ലേഡീ സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ മധുരം
September 10, 2017, 3:13 pm
മലയാള സിനിമയിൽ നായികമാർക്ക് ഒരു കുറവുമില്ല. എന്നാൽ അവരിൽ 'സൂപ്പർ സ്‌റ്റാർ' ഒരേയൊരാളെയുള്ളു- നമ്മുടെ സ്വന്തം മഞ്ജുവാര്യർ. മലയാളി ഒരു നടിയേയും ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല. ബോളിവുഡിൽ ശ്രീദേവി കഴിഞ്ഞാൽ സൂപ്പർ സ്‌റ്റാർ പട്ടം ചാർത്തി കിട്ടിയ നടി മഞ്ജു മാത്രമാണ്. മലയാളം കണ്ട ഏറ്റവും മികച്ച അഭിനേത്രിക്ക് ഇന്ന് 39ആം പിറന്നാളാണ്.

1978 സെപ്തംബർ 10ന് നാഗർകോവിലിലായിരുന്നു മഞ്ജുവിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ നൃത്തം അഭ്യസിച്ച് തുടങ്ങിയ മഞ്ജു സ്കൂൾ യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു മഞ്ജു. ഈ നേട്ടമാണ് നടിയെ അഭിനയരംഗത്തേക്ക് നയിച്ചത്. 1995ൽ പുറത്തിറങ്ങിയ 'സാക്ഷ്യം' ആയിരുന്നു മഞ്ജുവിന്റെ ആദ്യ ചിത്രം. ആദ്യസിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തുടർന്ന് അഭിനയിച്ച 'സല്ലാപം' പ്രേക്ഷക ശ്രദ്ധ നേടി. തുടർന്ന് മലയാള സിനിമയ്ക്ക് ഒരു പിടി അനശ്വര കഥാപാത്രങ്ങളെയാണ് ഈ നടി നൽകിയത്. മഞ്ജുവിന്റെ അസാമാന്യ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്‌ത 'കണ്ണെഴുതി പൊട്ടും തൊട്ട്'. ചിത്രത്തിലെ ഭദ്ര എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തേയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു. ആറാം തമ്പുരാനിലെ ഉണ്ണിമായയും, കന്മദത്തിലെ ഭാനുമതിയും, ദയയിലെ യുവാവുമെല്ലാം മഞ്ജുവിന് മാത്രം സാധ്യമായ കഥാപാത്രങ്ങളായിരുന്നു.

ഇപ്പോഴിതാ മോഹൻലാലിനൊപ്പം ഒടിയനിൽ എത്തി നിൽക്കുകയാണ് മഞ്ജുവാര്യർ എന്ന അഭിനയ പ്രതിഭയുടെ യാത്ര. എം.ടിയുടെ തിരക്കഥയിൽ ലാലിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീകുമാർ മേനോൻ ഒരുക്കുന്ന രണ്ടാംമൂഴത്തിലും നായികയായി മഞ്ജുവിന്റെ പേര് കേൾക്കുന്നുണ്ട്.

പ്രവീൺ.സി.ജോസഫ് സംവിധാനം ചെയ്യുന്ന 'ഉദാഹരണം സുജാത'യാണ് താരത്തിന്റെ പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ