കേരളക്കരയെ ഇളക്കി മറിക്കാൻ എത്തുന്നു
September 14, 2017, 11:55 am
തന്റെ താരരാജാവിന്റെ കട്ടൗട്ടിൽ പാലഭിഷേകവും ഹാരാർപ്പണവും നടത്തുന്നവരെയും പ്രിയ താരത്തിന്റെ പുതിയ സിനിമാ റിലീസിനായി ബാൻഡു മേളവും കരകാട്ടവും വരെ നടത്തുന്നവരെയും നോക്കി സമൂഹം പറയുന്ന പൊതുവാക്കാണ് 'ഇവനൊക്കെ വട്ടാണെ'ന്ന്. എന്നാൽ, ഈ സെപ്തംബർ 22 കഴിയുന്നതോടെ ആ അഭിപ്രായം മാറും. 22ന് എന്താണു പ്രത്യേകതയെന്നല്ലേ. അന്നാണ് പോക്കിരി സൈമൺ റിലീസ്. മലയാളത്തിൽ ആദ്യമായി ഒരു ഫാൻസ് അസോസിയേഷന്റെ കഥയാണ് ഈ സിനിമയുടെ പ്രമേയം. ഇളയ ദളപതി വിജയുടെ കടുത്ത ആരാധകരായ സൈമണിന്റെയും കൂട്ടുകാരുടെയും കഥ. യുവതാരങ്ങളിൽ ശ്രദ്ധേയനായ സണ്ണി വെയ്നാണ് പോക്കിരി സൈമണായി എത്തുന്നത്. ലവ് ടു ഡേ ശരത്തായി അപ്പാനി ശരത്തും ബോഡി ഗാർഡായി ഗ്രിഗറിയും ഈ ചിത്രത്തിലെത്തുന്നു. പ്രയാഗമാർട്ടിനാണ് നായിക. ഇവർക്കൊപ്പം ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, നെടുമുടി വേണു, ഷമ്മി തിലകൻ, അശോകൻ, ബൈജു, രേണുക എന്നിവരടങ്ങുന്ന മികച്ച താരനിര പിന്തുണയുമായി എത്തുന്നുണ്ട്.

സ്റ്റണ്ടും പാട്ടും ഉണ്ട്
നാലു പാട്ടുകളും മൂന്ന് സ്റ്റണ്ട് രംഗങ്ങളുമായി ഒരു കളർഫുൾ മാസ് എന്റർടെയ്നറാണ് സംവിധായകൻ ജിജോ ആന്റണി പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ശ്രീവരി ഫിലിംസിന് വേണ്ടി കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കെ. അമ്പാടിയുടേതാണ് തിരക്കഥ. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പാപ്പിനു. ലിജോ പോൾ എഡിറ്റിംഗ്. ഹരിനാരയണന്റെ വരികൾക്ക് ഈണം പകർന്നതും, ചിത്രത്തിന്റെ പശ്ഛാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നതും ഗോപീ സുന്ദറാണ്. വിജയുടെ തെരി സിനിമയിലൂടെ പ്രശസ്തനായ ഷെറീഫ് മാസ്റ്ററാണ് പോക്കിരി സൈമണിന്റെയും നൃത്തം സംവിധാനം ചെയ്തിരിക്കുന്നത്. സംഘട്ടനം പീറ്റർ ഹെയ്‌ന്റെ അസ്സോസിയേറ്റ് ആയിരുന്ന ജി മാസ്റ്ററാണ്. യുവതീ യുവാക്കൾക്കും, കുടുംബ പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കവുന്ന ഈ ചിത്രം ശ്രീവരി റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

പലരും യഥാർത്ഥ കഥാപാത്രങ്ങൾ
പോക്കിരി സൈമണിലെ പല കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരാണ്. ശരത് അപ്പാനി ചെയ്യുന്ന ലവ് ടുഡേ ശരത്തെന്ന കഥാപാത്രം ലവ് ടുഡേ ശ്രീനാഥ് എന്ന യുവാവിന്റെയാണ്. വിജയുടെ ലവ് ടുഡേ സിനിമ ഇറങ്ങിയ ദിവസം താരത്തിന്റെ കട്ടൗട്ടുമായി പാറശാലയിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരത്ത് എത്തിയതോടെയാണ് അയാൾക്ക് ആ പേരു ലഭിച്ചത്. ഗ്രിഗറിയുടെ ബോഡി ഗാർഡും അത്തരത്തിൽ ഒരാൾ തന്നെയാണ്. നെടുമുടി വേണുവിന്റെ പ്രൊഫ. സീതാരാമൻ എന്ന കഥാപാത്രത്തെ ഉണ്ടാക്കിയിരിക്കുന്നത് തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്. അയ്യരുടെ അച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. വി.എസ്.എസ്.സിയിൽ നിന്ന് വിരമിച്ച അദ്ദേഹം ഒരു ഡൈഹാർട്ട് വിജയ് ഫാനാണ്. അതുപോലൊരു റിട്ട. ശാസ്ത്രജ്ഞനാണ് പ്രൊഫ. സീതാരാമനും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ