Wednesday, 20 September 2017 12.24 AM IST
ഇന്ധന വില: ജനങ്ങളെ പിഴിയുന്നതിൽ കേന്ദ്രവും സംസ്ഥാനവും മച്ചാൻ കളിക്കുന്നു
September 14, 2017, 12:05 am
ന്യൂഡൽഹി : പെട്രോളിന്റെയും ഡീസലിന്റെയും വില സർവ്വകാല റെക്കാഡും ഭേദിച്ച് മുന്നേറുമ്പോഴും ജനങ്ങളെ നികുതിയിലൂടെ പിഴിയുന്നതിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും കണ്ണടച്ച് മച്ചാനും മച്ചാനും കളിക്കുന്നു. ഇന്ധന വില എല്ലാ ദിവസവും മാറിമറിഞ്ഞ് ഉയരുന്നതിനാൽ ഇതിനെക്കുറിച്ച് വേണ്ട രീതിയിൽ ജനങ്ങളും ബോധവാന്മാരല്ല. മൂന്ന് വർഷത്തിനിടയിൽ ഇന്ധന വില ഏറ്റവും ഉയർന്ന തോതിലെത്തിയിട്ടും ഒരൊറ്റ പ്രതിഷേധം പോലും നാട്ടിൽ നടന്നിട്ടില്ല. നേരത്തേ പെട്രോൾ വില 3 രൂപ കൂടിയാൽ പോലും പ്രതിപക്ഷ കക്ഷികളും ജനങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങുമായിരുന്നു.

ഇന്ധനവിലയുടെ പകുതിയും നികുതിയായി ചോർത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്രൂഡ് ഓയിൽ വില വർദ്ധനയെന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാൻ നടത്തുന്ന ശ്രമം അധിക നാൾ നീളില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു പക്ഷേ ഇത് അധികകാലം മറച്ച് വയ്ക്കാൻ കഴിയില്ലെന്ന വീണ്ടുവിചാരത്തിൽ നിന്നാവും ഇന്നലെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടത്. പക്ഷേ ഇതിന് സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പ് ഉണ്ടാകും. അതേ സമയം പ്രതിദിനം വില നിശ്ചയിക്കുന്ന എണ്ണക്കമ്പനികളുടെ രീതിയിൽ സർക്കാർ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി.അന്താരാഷ്ട്ര വിപണിയിലെ നിരക്ക് അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോൾ വില നിശ്ചയിച്ചുകൊണ്ടിരുന്ന രീതി മാറ്റി ജൂൺ 15 മുതൽ പ്രതിദിന വില നിർണയത്തിലേക്ക് മാറിയതോടെയാണ് എണ്ണ വില കുത്തനെ ഉയരാൻ തുടങ്ങിയത്.

പെട്രോൾ (തിരുവനന്തപുരം വില)​
 അസംസ്‌കൃത വില - ₹20.69
 പ്രവേശന നികുതി - 14.5%
 വിപണന കമ്പനികളുടെ ലാഭം - ₹3.31
 ശുദ്ധീകരിച്ച പെട്രോൾ വില - ₹29.53
 കേന്ദ്ര എക്‌സൈസ് നികുതി - ₹21.48
 പമ്പുകളുടെ കമ്മിഷൻ - ₹2.67
 സംസ്ഥാന വില്‌പന നികുതി - 34.06%
ആകെ വില - ₹74.22

ഡീസൽ (തിരുവനന്തപുരം വില)
 അസംസ്കൃത വില - ₹20.69
 പ്രവേശന നികുതി - 14.5%
 വിപണന കമ്പനികളുടെ ലാഭം - ₹2.55
 ശുദ്ധീകരിച്ച പെട്രോൾ വില - ₹29.12
 കേന്ദ്ര എക്‌സൈസ് നികുതി - ₹17.33
 പമ്പുകളുടെ കമ്മിഷൻ - ₹2.03
 സംസ്ഥാന വില്‌പന നികുതി - 26.90%
ആകെ വില - ₹63.85


ജി.എസ്.ടി നടക്കില്ല

പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടെങ്കിലും അത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ്. പെട്രോളിയം ഉത്പ്പന്നങ്ങളും മദ്യവും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരില്ലെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പിന്മേലാണ് ജി.എസ്.ടി നടപ്പാക്കാൻ കഴിഞ്ഞത്.സംസ്ഥാനങ്ങളുടെ അംഗീകാരമില്ലാതെ ഇക്കാര്യത്തിൽ ജി.എസ്.ടി കൗൺസിലിന് തീരുമാനമെടുക്കാൻ കഴിയില്ല.

അയൽരാജ്യ വില ഇങ്ങനെ
സ്ഥലം : പെട്രോൾ വില: ഡീസൽ വില

പാകിസ്ഥാൻ: 40.82 രൂപ: 40.43 രൂപ
ശ്രീലങ്ക: 49.80 രൂപ : 46.72 രൂപ
നേപ്പാൾ: 61.88 രൂപ : 47.15 രൂപ
ബംഗ്ളാദേശ്: 69.16 രൂപ : 52.7 രൂപ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ