Wednesday, 20 September 2017 12.30 AM IST
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തറക്കല്ലിട്ടു
September 14, 2017, 10:38 am
ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും സംയുക്തമായി അഹമ്മദാബാദിൽ നിർവഹിച്ചു. മുംബയ് മുതൽ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2022ൽ പൂർത്തിയാവും.

ജപ്പാനിൽ തുടങ്ങിയത് 1964ൽ
ടോക്കിയോ ഒളിമ്പിക്സിന് 9 ദിവസം മുമ്പ് 1964 ലാണ് ജപ്പാനിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിയത്. ടോക്കിയോയിൽ നിന്ന് ഒസാക്കയിലേക്ക്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ജപ്പാന്റെ സാങ്കേതിക മികവിന്റെയും സാമ്പത്തിക വളർച്ചയുടെയും പ്രതീകമായി മാറി ആ ബുള്ളറ്റ് ട്രെയിൻ. മണിക്കൂറിൽ 210 കിലോമീറ്റർ ദൂരം പിന്നിടുന്നതായിരുന്നു ആ ട്രെയിൻ. പിന്നീട് ഇതിന്റെ സ്പീഡ് 320 കിലോ മീറ്ററായി. 2002ൽ ചൈന 431 കിലോമീറ്റർ സ്പീഡുള്ള ബുള്ളറ്റ് ട്രെയിൻ ഇറക്കി നമ്പർ വണ്ണായി . 1930 ലാണ് ജപ്പാൻ ബുള്ളറ്റ് ട്രെയിൻ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നത്. അന്ന് അവർ ഒരു ബുള്ളറ്റിന്റെ രൂപമാണ് ട്രെയിന് നൽകിയത്. അതാണ് ഈ പേര് വരാൻ കാരണം.

കൃത്യതയും സുരക്ഷയും
ജപ്പാനിൽ തുടങ്ങിയ ബുള്ളറ്റ് ട്രെയിൻ സർവീസിന് നാളിതുവരെ ഒരു അപകടം പോലും ഉണ്ടായിട്ടില്ല. ഭൂമി കുലുക്കം പോലും മുൻകൂട്ടി അറിയാവുന്ന സെൻസറുകൾ ട്രെയിനിലുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ ട്രെയിൻ തനിയെ നിൽക്കും. ഒരു സ്റ്റേഷനിലും ഒരുമിനിട്ട് പോലും താമസിച്ച് എത്തില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ലക്ഷ്യ സ്ഥാനത്ത് ട്രെയിനിൽ നിന്ന് യാത്രക്കാർ ഇറങ്ങിയാലുടൻ ക്ളീനിംഗ് തൊഴിലാളികൾ കൂട്ടത്തോടെ കയറും. 7 മിനിട്ടുകൊണ്ട് ട്രെയിൻ വൃത്തിയാക്കി തിരിച്ചിറങ്ങും.

ഇന്ത്യൻ ബുള്ളറ്റ് ട്രെയിൻ പ്രത്യേകതകൾ
മുംബയ് : അഹമ്മദാബാദ് - 508 കി.മീ
ദിനം പ്രതി : 70 സർവീസ്
വേഗം - മണിക്കൂറിൽ 320 - 350 കിലോമീറ്റർ
ചെലവ് : 1,10,000 കോടി
ജപ്പാൻ വായ്പ : 88000 കോടി
ലോൺ ഗ്രേസ് പീരീഡ് - 15 വർഷം
പലിശ - 0.1 ശതമാനം
ഇന്ത്യയിലെ തൊഴിൽ അവസരം : 15 ലക്ഷം

ആദ്യഘട്ടം
ആദ്യ ഘട്ട സർവീസിന് 24 ഹൈ സ്പീഡ് ട്രെയിനുകൾ ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്യും. രണ്ടാംഘട്ടം മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ട്രെയിനുകൾ ഉപയോഗിക്കും.

സ്റ്റേഷനുകൾ
മുംബയ്, താനെ, വിരാർ, ബേയിസർ, വാപി, ബിലിമോര, സൂരറ്റ്, ദാരൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്
യാത്ര
13 കിലോ മീറ്റർ ഭൂഗർഭ പാത
7 കിലോമീറ്റർ സമുദ്രത്തിനടിയിലൂടെ
 21 കിലോമീറ്റർ തുരങ്കപാത.

ലക്ഷ്യം
അരനൂറ്റാണ്ടിന് മുമ്പ് ജപ്പാൻ തുടങ്ങിയ സാമ്പത്തിക മുന്നേറ്റത്തിന്റെ നിലവാരത്തിലേക്ക് ഇന്ത്യയെ ഉയർത്തുമെന്ന പ്രതീക്ഷയുടെ പ്രതീകമായി മാറാം ബുള്ളറ്റ് ട്രെയിൻ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ