പത്തിൽ തുടങ്ങിയ ഓട്ടം പോക്കിരിയിലെത്തിയപ്പോൾ
September 16, 2017, 12:04 pm
ആശാമോഹൻ
വെറുമൊത്തു പത്താം ക്ലാസുകാരന്റെ സ്വപ്നമായിരുന്നില്ല കൊല്ലം കാവനാട്ടുള്ള ജിജോ ആന്റണിക്ക് സിനിമയെന്നത്. പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് ഇഷ്ട മേഖലയിലേക്ക് തിരിഞ്ഞപ്പോൾ വീട്ടുകാരും എതിർത്തില്ല. ആ പത്താം ക്ലാസുകാരന്റെ മൂന്നാമത്തെ സിനിമാ സംരംഭമാണ് പോക്കിരി സൈമൺ. വരുന്ന 22ന് ആ സിനിമ തിയേറ്ററിൽ എത്തുമ്പോൾ കൈയടിക്കാൻ അമ്മയും അനിയനും ഒപ്പം ജിജോയുടെ പ്രിയതമയും അഞ്ചു വയസുകാരി മകളുമുണ്ടാകും. സിനിമ ഒരു കുടുംബം പോലെയാണെന്ന് പറയുന്നത് വെറുതേയല്ലെന്നാണ് ജിജോ ആന്റണിയും സമ്മതിക്കുന്നത്. അതുപോലെത്തന്നെ ഒരു കുടുംബമായാണ് ഒരോ ഫാൻസ് സംഘടനകളും പ്രവർത്തിക്കുന്നത്. അവരുടെ കൂട്ടായ്മകളും വിഷമങ്ങളും സന്തോഷവും ഒക്കെ പോക്കിരി സൈമണിലെ ഗൗരവമേറിയ വിഷയങ്ങളാണ്.

രണ്ടാമത്തെ ചിത്രമായ ഡാർവിന്റെ പരിണാമം പൂർത്തിയായ വേളയിലാണ് തിരക്കഥാ കൃത്ത് കെ. അമ്പാടിയുടെ അടുത്തു നിന്ന് ഈ കഥ കേൾക്കുന്നത്. തുടക്കത്തിൽ ഇതൊരു വേറെ സബ്ജക്ടായിരുന്നു. ചർച്ചകൾക്കിടയിലാണ് പോക്കിരി സൈമണായി ഉരിത്തിരിയുന്നത്. പുതിയ ത്രെഡ് വളരെ രസകരമായി തോന്നി. സ്‌ക്രിപട് വർക്കിനും മറ്റുമായി ആറുമാസം. പിന്നീടാറു മാസം കൊണ്ട് പോക്കിരി സൈമൺ പൂർത്തിയായി. 22ന് പുറത്തിറക്കാനുള്ള തത്രപ്പാടിലാണ് ഞങ്ങളെല്ലാവരും. ഒരു സാധാരണ പ്രേക്ഷകൻ ആഗ്രഹിക്കുന്നതെല്ലാം ഇതിലുണ്ടെന്നാണ് എന്റെ വിശ്വാസം. പിന്നെ അന്തിമ വിധികർത്താക്കൾ പ്രേക്ഷകരാണല്ലോ.

? ആദ്യ ചിത്രമായ കൊന്തയും പൂണൂലിലും കുഞ്ചാക്കോ ഡാർവിനിൽ പൃഥ്വി... മൂന്നാമത്തെ ചിത്രത്തിൽ സൂപ്പർ താരങ്ങൾ വേണ്ടെന്ന് കരുതിയതാണോ.
അങ്ങനെയല്ല. ഓരോ കഥയ്ക്കും അനുയോജ്യരായ കഥാപാത്രങ്ങളെ കണ്ടെത്തുക എന്നതാണ് സംവിധായകന്റെ ചുമതല. എഴുതുന്നത് സമയത്ത് അമ്പാടിയുടെ മനസിലും കഥ കേൾക്കുമ്പോൾ എന്റെയും നിർമ്മാതാവ് കൃഷ്ണൻ സേതുകുമാറിന്റെയും മനസിലും ഒരുപോലെ വന്നത് സണ്ണി വെയ്നാണ്. സണ്ണിയെ അല്ലാതെ മറ്റാരെയും ഈ കഥാപാത്രമായി ചിന്തിക്കാൻ കഴിയില്ല. സണ്ണിയാണെങ്കിൽ ഒരു കടുത്ത വിജയ് ഫാനും. അപ്പോൾ കഥാപാത്രത്തിന് കൂടുതൽ യാഥാർത്ഥ്യം കൈവരുമല്ലോ. പ്രൊഫ. സീതാരാമനെന്ന കഥാപാത്രം വേണുച്ചേട്ടനെ (നെടുമുടി വേണു) മുന്നിൽക്കണ്ട് തന്നെ എഴുതിയതാണ്. വിജയ് െ്രസ്രെലിൽ നിൽക്കുന്ന പ്രയാഗയുടെ ഒരു ചിത്രം കണ്ടതോടെയാണ് നായികയെക്കുറിച്ചുള്ള ടെൻഷൻ മാറിയത്. ഇതിൽ നായികയും ഒരു വിജയ് ഫാനാണ്.
തിരുവനന്തപുരത്തെ ഇളയ ദളപതി നഗറിലെ വിജയ് രസികർ മൺട്രത്തിലൂടെയാണ് ഈ കഥ വികസിക്കുന്നത്. വെറുമൊരു സിനിമ എന്നതിനപ്പുറം പ്രേക്ഷകർ എന്നും ഓർമ്മിക്കുന്ന ഒരു പിടി ചിത്രങ്ങളുടെ പട്ടികയിൽ ഇതും ഇടംനേടുമെന്നാണ് വിശ്വസിക്കുന്നത്.

? നിരവധി ചിത്രങ്ങളിൽ അസിസ്റ്റൻഡ് ഡയറക്ടറായിരുന്നു. സ്വതന്ത്ര സംവിധായകനാകാൻ തീരുമാനിച്ചത്.
27 ഓളം സിനിമകളിൽ അസിസ്റ്റൻഡായി ജോലി നോക്കിയപ്പോഴാണ് സ്വന്തമായി ഒരെണ്ണം ചെയ്യാൻ ധൈര്യം വന്നത്. രാജീവ്നാഥ് സാറിന്റെ അനുഭവ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അസി. ഡയറക്ടറുടെ തൊപ്പി അണിയുന്നത്. സുന്ദർദാസ് സാറിന്റെ ഹരിശ്രീ അശോകൻ ചിത്രമായ ആകാശമാണ് അസിസ്റ്റൻഡായ ആദ്യ മലയാള സിനിമ. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ എന്നെ കൊന്തയും പൂണൂലിലും എത്തിച്ചു.

? പ്രമേയത്തിലെ പുതുമ പോലെ പ്രചാരണത്തിലും ഉണ്ടല്ലോ.
അതെ. ചില ചെറിയ പരീക്ഷണങ്ങൾ. പക്ഷേ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിൽ ഫാൻ മെയ്ഡ് പോസ്റ്റർ കോണ്ടസ്റ്റ് നടത്തി. നൂറിലധികം പോസ്റ്ററുകളാണ് ലഭിച്ചത്. സിനിമയ്ക്കു വേണ്ടി പോലും അതിന്റെ നാലിലൊന്ന് നമ്മൾ ഡിസൈൻ ചെയ്തിട്ടില്ല. പിന്നെ വിജയ് ഫാൻസുള്ളിടത്തെല്ലാം സിനിമയ്ക്കായി പ്രത്യേക കാത്തിരിപ്പുണ്ട്.

? എതിർ ഫാൻസുകാരുടെ ഭീഷണി.
ഏയ് അങ്ങനെയൊന്നും ഒരിക്കലുമുണ്ടായിട്ടില്ല. ഈ ചിത്രത്തിൽ മോഹൻലാൽ എന്ന പുതിയ ചിത്രത്തിന്റെ സംവിധായകൻ സാജിത്ത് യഹിയ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. സിങ്കം സുനി. അദ്ദേഹം സൂര്യ ഫാൻസുകാരനായാണ് അഭിനയിക്കുന്നത്. ഡാർവിന്റെ പരിണാമത്തിലും ഒരു മോഷ്ടാവിന്റെ കഥാപാത്രം അഭിനയിച്ച് യഹിയ എന്നെ സഹായിച്ചിട്ടുണ്ട്. പിന്നെ തെരി കഴിഞ്ഞ് പോക്കിരിയുടെ റീ റിലീസിംഗിലാണ് പോക്കിരി സൈമൺ തുടങ്ങുന്നത്. വിജയുടെ മൂന്ന് ചിത്രങ്ങൾ ഈ സിനിമയുടെ കാലഘട്ടത്തിൽ കടന്നുവരുന്നുണ്ട്. ചിത്രത്തിൽ ഒരു ഫെസ്റ്റിവൽ മൂഡ് ക്രിയേറ്റ് ചെയ്തിരിക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ക്യാമറാമാൻ പാപ്പിനുവിനുള്ളതാണ്.
കേരളത്തിൽ നൂറു തിയേറ്ററുകളിൽ ആണ് പോക്കിരി സൈമൺ എത്തുക. സിനിമയെ സിനിമയാക്കുന്ന ഘടകങ്ങളെല്ലാം ചേർന്ന ഈ ചെറിയ സിനിമ ഞങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.