Wednesday, 20 September 2017 12.29 AM IST
ഒറ്റനോട്ടത്തിൽ: കെ. മുരളീധരൻ, എം.സി ജോസഫൈൻ, ദിലീപ്
September 14, 2017, 12:10 pm
1. സംസ്ഥാന കോൺഗ്രസിൽ നേതൃസ്ഥാനം സംബന്ധിച്ച തർക്കം രൂക്ഷമാകുന്നതിനിടെ, ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നതായി റിപ്പോർട്ട്. രമേശ് ചെന്നിത്തല പക്ഷത്തുനിന്നും കെ.മുരളീധരൻ കൂടുമാറാൻ ഒരുങ്ങുന്നതായി സൂചന. നീക്കം, ചെന്നിത്തലയെ തള്ളി ഉമ്മൻചാണ്ടിയെ പുകഴ്ത്തിയ മുരളിയെ മേലിൽ ഗ്രൂപ്പ് കൂടിയാലോചനയ്ക്ക് വിളിക്കേണ്ടതില്ലെന്ന് രമേശ് പക്ഷം നിലപാട് കടുപ്പിച്ചതോടെ

2. മുരളിയെ സ്വീകരിക്കാൻ ഉമ്മൻചാണ്ടി വിഭാഗം തയ്യാറെങ്കിലും മുരളീപക്ഷത്തിന്റെ നീക്കം പാർട്ടിയിൽ മൂന്നാം ഗ്രൂപ്പായി നിലനിൽക്കാൻ. കെ.കരുണാകരൻ അനിഷേധ്യ നേതാവായിരുന്ന പഴയ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കണമെന്ന ആഗ്രഹം ചില മുരളീപക്ഷക്കാർ പരസ്യമാക്കിയതായി സൂചന. സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പുതിയ നീക്കത്തിൽ ആശങ്കയോടെ പാർട്ടി നേതൃത്വം

3. അതിനിടെ, വിവാദങ്ങൾക്കു നടുവിൽ യു.ഡി.എഫ് യോഗം തലസ്ഥാനത്ത്. ബാറുകളുടെ ദൂരപരിധി കുറച്ചതിന് എതിരെയുള്ള സമരപരിപാടികൾക്ക് പുറമെ, വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും മുഖ്യ അജണ്ട. ജെ.ഡി.യുവിന്റെ നിലപാടുകളും പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ആർ. എസ്.പിയുടെ പ്രസ്താവനയും യോഗത്തിൽ ഉയർന്നുവരും

4. സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. അപകീർത്തികരമായ പരാമർശം നടത്തിയതിന് പി.സി ജോർജിന് എതിരെ കേസെടുത്ത ശേഷം നിരവധി ഭീഷണി കത്തുകൾ ലഭിച്ചതായി ജോസഫൈൻ. മനുഷ്യവിസർജ്യം തപാലിൽ ലഭിച്ചതായും പരാതി

5. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇന്നും ജാമ്യാപേക്ഷ നൽകില്ല. വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ അഭിഭാഷകന് ആശയക്കുഴപ്പം. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിവന്നശേഷം മാത്രം തീരുമാനം മതിയെന്ന് നിയമവിദഗ്ധർ. അപേക്ഷ എന്ന് നൽകണം എന്നതിൽ അന്തിമ തീരുമാനം ഉച്ചയോടെ ഉണ്ടായേക്കും

6. കേസിൽ ആരോപണ വിധേയനായ നാദിർഷാ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുന്നത് നാളെ. താരത്തിന് ആത്മവിശ്വാസം പകർന്ന് കേസിൽ പ്രതിചേർത്തിട്ടില്ലെന്ന ബെഹ്രയുടെ പ്രതികരണവും അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി പരാമർശവും. ചോദ്യംചെയ്യലിനോട് പൂർണ്ണമായും സഹകരിക്കുമെന്ന് നാദിർഷാ

7. അതിനിടെ, നടിയെ ആക്രമിച്ച കേസ് നടത്തിപ്പിൽ അതൃപ്തി അറിയിച്ച് അന്വേഷണസംഘം. കോടതിയെ വിവരങ്ങൾ ധരിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിലപാട് അറിയിച്ചത് അന്വേഷണസംഘത്തോട് ആലോചിക്കാതെ എന്നും ഹൈക്കോടതി വിമർശിച്ചത് യഥാർത്ഥ വസ്തുതകൾ മനസിലാക്കാതെ എന്നും വിശദീകരണം

8. മുതിർന്ന മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രക്ഷോഭം രൂക്ഷമാകവെ, അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. ഗൗരിയെ വധിക്കാൻ ഉപയോഗിച്ച തോക്കും തിരകളും രണ്ട് വർഷം മുൻപ് എം.എം കൽബുർഗിയെ വധിക്കാൻ ഉപയോഗിച്ചതിന് സമാനമെന്ന് പൊലീസ്. രണ്ട് കൊലപാതകങ്ങൾക്കും ഉപയോഗിച്ചത് പ്രാദേശികമായി വികസിപ്പിച്ചെടുത്ത 7.65 എം.എം പിസ്റ്റൾ എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ

9. കൊലയാളി വെടിയുതിർത്തത് ഗൗരിലങ്കേഷിന്റെ നെഞ്ചിലേക്ക് എന്ന് പ്രത്യേക അന്വേഷണസംഘം. ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിൽ നിന്നും കണ്ടെടുത്തത് മൂന്ന് വെടിയുണ്ടകൾ. ഗൗരിയുടെ കൊലപാതകത്തിന് കൽബുർഗിയുടെ വധവുമായി സമാനതകൾ ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതിയ കണ്ടെത്തൽ, ഇരു കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത് ഒരേ സംഘം എന്ന സംശയം ബലപ്പെടുത്തുന്നത്

10. അതിനിടെ, ഗൗരിലങ്കേഷിന്റെ കൊലപാതകത്തിൽ അപലപിച്ച് മാവോയിസ്റ്റുകൾ. ലങ്കേഷിന്റെ കൊലയാളികൾക്ക് എതിരെ തെരുവിലിറങ്ങാനും ശക്തമായ സമരം ആരംഭിക്കാനും ആഹ്വാനം ചെയ്ത് കേന്ദ്രകമ്മിറ്റി വക്താവ്. കൊലപാതകത്തിനു പിന്നിൽ മാവോയിസ്റ്റുകളെന്ന ഹിന്ദുത്വ ശക്തികളുടെ പ്രചരണം അടിസ്ഥാനരഹിതമെന്നും വിശദീകരണം

11. ഇന്ത്യയുടെ സ്വപ്ന പദ്ധതിക്ക് സാക്ഷാത്കാരം. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അഹമ്മദാബാദിൽ തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും. മുംബയ്, അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ബുള്ളറ്റ് ട്രെയിൻ പാതയുടെ നീളം 508 കിലോമീറ്റർ. പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഷിൻസോ ആബെ

12. ജപ്പാൻ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് നരേന്ദ്രമോദി. ഇത് ചരിത്ര മുഹൂർത്തം. ജപ്പാന്റെ സഹകരണത്തോടെ ഇന്ത്യ ഉയരങ്ങൾ കീഴടക്കും. ഇത് പുതിയ ഇന്ത്യ എന്നും പ്രധാനമന്ത്രി. 10 കോച്ചുകളുള്ള ബുള്ളറ്റ് ട്രെയിനിൽ ഉൾക്കൊള്ളാനാവുക 750 യാത്രക്കാരെ. മണിക്കൂറിൽ 350 കിലോമീറ്റർ വരെയാണ് ട്രെയിനിന്റെ വേഗത. പദ്ധതി അഞ്ച് വർഷത്തിനകം പൂർത്തിയാകും
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ