Friday, 22 September 2017 6.22 AM IST
വിഴിഞ്ഞം: സർക്കാർ സന്പത്ത് പണയപ്പെടുത്തിയെന്ന് ഹൈക്കോടതി
September 14, 2017, 6:15 pm
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിക്കായി സംസ്ഥാനത്തിന്റെ സന്പത്ത് സർക്കാർ പണയപ്പെടുത്തിയെന്ന് ഹൈക്കോടതി. സി.എ.ജി റിപ്പോർട്ട് ഇത് വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. 40 വർഷം കൊണ്ട് ലഭിക്കേണ്ട തുകയെക്കാൾ കൂടുതൽ തിരിച്ചടയ്ക്കേണ്ടി വരുന്നുണ്ട്. 13,​947 കോടി അടയ്ക്കേണ്ട സ്ഥാനത്ത് 19,​555 കോടിയാണ് അദാനിക്ക് തിരിച്ചടയ്ക്കേണ്ടി വരുന്നത്. വിഴിഞ്ഞം സംബന്ധിച്ച റിപ്പോർട്ട് കണ്ട സി.എ.ജി ഞെട്ടിപ്പോയെന്നും കോടതി പറഞ്ഞു.

വിഴിഞ്ഞം സംബന്ധിച്ച് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ നാലു മാസമായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. കമ്മിഷന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുമില്ല. കരാറിന്റെ പേരിൽ പൊതുമുതൽ വിൽക്കുകയാണോ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് എന്തു വാണിജ്യ നേട്ടമാണ് ഉണ്ടാവുകയെന്നും സംസ്ഥാനത്തിന്റെ താല്പര്യം ഇൗ കരാറിലൂടെ എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും ഇന്നലെ ചോദിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയിലാണ് കോടതിയുടെ ചോദ്യങ്ങൾ. വിഴിഞ്ഞം തുറമുഖ കരാർ സംസ്ഥാനത്തിന്റെ താല്പപര്യങ്ങൾക്കു വിരുദ്ധമാണെന്ന സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളിൽ സാമ്പത്തിക ഇളവ് അനുവദിക്കുന്നത് 30 വർഷത്തേക്കാണെന്നിരിക്കെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അദാനി ഗ്രൂപ്പിന് 40 വർഷത്തേക്കാണ് ഇളവു നൽകുന്നതെന്നും സംസ്ഥാനത്തിന് ഇതു മൂലം 29,217 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സി.എ.ജി റിപ്പോർട്ടിലുണ്ടെന്ന് ഹർജിക്കാരൻ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ