മുത്തപ്പനെ വണങ്ങാൻ മതത്തിന്റെ മതിലുകളില്ല
September 9, 2017, 3:01 pm
അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന ചർച്ചയ്‌ക്കിടെയാണ് വടക്കേ മലബാറിലെ ഒരു ക്ഷേത്രത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്. ക്ഷേത്രങ്ങൾക്കിടയിൽ മതത്തിന്റെ മതിലുകൾ തടസമാവുമ്പോൾ ജാതി-മത ഭേദമന്യേ ഏവർക്കും പ്രവേശിക്കാൻ പറ്റുന്നൊരു ക്ഷേത്രമുണ്ട്. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. കൂടാതെ വിശന്നെത്തുന്നവർക്ക് ജാതിയോ മതമോ നോക്കാതെ, വസ്ത്രമോ വിശ്വസമോ നോക്കാതെ മൂന്ന് നേരവും വിശ്വാസികൾക്ക് ഭക്ഷണവും ഇവിടെ നിന്ന് ലഭിക്കുന്നു. ഇത് തന്നെയാണ് വിശ്വാസികളെ കൂടുതലായും ഇവിടേക്ക് ആകർഷിക്കുന്നതും.

ജില്ലയിലെ ആന്തൂർ നഗരസഭയിലെ വളപട്ടണം നദീതീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്‌ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് ഭക്തരുടെ വിശ്വാസം. തങ്ങളുടെ പ്രശ്‌നങ്ങൾ തെയ്യക്കോലം കെട്ടുന്ന മുത്തപ്പനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്നതാണ് ഇവിടുത്തെ വിശ്വാസം.

കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങ്ങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങൾ ഒഴികെ) തെയ്യം കെട്ടിയാടുന്നു. ശ്രീ മുത്തപ്പൻ പരമാത്മാവിന്റെ രണ്ട് പ്രധാന ദൈവീക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നാണ് വിശ്വാസം; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും മുത്തപ്പൻ ക്ഷേത്രത്തിൽ കാണാം. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുന്നത്.

മുത്തപ്പന്റെ കഥ

ഈ രണ്ട് ദൈവക്കോലങ്ങളെക്കുറിച്ചും വ്യത്യസ്തമായ വിശദീകരണങ്ങൾ ലഭ്യമാണ്. അതിൽ ഒന്ന് ഇങ്ങനെയാണ്. ഐതിഹ്യം അനുസരിച്ച് കണ്ണൂർ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്താണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അന്തർജനത്തിനും നമ്പൂതിരിക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി പ്രാർഥിച്ചു. ഒടുവിൽ ഒരു ദിവസം തന്റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവൻ സ്വപ്നദർശനം നൽകി. പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ശിവാനുഗ്രഹത്താൽ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവിൽ തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നത്. ഭക്തർക്ക്‌ അനുഗ്രഹം നൽകുന്നതിനു വേണ്ടി ശൈവ-വൈഷ്‌ണവ സങ്കൽപ്പത്തിൽ ഭഗവാൻ മുത്തപ്പനായി മടപ്പുരകളിൽ കുടികൊണ്ടു.

ബാല്യം മുതൽക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്. ഇല്ലത്തെ രീതികൾക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പന്റേത്. സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേൾപ്പിച്ചു. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യ മാംസാദികൾ കഴിച്ചും നടന്നിരുന്ന മുത്തപ്പൻ നാട്ടുകാർക്ക്‌ പ്രിയപ്പെട്ടവനായിരുന്നു. ഇല്ലത്തെ നമ്പൂതിരിക്ക് ഇതിലെല്ലാം എതിർപ്പായിരുന്നെങ്കിലും പുത്രസ്നേഹം കാരണം അന്തർജനം എല്ലാം പൊറുത്തു മകനെ സ്നേഹിച്ചു. ഒടുവിൽ നിവൃത്തി ഇല്ലാതായപ്പോൾ വീടുവിട്ടിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ മുത്തപ്പൻ തന്റെ ഉഗ്രഭാവത്തിലുള്ള വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ഇതോടെ, മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. പിന്നീട് അവിടെ നിന്ന് യാത്രയായ മുത്തപ്പൻ അയ്യങ്കരയിലേക്ക് യാത്രയാവുകയായിരുന്നു. പക്ഷേ കുന്നത്തൂരിന്റെ പ്രകൃതി സൗന്ദര്യം കണ്ട് അവിടെ തങ്ങുവാൻ തീരുമാനിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ