Friday, 22 September 2017 6.20 AM IST
സ്വാശ്രയ മെഡി. കോളേജ് കേസ്: അന്തിമ വിധി അടുത്തയാഴ്ച
September 13, 2017, 10:30 pm
സ്വന്തം ലേഖകൻ
ന്യൂഡൽഹി: എം.ബി.ബി.എസ് പ്രവേശന വിലക്കിനെതിരെ കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ റിട്ട് ഹർജികളിൽ അന്തിമ വിധി പറയുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി.
സമാനമായ കേസിൽ ചീഫ് ജസ്റ്റിസിന്റെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തത വരുത്തിയ ശേഷമേ ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ രണ്ടംഗ ബെഞ്ച് അന്തിമവിധി പ്രസ്താവിക്കൂ.
കോളേജുകൾക്ക് പ്രവേശനാനുമതി നൽകുന്നതിനെ കേന്ദ്രസർക്കാർ എതിർത്തു. വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച് അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
തൊടുപുഴ അൽ അസ്ഹർ, വയനാട് ഡി.എം, അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജുകളാണ് കോടതിയെ സമീപിച്ചത്. കോളേജുകളുടെയും കേരളത്തിന്റെയും എം.സി.ഐയുടെയും വാദം ഇന്നലെ പൂർത്തിയായെങ്കിലും കേന്ദ്രത്തിന് വേണ്ടി ആരും ഹാജരായിരുന്നില്ല. തുടർന്ന് കോളേജുകൾക്ക് അനുമതി നിഷേധിച്ചതിന് വ്യക്തമായ കാരണങ്ങളില്ലെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ നടപടി റദ്ദാക്കി ബെഞ്ച് വിധി പ്രസ്താവിക്കാൻ തുടങ്ങി. ഇതിനിടെ കോടതിയിൽ എത്തിയ അഡിഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് കേന്ദ്രത്തിന്റെ വിശദീകരണം കേൾക്കാതെ അന്തിമവിധി പാടില്ലെന്ന് ആവശ്യപ്പെട്ടു. ഇതോടെ വിധി പ്രസ്താവം നിറുത്തിയ കോടതി അദ്ദേഹത്തിന് വാദിക്കാൻ അനുമതി നൽകി.
ആഗസ്റ്റ് 31ന് ശേഷം മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകരുതെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ വിധി നിലവിലുള്ളതിനാൽ അനുമതി നിഷേധിച്ചത് പുനഃപരിശോധിക്കാനാവില്ലെന്നും കോളേജുകൾ ഓരോ വർഷവും അനുമതി പുതുക്കുകയല്ല, വീണ്ടും അനുമതി വാങ്ങുകയാണെന്നും എ.എസ്.ജി ചൂണ്ടിക്കാട്ടി.
തുടർന്നാണ് 31ന് മുൻപ് സമർപ്പിച്ച ഹർജികൾക്ക് മൂന്നംഗ ബെഞ്ചിന്റെ വിധി ബാധകമാണോ എന്നും അനുമതി നേടലാണോ പുതുക്കലാണോ എന്നും വ്യക്തത വരുത്താൻ സർക്കാരിനോട് ബെഞ്ച് ആവശ്യപ്പെട്ടത്.
മൂന്ന് കോളേജുകളിലായി 400 വിദ്യാർത്ഥികളുടെ പ്രവേശനമാണ് കേന്ദ്രം അസാധുവാക്കിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ