കേരളത്തിൽ പ്രണയത്തിൽ പൊതിഞ്ഞ മതപരിവർത്തനമെന്ന് എൻ.ഐ.എ
September 14, 2017, 12:09 am
കോഴിക്കോട്: കേരളത്തിൽ മുസ്ലിം സമുദായക്കാരല്ലാത്ത പെൺകുട്ടികളെ സംഘടിതമായും നിർബന്ധപൂർവവും മതംമാറ്റുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). നിർബന്ധപൂർവമുള്ള മതംമാറ്റത്തിന്റെ വിവരങ്ങൾ അടിയന്തരമായി നൽകാൻ സംസ്ഥാന പൊലീസിനോട് എൻ.ഐ.എ ആവശ്യപ്പെട്ടു. പ്രണയത്തിൽ കുടുക്കിയാണ് പല ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെയും മതം മാറ്റുന്നതെന്നാണ് അവർ അന്വേഷണത്തിൽ മനസിലാക്കുന്നത്. സുപ്രീംകോടതി ഉത്തരവു പ്രകാരം ഹാദിയ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നിർബന്ധിത മതപരിവർത്തനത്തിന്റെ വിവരങ്ങൾ എൻ.ഐ.എ ആവശ്യപ്പെട്ടത്. കോഴിക്കോട് ആസ്ഥാനമായ തെർബിയത്തുൽ ഇസ്ലാം സഭയുടെ പ്രവർത്തനങ്ങളാണ് സംശയമുനയിൽ.

ഈ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കേരള പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി എൻ.ഐ.എ സുപ്രീംകോടതിയിൽ നൽകിയ സ്ഥിതിവിവര റിപ്പോർട്ടിൽ പറയുന്നു. കോട്ടയത്തെ അഖിലയെ മതപരിവർത്തനത്തിലൂടെ ഹാദിയയാക്കി, കൊല്ലം സ്വദേശി ഷെഫീൻ ജഹാനുമായി വിവാഹം നടത്തിയത് ഈ കേന്ദ്രത്തിലാണെന്നാണ് എൻ.ഐ.എ റിപ്പോർട്ടിലുള്ളത്.

ഇതേത്തുടർന്ന് രണ്ടുവർഷമായി സംസ്ഥാനത്ത് നടന്ന മതപരിവർത്തനത്തിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം മതപരിവർത്തനം നടക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. രണ്ടുവർഷത്തിനിടെ പാലക്കാട്ട് 139പേരും തൃശൂരിൽ 23 യുവ പ്രൊഫഷണലുകളും ഇസ്ലാമിലേക്ക് മതംമാറ്റപ്പെട്ടു. പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ യുവാക്കളെയും യുവതികളെയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്താൻ 'ദവാ സ്ക്വാഡ്' എന്ന പേരിലുള്ള തീവ്രനിലപാടുകളുള്ള വിഭാഗം പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തി.

നേരറിയാൻ എൻ.ഐ.എ
തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകളിലെ 21 പേരെ കുടുംബസമേതം സിറിയയിലെ ഐസിസ് കേന്ദ്രത്തിലേക്ക് കടത്തിയ കേസ് എൻ.ഐ.എ അന്വേഷിക്കുകയാണ്. തിരുവനന്തപുരം സ്വദേശി നിമിഷ, റിഹൈല (24), അജ്മല (20), ആയിഷ (24), ഷംസിയ (24), മെറിൻ (23) എന്നീ പെൺകുട്ടികളും അവരുടെ എട്ട് കുട്ടികളും കാണാതായ സംഘത്തിലുണ്ട്. നിമിഷയും റിഹൈലയും ബി.ഡി.എസ് പഠിച്ചവരാണ്.

ദവാ സ്ക്വാഡ്
തീവ്രചിന്താഗതിക്കാരും, പൊതുസമൂഹത്തിൽ മതേതരത്വം നടിക്കുന്നവരുമാണ് ദവാ സ്‌ക്വാഡിലുള്ളത്. മുസ്ലിം രീതിയിലെ വസ്ത്രധാരണം പോലും ഇവർ ഒഴിവാക്കും. വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും ദവാ സ്‌ക്വാഡിന്റെ ഭാഗമാണ്. ജോലിസ്ഥലത്തും സാമൂഹ്യ മാദ്ധ്യമങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്തുടർന്ന് പ്രണയം നടിച്ചാണ് പെൺകുട്ടികളെ വലയിലാക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ