Wednesday, 20 September 2017 12.29 AM IST
ആർ.സി.സിയിൽ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായി സംശയം
September 14, 2017, 11:10 am
തിരുവനന്തപുരം: ആർ.സി.സിയിൽ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എയ്ഡ്സ് ബാധിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രക്താർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ ആർ.സി.സിയിൽ കുട്ടി ചികിത്സതേടിയെത്തിയിരുന്നു. ആർ.സി.സിയിലെ പരിശോധനയിൽ രക്താർബുദമുള്ളതായി സ്ഥിരീകരിച്ച കുട്ടിയ്ക്ക് ചികിത്സയുടെ ഭാഗമായി ഇവിടെ നിന്ന് റേഡിയേഷൻ തെറാപ്പി നടത്തി.
തെറാപ്പിയ്ക്കുശേഷം രക്തത്തിൽ കൗണ്ട് കുറഞ്ഞു. ഇത് പരിഹരിക്കാനായി ആർ.സി.സിയിൽ നിന്ന് ബ്ളഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി ബാധിച്ചതായി സ്ഥിരീകരിച്ചത്. മാർച്ചിന് മുമ്പുള്ള രക്തപരിശോധനയിലെല്ലാം എച്ച്.ഐ.വി നെഗറ്റീവ് ആയിരുന്നു. തുടർന്നാണ് ആർ.സി.സി അധികൃതർക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചത്.

രക്ഷിതാക്കളുടെ മൊഴിയനുസരിച്ചാണ് മെഡിക്കൽ കോളേജ് എസ്.ഐ ഗിരീഷിന്റെ നേതൃത്വത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മിഷണർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്ന് ആർ.സി.സിയിലെത്തി സംഭവത്തെപ്പറ്റി അന്വേഷണം നടത്തും. കുട്ടിയുടെ ചികിത്സയുടെ തുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളും രക്തപരിശോധനകളും ബ്ളഡ് ബാങ്കിലെ രേഖകളും പരിശോധിച്ചശേഷം മെഡിക്കൽ ബോ‌ർഡ്, ഫോറൻസിക് - പതോളജി വിഭാഗങ്ങൾ എന്നിവരുടെ സഹായത്തോടെ പിഴവുകണ്ടെത്തിയശേഷം ബന്ധപ്പെട്ടവർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു. ആർ.സി.സിയിലെ ബ്ളഡ് ബാങ്കിൽ രക്തപരിശോധനയിൽ സംഭവിച്ച പിഴവാകാം അണുബാധയുള്ള രക്തദാനത്തിനിടയാക്കിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ