'ആനന്ദ'മല്ല,​ ഈ മാച്ച് ബോക്സ്
September 15, 2017, 7:06 pm
ആർ.സുമേഷ്
ഒരു തീപ്പെട്ടി കൂടിനുള്ളിൽ തിങ്ങി നിറച്ചിരിക്കുന്ന കോലുകൾക്ക് പ്രത്യേകതകൾ ഒന്നുമുണ്ടാവില്ല. കാരണം മറ്റൊന്നുമല്ല,​ എല്ലാ കോലുകളും ഒരു നിമിഷം കൊണ്ട് എരിഞ്ഞ് അടങ്ങാനുള്ളത് തന്നെ. അത്തരത്തിൽ യുവതത്വത്തിന്റെ പതിവ് പ്രണയവും പ്രണയചപലതകളുമെല്ലാം കുറച്ച് തല്ലും വഴക്കുമെല്ലാം ചേർത്ത് ഞെക്കിഞെരുക്കി ഒരു ഫ്രെയിമിനുള്ളിൽ പതംവരുത്തിയെടുത്ത സിനിമയാണ് നവാഗതനായ ശിവറാം മോനി സംവിധാനം ചെയ്ത മാച്ച് ബോക്സ്.

കഥയുടെ തീപ്പെട്ടിക്കോൽ
അംബു(റോഷൻ മാത്യൂ)​ ബി.കോം വിദ്യാർത്ഥിയാണ്. അംബുവിന്റെ അച്ഛൻ (ഷമ്മി തിലകൻ)​ ഹിന്ദുവും അമ്മ മുസ്ളിം മതക്കാരിയുമാണ്. പ്രണയ വിവാഹമായിരുന്നു. അ ങ്ങനെയിരിക്കെ അംബുവിന്റെ അച്ഛന്റെ ഉറ്റസുഹൃത്ത് വിനോദ് (അശോകൻ)​ ഗൾഫിൽ നിന്ന് കുടുംബത്തോടെ നാട്ടിലെത്തുന്നു. ആദ്യ കാഴ്ചയിൽ തന്നെ അംബുവിന് വിനോദിന്റെ മകളായ നിധി (ദൃശ്യ രഘുനാഥ്)​യോട് പ്രണയം തോന്നുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയുടെ ശേഷം ഭാഗം.

സൗഹൃദത്തിലൂടെ പ്രണയവഴിയിൽ
സൗഹൃദത്തിന്റെ കഥ പറഞ്ഞ് പ്രണയവഴിയിലേക്ക് കയറി പിന്നെ പതിവ് ക്ളൈമാക്സിലെത്തിക്കുന്ന പറഞ്ഞ് പഴകിയ വഴിയിലൂടെ തന്നെയാണ് ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളായ നിഖിൽ ആനന്ദും കെന്നി പെരൂസിയും പ്രേക്ഷകരെ തെളിക്കുന്നത്. പഞ്ചില്ലാത്ത പ്രണയമാണെങ്കിൽ അനന്തരഫലങ്ങൾക്കും പഞ്ചുണ്ടാവില്ല,​ ലോലമായ തിരക്കഥ സിനിമയുടെ പഞ്ചിനെ നന്നായിത്തന്നെ ചോർത്തിക്കളഞ്ഞു. സമൂഹത്തിലെ ജാതി - മത ചിന്തകളും മറ്റും സിനിമയിൽ വന്നുപോകുന്നുണ്ട്. ഫേസ്ബുക്ക് ലൈവ് എന്ന കലാപരിപാടി വിവാഹം മുടക്കാൻ കെല്പുള്ള ആയുധമാണെന്നും സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. കോളേജിലേയും ബസ്‌ സ്റ്റോപ്പിലേയും കാമുകിയുടെ വീട്ടിലൊക്കെ വലിഞ്ഞു കയറുന്ന രംഗങ്ങൾ കാണുന്പോൾ തട്ടത്തിൻമറയത്ത് എന്ന സിനിമയുടെ സീനുകൾ ചിലപ്പോൾ ഓർമയിൽ വന്നെന്നു വരും.

മുഖ്യ തീപ്പെട്ടിക്കോലുകൾ
ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധേയരായ റോഷൻ മാത്യൂ,​ വിശാഖ് നായർ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. രണ്ടുപേരും കോളേജ് വിദ്യാർത്ഥികളും ഇണപിരിയാത്ത കൂട്ടൂകാരും. ആദ്യ സിനിമയിലും സമാനമായ വേഷമായിരുന്നു ഇവർക്ക്. നിരുത്തരവാദപരമായ ജീവിതം നയിക്കുന്ന കോളേജ് വിദ്യാർത്ഥിയായി റോഷൻ നല്ല പ്രകടനം തന്നെയാണ് കാഴ്‌ചവയ്ക്കുന്നത്. ആനന്ദത്തിൽ കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിശാഖിന് ഇവിടേയും അത്തരമൊരു വേഷം തന്നെയാണ് ലഭിച്ചത്,​ കൂട്ടുകാരന്റെ പ്രണയത്തിന് കുട പിടിക്കുകയും ഹംസമാവുകയും ചെയ്യുന്ന വാളിപ്പയ്യന്റെ. സൗഹൃദവും സുഹൃത്തിനു വേണ്ടി ജീവൻ കളയാൻ തയ്യാറുള്ള ന്യൂജെൻ ചങ്ക് ബ്രോസിനേയും സിനിമയിൽ കാണാം. കോഴിക്കോടിന്റെ ഉൾനാടൻ ഗ്രാമത്തിൽ സിനിമയ്ക്ക് തിരക്കഥ എഴുതുകയെന്ന സ്വപ്നം പേറി നടക്കുന്ന കഥാപാത്രങ്ങളും മാച്ച് ബോക്സിലുണ്ട്.

ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ അരങ്ങേറിയ ദൃശ്യ രഘുനാഥിന് കാര്യമായൊന്നും ചെയ്യാനില്ല. പരന്പരാഗത നായികമാരുടെ സൗന്ദര്യ സങ്കൽപങ്ങളെ ദൃശ്യ കുറച്ചെങ്കിലും മാറ്റി എഴുതുന്നുണ്ട്.

കമ്മ്യൂണിസ്‌റ്റുകാരനാണെന്ന് പറയാമെങ്കിലും ലാൽസലാം സഖാവേ എന്നു പറയുന്നതിൽ തീരുന്നു ഷമ്മി തിലകന്റെ കമ്മ്യൂണിസം. അശോകനും അത്ര വലിയ മികവൊന്നും പ്രകടമാക്കുന്നില്ല. ജോജോൺ ചാക്കോ, മാത്യൂ ജോയ്, ശരത്, റോണി,​ സോനു, ശ്രീനിധി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

കോഴിക്കോടിനൊരു ആദരം
സിനിമയുടെ പശ്ചാത്തലം കോഴി ക്കോടാണ്. മാനാഞ്ചിറയും മിഠായിത്തെരുവും ബീച്ചും കോയാസുമൊക്കെ പ്രൗഢി ചോരാതെ തന്നെ ഛായാഗ്രാഹകൻ ഉദയൻ അന്പാടി പകർത്തി. കോഴിക്കോട് ചെന്നാൽ വയറു നിറച്ച് ഭക്ഷണവും പിന്നെ സ്ന‌േഹവുമൊക്ക കിട്ടുമെന്ന കാര്യമൊക്കെ സംവിധായകൻ പറയുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾ അത്ര മികച്ച ശ്രവ്യാനുഭവമൊന്നും നൽകുന്നില്ല.

വാൽക്കഷണം: ഉരച്ചു നോക്കാം കത്തുമോയെന്ന്
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ