വിജയനായിക മംമ്ത
September 24, 2017, 8:34 am
അശ്വതി വിജയൻ
മംമ്തയ്ക്ക് മലയാളികളുടെ മനസിൽ ഒരു ചുണക്കുട്ടിയുടെ സ്ഥാനമാണുള്ളത്. പ്രതിസന്ധികളെയെല്ലാം ചെറുത്തു തോൽപ്പിച്ചവൾ. പ്രതീക്ഷിക്കാത്ത പലതും ജീവിതത്തിൽ സംഭവിച്ചെങ്കിലും അതിലൊന്നും തളരാതെ, പുതിയൊരു വ്യക്തിയായി മംമ്ത മാറുകയായിരുന്നു. ഒപ്പം കരിയറിൽ കൂടുതലായി ശ്രദ്ധിക്കാനും തുടങ്ങി. മംമ്തയ്ക്ക് പറയാനിപ്പോൾ ഏറെ വിശേഷങ്ങളുണ്ട്.

തിരിച്ചറിവിന്റെ നിമിഷങ്ങൾ
ജീവിതമെന്നാൽ ഇപ്പോൾ നാം കടന്നുപോകുന്ന നിമിഷങ്ങളാണ്. അതിൽ സന്തോഷമുള്ള കാര്യങ്ങൾ മാത്രമല്ല നാം ഒരിക്കലും ആഗ്രഹിക്കാത്ത പലതുമുണ്ടാകും. അത് തിരിച്ചറിഞ്ഞ ദിവസം മുതൽ രോഗം എന്റെ മനസിനെ തൊട്ടിട്ടില്ല. സത്യം പറയാമല്ലോ ഈ പ്രതിസന്ധിക്ക് ശേഷമാണ് എന്നെത്തന്നെ കൂടുതൽ ഞാൻ സ്നേഹിച്ചു തുടങ്ങിയത്. ഞാനിപ്പോൾ താമസിക്കുന്നത് അമേരിക്കയിലാണ്. ചികിത്സയ്ക്കായാണ് അവിടേക്ക് പോയതെങ്കിലും ശരീരത്തിൽ മാത്രമല്ല മനസിലും ആ നാട് ഒരുപാട് മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. നമ്മുടെ പ്രേക്ഷകരും എന്നെ കൂടുതൽ സ്നേഹിച്ചു തുടങ്ങി. പലരും മറച്ചു വയ്ക്കണമെന്നാഗ്രഹിക്കുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞത് മംമ്ത എന്ന വ്യക്തിയെ വിശ്വസിക്കാൻ അവരെ പ്രേരിപ്പിച്ചുവെന്ന് തോന്നാറുണ്ട്. പലരും ചോദിക്കും മംമ്തയെ ഒരു വുമൺ ഐക്കൺ എന്ന രീതിയിൽ കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടോയെന്ന്. സ്വന്തം കാര്യങ്ങൾ പുറത്തു പറയാൻ മടിയുള്ള പെൺകുട്ടികളാരും ഇപ്പോൾ ഇൻഡസ്ട്രിയിലില്ല. എല്ലാവരും വളരെ ബോൾഡാണ്, നിലപാടുകൾ ഉള്ളവരാണ്. പക്ഷേ, ഞാൻ എന്തെങ്കിലും സന്ദേശമുള്ള കാര്യങ്ങൾ പറയുമ്പോൾ ആളുകളുടെ മനസിൽ കൂടുതൽ തട്ടുന്നതായി തോന്നാറുണ്ട്. ചിലപ്പോൾ എന്റെ അനുഭവങ്ങൾ ആരുടെ ജീവിതത്തിലും നടക്കാൻ സാദ്ധ്യതയുള്ളതിനാലാകാം. സാധാരണക്കാർ എന്നെ വിശ്വസിക്കുന്നുണ്ടെന്ന കാര്യം ഞാനും മനസിലാക്കുന്നുണ്ട്. അതുകൊണ്ട് വാക്കിലും പ്രവൃത്തിയിലും ഏറെ ശ്രദ്ധിക്കാറുമുണ്ട്.

നമ്മുടെ ഉള്ളിലുണ്ട് ശക്തി
എട്ടു വർഷം മുമ്പാണ് ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്നത്. അതു വരെ പലതും അടക്കി വയ്ക്കുന്നതായിരുന്നു എന്റെ ശീലം. ഒറ്റക്കുട്ടിയായി വളർന്നതിന്റെ പരിമിതികളുമുണ്ടായിരുന്നു. അധികം ബഹളം വയ്ക്കാത്ത കുട്ടി. അച്ഛനമ്മമാരുടെ സ്വഭാവമാണല്ലോ നമുക്ക് കിട്ടുക. ഞങ്ങളുടെ വീട്ടിൽ എപ്പോഴും ശാന്തമായ അന്തരീക്ഷമായിരുന്നു. പക്ഷേ, പുറംലോകം അങ്ങനെയല്ല. അവിടെ വ്യത്യസ്തരായ ആളുകളാണുള്ളത്. അവരോട് സംസാരിച്ച് പിടിച്ചുനിൽക്കാൻ എനിക്കറിയില്ലായിരുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്നയാളായിരുന്നില്ല ഞാൻ. ആ സ്വഭാവം വിവാഹജീവിതത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും എന്നെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്. വാദപ്രതിവാദത്തിലൂടെ ഒരു കാര്യം സ്ഥാപിച്ചെടുക്കുന്നത് എങ്ങനെയെന്ന് ഇന്നുമെനിക്കറിയില്ല. വിഷമങ്ങൾ ഉള്ളിൽ സൂക്ഷിച്ച് അതിൽ ആളിക്കത്തുകയായിരുന്നു പലപ്പോഴും. പിന്നീട് എനിക്ക് മനസിലായി, ഈ സ്വഭാവം ഭാവിയിൽ ഒട്ടും ഗുണം ചെയ്യില്ലെന്ന്. നമ്മുടെ സ്വഭാവത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്. യോജിക്കാത്തവർ ശരീരത്തിനും മനസിനും ഹാനികരമാണ്. അതിനർത്ഥം അവർ മോശം ആളുകളാണെന്നല്ല. പക്ഷേ, ഏറ്റവും അടുത്ത ആളുകൾ ഇങ്ങനെ യോജിപ്പില്ലാത്തവരാണെങ്കിൽ നമുക്ക് സ്‌ട്രെയിനാണ്. അവരെ മാറ്റി നിറുത്തുകയേ നിവൃത്തിയുള്ളൂ. ആ അവസ്ഥയിലാണ് ഞാൻ ഒരു തുറന്ന പുസ്തകമാകാൻ തീരുമാനിക്കുന്നത്. മനസിൽ ഒളിപ്പിക്കാതെ കാര്യങ്ങൾ ഒഴുക്കി കളയാൻ തീരുമാനിച്ചു. ഇനിയങ്ങോട്ട് മറ്റു പെൺകുട്ടികളും തുറന്ന പുസ്തകങ്ങളാകണമെന്നാണ് ആഗ്രഹം. നമ്മുടെയുള്ളിൽ നമ്മൾ തന്നെ അറിയാത്ത ഒരു ശക്തിയുണ്ട്. അതിനെ അടക്കിവയ്ക്കാനാണ് ചെറുപ്പം മുതലേ പെൺകുട്ടികളെ പഠിപ്പിക്കുന്നത്. അത് മറികടക്കണം. എന്നു കരുതി എന്തും വിളിച്ച് പറയരുത്, പറയേണ്ടത് മാത്രമേ പറയാവൂ. ഇപ്പോഴത്തെ സ്ത്രീകൾ വലിയ റെബലുകളായി മാറുന്നുണ്ട്. പുരുഷന്മാരെ ബഹുമാനിക്കുന്നില്ല. അവരുടെ ശരികളെക്കുറിച്ച് ആലോചിക്കുന്നില്ല. സ്ത്രീകൾ കുലീനതയോടെ ഇരിക്കുന്നത് കാണാൻ ഒരു ഭംഗിയുണ്ട്. മാറ്റങ്ങൾ നല്ലതാണ്. പക്ഷേ, പറയാനുള്ളത് നിലവാരത്തോടെ സ്വന്തം മാന്യത നിലനിറുത്തിക്കൊണ്ട് പറഞ്ഞാൽ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകും.

തുറന്നു ചിന്തിക്കട്ടെ
ഞാനൊരു പഞ്ചപാവമായിരുന്നുവെന്ന് വിചാരിക്കരുത്. അച്ഛന് പിറക്കാതെ പോയ ആൺകുട്ടിയാണ് ഞാൻ. എന്തുകാര്യവും പരീക്ഷിക്കാനുള്ള ധൈര്യവുമുണ്ടായിരുന്നു. ഒരു മലയിൽ നിന്നെടുത്ത് ചാടാൻ പറഞ്ഞാൽ അപ്പോൾ ചാടും. ബഹറിനിൽ വളർന്നതും ബാംഗ്ലൂരിൽ ഡിഗ്രി ചെയ്തതും സ്വഭാവത്തെ സ്വാധീനിച്ചിട്ടുണ്ട്. പുറംലോകം കണ്ടു വളർന്നതിനാൽ, അടഞ്ഞ ചിന്താഗതി ഇല്ലായിരുന്നു. അത്തരം ചിന്തകൾ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നവരെയും ഇഷ്ടമല്ല. പക്ഷേ, സമൂഹം എന്നെ ചെറുതാകാൻ നിർബന്ധിക്കുകയായിരുന്നു. സിനിമാ സെറ്റിൽ ജോലി ചെയ്യുന്നവർ താങ്ങാൻ പറ്റാത്ത ഭാരമൊക്കെ എടുത്ത് പോകുന്നതു കണ്ടാൽ എനിക്കാകെ വിഷമമാകും. ഞാൻ ഓടിപ്പോയി അവരോട് ചോദിക്കും ഹെൽപ്പ് വേണോ ചേട്ടായെന്ന്. അപ്പോളെല്ലാവരും ഉപദേശിക്കും ഒരു നായിക അങ്ങനെയൊന്നും ചെയ്യാൻ പാടില്ലെന്ന്. സിനിമയിലെ പത്ത് വർഷം അങ്ങനെയൊക്കെയാണ് കടന്നു പോയത്.

ഇപ്പോഴും കൺഫ്യൂഷനാണ്
അമേരിക്കയിൽ എത്തിയ ശേഷം ഞാൻ വീണ്ടും ജീവിച്ചു തുടങ്ങി. ഉറക്കെ ചിരിക്കാൻ പഠിച്ചു. ഒരു ഹാപ്പി പേഴ്സണായി മാറി. അവിടെ നിൽക്കുമ്പോൾ തോന്നും ജീവിതത്തിൽ ഒരു പ്രശ്നവുമില്ലെന്ന്. കാരണം അവിടുത്തെ കാര്യങ്ങളെല്ലാം അത്ര സിസ്റ്റമാറ്റിക്കായാണ് നടക്കുന്നത്. ഒരു ബില്ലടയ്ക്കാൻ വലിയ ക്യൂ നിൽക്കേണ്ട കാര്യമില്ല. അടിസ്ഥാന കാര്യങ്ങൾ നടത്താൻ അത്ര എളുപ്പമാണ്. ജീവിതം അതുമായി അലിഞ്ഞു ചേർന്നുപോയി. പക്ഷേ. ഇടയ്ക്ക് തോന്നും ഞാനെത്ര സ്വാർത്ഥയാണെന്ന്. നമ്മുടെ സമൂഹത്തിലെ പ്രശ്നങ്ങൾ കാണാതെ പോകുകയാണോയെന്ന സംശയം അലട്ടാൻ തുടങ്ങി. ഇവിടെയായിരിക്കുമ്പോൾ ആരെങ്കിലും വന്നൊരു വിഷമം പറഞ്ഞാൽ എന്നെ വല്ലാതെ ബാധിക്കുമായിരുന്നു. വേറൊരു നാടിന്റെ സൗകര്യങ്ങളിലേക്ക് പോയപ്പോൾ ആ നല്ല ഗുണം നഷ്ടപ്പെട്ടെന്ന തോന്നൽ. അതാണ് പറഞ്ഞത് ഇപ്പോഴൊരു കൺഫ്യൂഷനുണ്ടെന്ന്. ഇവിടേക്ക് തിരിച്ചുവരണോ അതോ അമേരിക്കയിൽ തുടരണമോ എന്നാണ് ചിന്ത.

വരും ഒരു ജീവിതപങ്കാളി
ഒരുപാട് മാറ്റങ്ങളുണ്ട് എനിക്കിപ്പോൾ. ജീവിത പങ്കാളിയെക്കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷേ, അത് എളുപ്പത്തിൽ എടുക്കാവുന്ന തീരുമാനമല്ല. പലതും കുറച്ച് സ്വാർത്ഥതയോടെ ചിന്തിക്കേണ്ടതുണ്ട്. ചികിത്സയ്ക്കായി അമേരിക്കയിൽ തുടരുകയാണെങ്കിൽ അവിടെ നിന്നൊരാളെ പാർട്ണറായി സ്വീകരിക്കുന്നതാവും നല്ലത്. അതിന് പല കാര്യങ്ങളുണ്ട്. അവർക്ക് ലഭിക്കുന്ന ഇൻഷ്വറൻസും ആരോഗ്യപരിരക്ഷയും എനിക്ക് സഹായകരമാകും. അച്ഛനമ്മമാരൊക്കെ കല്യാണം ആലോചിക്കില്ലേ. അതുപോലെ വിവിധ വശങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നു. പ്രണയമൊക്കെ ഇനി നടക്കുമോ എന്നറിയില്ല. അത്തരം ബന്ധങ്ങളുണ്ടാക്കുന്ന വൈകാരിക സംഘർഷങ്ങൾ എന്റെ ആരോഗ്യത്തെയും ബാധിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.