു. ഇതിലും വലിയ അംഗീകാരം വേറെ കിട്ടാനില്ല. ഞാൻ ഒട്ടും മാറിയിട്ടില്ല
രേഷ്മ രാജൻ എന്ന പേര് ഇപ്പോൾ അന്ന രാജൻ എന്നാക്കി. എന്റെ പള്ളിപേര് തന്നെയാണിത്. എന്നാലും ലിച്ചിയെന്നാണ് എല്ലാരും വിളിക്കുന്നത്. ആകെയുള്ള മാറ്റം അതാണ്. അതല്ലാതെ ഞാൻ ഒട്ടും മാറിയിട്ടില്ല. പക്ഷേ, എന്റെ ജീവിതം മാറി.  ഫോട്ടോയ്‌ക്കൊക്കെ വരുന്ന ലൈക്കും മെസേജും ഒക്കെ ഞാൻ കുത്തിയിരുന്ന് വായിക്കാറുണ്ട്. അതൊക്കെ വലിയ സന്തോഷമാണ്. ജീവിതം ഇത്രയൊക്കെ മാറുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു ലൈക്കിന് വേണ്ടി പിറകേ നടന്ന് ചോദിച്ച കാലമുണ്ടായിരുന്നു. അയൽവക്കത്തും നാട്ടിലും വീട്ടിലുമെല്ലാം ഞാൻ പഴയ ആള് തന്നെ. പുറം ലോകത്തേക്ക് നോക്കുമ്പോൾ കുറച്ചധികം മാറ്റം വന്നിട്ടുണ്ടെന്ന് തന്നെ പറയാം. സിനിമ വന്നതോടെ എന്റെ അഡ്രസ് മാറി.അതൊരു വലിയ മാറ്റം തന്നെയാണ്. അതുവരെ രാജന്റെ മോളെന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഇന്നും ആ വിഷമമുണ്ട്
ആലുവയിലാണ് വീട്. വീട്ടിൽ ഇപ്പോൾ അമ്മ ഷീബയും ചേട്ടൻ ഷോൺ രാജനും മാത്രമേയുള്ളു. അച്ഛൻ കെ.സി.രാജൻ മരിച്ചിട്ട്  മൂന്നു വർഷമായി. ചേട്ടൻ കാക്കനാട് ഒരു ഐ. ടി കമ്പനി തുടങ്ങി. അച്ഛൻ രാഷ്ട്രീയപ്രവർത്തകനായിരുന്നു. എനിക്ക് ജോലി കിട്ടിയിട്ട് വേണം അച്ഛന് ഫ്‌ളൈറ്റിൽ കയറാനെന്ന് എപ്പോഴും പറയുമായിരുന്നു. എന്റെ ഈ വിജയം കാണാൻ അച്ഛൻ ഇല്ലാത്തതാണ് വലിയ വിഷമം. ആദ്യമായി ഫ്‌ളൈറ്റിൽ കയറിയപ്പോൾ അച്ഛനെ വല്ലാതെ മിസ് ചെയ്തു. വിവാഹാലോചന മുമ്പേ ഉണ്ടായിരുന്നു. സ്വന്തം കാലിൽ നിൽക്കുക, സ്വന്തമായി അദ്ധ്വാനിക്കുക, വീട്ടിലേക്ക് പൈസ കൊടുക്കുക ഇതൊക്കെയാണ് എന്റെ മനസിൽ. അതുകൊണ്ട് തത്ക്കാലം വിവാഹജീവിതത്തെ കുറിച്ച് ചിന്തിക്കുന്നില്ല. എന്തായാലും ഉടനെയൊന്നും പുറത്തേക്ക് പോകാനും പ്ലാനില്ല. ഇനിയിപ്പോ സിനിമയിൽ നിൽക്കാനാണ് ഇഷ്ടം. കഥ കേട്ടു കൊണ്ടേയിരിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.