കലക്കി സൈമാ....
September 22, 2017, 12:52 pm
എസ്.ആർ
മലയാളത്തിലെ സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് തമിഴകത്തിന്റെ ഇളയദളപതി വിജയ്. വിജയ് എന്നു പറഞ്ഞാൽ അതൊരു വികാരമാണ്. കുഞ്ഞുകുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ വിജയ് എന്ന് പറഞ്ഞാൽ ആവേശഭരിതരാവുന്നത് സ്വാഭാവികവുമാണ്. ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമൺ എന്ന സിനിമയും അത്തരത്തിൽ വിജയ് ആരാധാകന്റെ കഥയാണ് പറയുന്നത്. വിജയുടെ ആരാധകനെന്ന് വെറുതെ പറ‌‌ഞ്ഞാൽ പോര,​ കടുത്ത ആരാധാകൻ എന്നു തന്നെ പറയണം.

സൈമണിന്റെ കഥ
വിജയുടെ ആരാധകനായതിനാൽ തന്നെ സൈമൺ (സണ്ണി വെയ്ൻ) വിജയുടെ സൂപ്പർഹിറ്റ് സിനിമയായ പോക്കിരി പേരിനൊപ്പം ചേർത്താണ് നടക്കുന്നത്. തിരുവനന്തപുരമാണ് സിനിമയുടെ ലൊക്കേഷൻ. അവിടെയുള്ള ഇളയദളപതി വിജയനഗർ ഫാൻസ് അസോസിയേഷൻ സെക്രട്ടറിയായ സൈമണിന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല. സൈമണിനൊപ്പം കടുത്ത വിജയ് ആരാധകരായി മാറിയവരാണ് ലവ് ടുഡേ ഗണേശൻ (അപ്പാനി ശരത്)​,​ ഹനുമാൻ ബിജു (ജേക്കബ് ഗ്രിഗറി)​ എന്നിവർ. വിജയിനൊപ്പം നിന്നുള്ള ഫോട്ടോഷൂട്ടാണ് ഇവരുടെ ജീവിതാഭിലാഷം തന്നെ. ഈ ആഗ്രഹവുമായി നടക്കുന്നതിനിടെ ഗണേശന്റെ മകളെ ദുരൂഹസാഹചര്യത്തിൽ കാണാതാവുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയുടെ ആകെത്തുക.

വിജയിൽ തുടങ്ങി വിജയിൽ അവസാനിക്കുന്ന സിനിമ
യഥാർത്ഥത്തിൽ വിജയ് എന്ന മഹാനടന് ഒരു ആദരം കൂടിയാണ് ഈ സിനിമ. മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ മലയാള സിനിമാപ്രേക്ഷകർ നെഞ്ചേറ്റുന്ന നടനെയാവും സിനിമ കണ്ടിറങ്ങുന്പോൾ പ്രേക്ഷകന്റെ മനസിലുണ്ടാവുക. കാരണം മറ്റൊന്നുമല്ല,​ സിനിമയുള്ളവരെല്ലാം (നായിക അടക്കം)​ വിജയ് ആരാധകരാണെന്നത് തന്നെ. എല്ലായിടത്തും കുറച്ച് എതിരാളികൾ ഉള്ളതു പോലെ ഇവിടെയും വിജയ് ഫാൻസുകാരെ പുച്ഛിക്കുന്നവരും ഉണ്ട്.

കോമഡി, പ്രണയം,​ ക്രൈം എന്ന ട്രാക്കിലൂടെയാണ് സിനിമയുടെ സഞ്ചാരം. വാക്കിലും നോക്കിലും നടപ്പിലുമെല്ലാം വിജയെ അനുകരിക്കുന്ന സൈമണിനെ തനി വിജയിനെ പോലെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. തല്ലേണ്ടിടത്ത് തല്ലും തലോടേണ്ടിടത്തും തലോടും,​ കൈത്താങ്ങാവേണ്ടിടത്ത് സഹായം ചെയ്യും. ആദ്യ പകുതിയിൽ സൈമണിന്റെ അലസജീവിതവും പ്രണയവുമാണ് സിനിമ പറയുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന സിനിമ പിന്നീട് വേഗം കൈവരിച്ച് നാടകീയതകളിലൂടെ പ്രേക്ഷകരെ മുന്നോട്ട് നയിക്കും. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളാണ് സിനിമയുടെ ഹൈലൈറ്റ്. ‌ഞങ്ങൾ ഫാൻസുകാർ അങ്ങനെയാണ്,​ ഒന്നും നോക്കാതെയങ്ങ് താരങ്ങളെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുമെന്ന് സൈമൺ പറയുന്നതിലൂടെ ഫാൻസുകാരുടെ കലർപ്പില്ലാത്ത പിന്തുണയും സംവിധായകൻ വരച്ചു കാട്ടുന്നു.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.അന്പാടിയാണ്. സമൂഹത്തിലെ കൊള്ളരുതായ്മയ്ക്ക് നേരെ തിരിച്ചുപിടിച്ച കണ്ണാടിയാക്കി സിനിമയെ മാറ്റാൻ അന്പാടിക്ക് കഴിഞ്ഞിട്ടുണ്ട്. കേവലമൊരു കോമഡി പ്രണയകഥ എന്നതിലുപരി സമൂഹത്തിന് ശക്തമായൊരു സന്ദേശം നൽകാൻ കൂടി സിനിമയ്ക്ക് കഴിയുന്നു എന്നതും മേന്മയാണ്. സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന കൊള്ളരുതായ്മകൾ. ഇതിന് കുടപിടിക്കുന്ന നിയമപാലകർ,​ കള്ളനും കൊലപാതകിയും നിയമവ്യവസ്ഥയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് എന്നിവയെല്ലാം സിനിമയുടെ പലയിടങ്ങളിലായി വന്നുപോകുന്നു.

സൈമണിന്റെ വേഷത്തിലെത്തുന്ന സണ്ണി വെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രൂപത്തിലും ഭാവത്തിലുമെല്ലാം വിജയ് ആരാധകനാവാൻ സണ്ണി കുറച്ചൊന്നുമല്ല പരിശ്രമിച്ചിട്ടുളളത്. ഓട്ടോ ഡ്രൈവറുടെ വേഷത്തിലെത്തുന്ന അപ്പാനി ശരത്തിന്റേത് മനസിൽ തട്ടുന്ന അഭിനയമാണ്. വിജയ് ആരാധകനായും അതേസമയം,​ തന്നെ മകളുടെ അച്ഛനായും അപ്പാനി തിളങ്ങുന്നു. സർക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിൽ എത്തുന്ന ദിലീഷ് പോത്തന്റെ മികവ് എടുത്തു പറയേണ്ടേതാണ്. സംവിധായകനെന്ന നിലയിൽ നിന്ന് മികച്ചൊരു നടനിലേക്കുള്ള പോത്തേട്ടന്റെ പരിണാമം ആരെയും അദ്ഭുതപ്പെടുത്തും. അത്ര അനായാസമായാണ് പോത്തൻ അഭിനയിച്ചിരിക്കുന്നത്. വിജയ് ആരാധികയുടെ വേഷത്തിലെത്തുന്ന പ്രയാഗ മാർട്ടിൻ തന്റെ സൗന്ദര്യം കൊണ്ട് സ്ക്രീനിൽ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. വിജയ് ആരാധകിയടുടെ വേഷത്തിലെത്തുന്ന കൊച്ചുമിടുക്കിയും പ്രേക്ഷകമനം കവരും. നെടുമുടി വേണു,​ അശോകൻ,​ ബൈജു,​ ഷമ്മി തിലകൻ,​ വിജയ് മേനോൻ,​ സൈജു കുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

തലസ്ഥാന നഗരത്തിന്റെ സൗന്ദര്യം ഒട്ടും ചോരാതെ തന്നെ ഛായാഗ്രാഹകൻ ഒപ്പിയെടുത്തിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതം സിനിമയ്ക്ക് ചേരുന്നതായി. സിനിമയുടെ ആരംഭത്തിലെ ഗാനരംഗങ്ങൾ വിജയ് ആരാധകരെ ഇളക്കിമറിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

വാൽക്കഷണം: പോക്കിരിയില്ല ഈ സൈമൺ
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ