Wednesday, 20 September 2017 12.35 AM IST
ചമ്‌ക, ഹജോംഗ് അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകും
September 13, 2017, 9:05 pm
ന്യൂഡൽഹി: അരനൂറ്റാണ്ടായി അരുണാചൽ പ്രദേശിൽ താമസിക്കുന്ന ചമ്‌ക, ഹജോംഗ് അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ചർച്ച നടത്തി.എന്നാൽ സംസ്ഥാനത്തെ പട്ടിക വിഭാഗത്തിൽ പെട്ടയാളുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇക്കൂട്ടർക്ക് ലഭിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. 1964 മുതൽ അരുണാചൽ പ്രദേശിൽ താമസിച്ച് വരുന്ന ചമ്‌കകളെയും ഹജോംഗുകളെയും പട്ടിക വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതാണെന്നും എന്നാൽ നിലവിൽ അതിന് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിലെ ഈസ്‌റ്റ് ചിറ്റഗോംഗിൽ കഴിഞ്ഞിരുന്ന ജനവിഭാഗമാണ് ചമ്‌കകളും, ഹജോംഗുകളും. 1960കളിൽ നടന്ന അണക്കെട്ട് അപകടത്തെ തുടർന്നാണ് ഇവർ ഇന്ത്യയിലേക്ക് കുടിയേറിയത്. ചമ്‌കകളിൽ ഭൂരിഭാഗവും ബുദ്ധമതക്കാരും ഹജോംഗുകൾ ഹിന്ദുമത വിശ്വാസികളുമാണ്. അക്കാലത്ത് കിഴക്കൻ പാകിസ്ഥാനെന്ന് അറിയപ്പെട്ടിരുന്ന ബംഗ്ലാദേശിൽ ഇവർ വംശീയപരമായ അതിക്രമവും നേരിട്ടിരുന്നു. ഈ വിഭാഗത്തിൽ പെട്ട ഏതാണ്ട് ഒരുലക്ഷത്തോളം അഭയാർത്ഥികൾ ഇപ്പോൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്.

നേരത്തെ, ഈ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയാൽ ഇത് സംസ്ഥാനത്ത് താമസിക്കുന്ന പരമ്പരാഗത ഗോത്രവിഭാഗങ്ങളുടെ അവസരങ്ങളെ ബാധിക്കുമെന്ന് അരുണാചൽ പ്രദേശ് എതിർപ്പുന്നയിച്ചിരുന്നു. എന്നാൽ, പൗരത്വ വിഷയം കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതിനാൽ ഇതിന് സംസ്ഥാനങ്ങുടെ സമ്മതം അവശ്യമില്ലെന്നാണ് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ സാധാരണ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തിയാണ് ഇക്കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പരിഹാരമായി രാജ്യത്തെവിടെയും സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം മാത്രമേ ഇക്കൂട്ടർക്ക് നൽകൂ എന്നാണ് കേന്ദ്രസർക്കാർ നിലപാടെടുത്തിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ