ഈ 'പറവ' പറക്കും മാനംമുട്ടെ
September 21, 2017, 4:37 pm
രൂപശ്രീ ഐ.വി
സൗബിൻ ഷാഹിർ എന്ന താരത്തെ പോലെ സൗബിൻ എന്ന സംവിധായകനും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി അർഹിക്കുന്നുണ്ടെന്ന് 'പറവ' പറയും. 2003ൽ ക്രോണിക് ബാച്ചിലർ എന്ന സിദ്ദിഖ് ചിത്രത്തിലൂടെ സംവിധാന സഹായിയായെത്തിയ സൗബിന്റെ സംവിധായകാനുള്ള കാത്തിരിപ്പ് വെറുതെയായില്ലെന്ന് പറവ ഉറപ്പിക്കും. മലയാള സിനിമയുടെ വലിയ ആകാശത്തിലേക്ക് സൗബിൻ പറത്തിവിട്ട പറവകൾ പ്രേക്ഷകരുടെ നെഞ്ചിൽ കൂടുകൂട്ടുമെന്ന് തീർച്ച.

പറവകൾ പാറി, ഉയരെ ഉയരെ
ഫാസിൽ, സിദ്ദിഖ്, റാഫി മെക്കാർട്ടിൻ, സന്തോഷ് ശിവൻ, രാജീവ് രവി, അമൽ നീരദ് തുടങ്ങി സൗബിൻ ഷാഹിറിന്റെ സംവിധാന പാഠശാലകൾ വലുതായിരുന്നു. പറവ എന്ന സ്വന്തം ചിത്രവുമായി സൗബിനെത്തുമ്പോൾ പക്വതയാർന്ന ഒരു സംവിധായകനെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചെന്ന് ഉറപ്പിച്ചു പറയാം. പ്രാവ് പറത്തൽ മത്സരത്തെ ചുറ്റിപ്പറ്റി വീണ്ടുമൊരു കൊച്ചിക്കഥ ആവേശം ചോരാതെ പറഞ്ഞുവയ്ക്കുകയാണ് സൗബിൻ ഷാഹിർ. ജന്മനാടായ ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും പശ്ചാത്തലത്തിൽ സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ കഥ അതിമനോഹരമായി പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ സൗബിന് കഴിഞ്ഞു. മലയാളത്തിന്റെ പുത്തൻ റിലീസുകൾക്കിടയിൽ സൗബിന്റെ പറവ ഉയരത്തിൽ തന്നെ പറക്കും.

ഇവർ മട്ടാഞ്ചേരി പറവകൾ
മട്ടാ‌ഞ്ചേരിയിൽ പ്രചാരത്തിലുള്ള പ്രാവ് പറത്തൽ മത്സരമാണ് പറവയിലെ ആവേശമെങ്കിലും ഇർഷാദ്, ഹിസാബ്, ഷെയ്ൻ (ഷെയ്ൻ നിഗം), ഇമ്രാൻ (ദുൽഖർ സൽമാൻ), മജീദ് (ജേക്കബ് ഗ്രിഗറി), ഹബീബ (സ്രിന്ധ), ആഷിക്ക് അബു, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ തുടങ്ങിയ നീണ്ട താരനിരയും പറവയിൽ അണിനിരക്കുന്നു. മട്ടാഞ്ചേരിയുടെ ആകാശത്ത് സ്വച്ഛമായി പാറിനടക്കുന്ന ഇവർക്കിടയിലെ മത്സരങ്ങളും കശപിശകളും അടിപിടിയുമാണ് പറവയുടെ കഥ.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഒരൊറ്റ സൗബിൻ
പറവയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയോടൊപ്പം അഭിനയത്തിലും സൗബിൻ കൈവച്ചിട്ടുണ്ട്. കൈവച്ച മേഖലയെല്ലാം കൈപ്പിടിയിൽ നിറുത്താനും മലയാളത്തിന്റെ പുതിയ സംവിധായകന് സാധിച്ചു. പറവ പറത്തൽ ടൂർണമെന്റിൽ സമ്മാനം നേടാനായി പ്രാവുകളെ പോറ്റുന്ന ഇർഷാദിന്റെയും അവന്റെ കൂട്ടുകാരന്റെയും ജീവിതത്തിലൂടെയാണ് പറവയുടെ കഥ ആരംഭിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ നേതൃത്വത്തിലുള്ള എതിർ ടീമുകളോട് ഏറ്റുമുട്ടാനുള്ള ഇർഷാദിന്റെയും കൂട്ടുകാരന്റെയും ശ്രമങ്ങൾ ഏറെ ഗൗരവത്തോടെ തന്നെ പ്രേക്ഷകൻ കണ്ടിരിക്കും. ചിത്രത്തിന്റെ ആദ്യപകുതിയുടെ അവസാനത്തോടെ ഷെയ്ൻ നിഗമിന്റെ ഷെയ്ൻ എന്ന കഥാപാത്രത്തിലേക്ക് പ്രേക്ഷകശ്രദ്ധ മെല്ലെ തെന്നിമാറും. സ്ഥലത്തെ പ്രധാന മയക്കുമരുന്നു സംഘത്തോടുള്ള ഷെയ്‌നിന്റെയും കൂട്ടുകാരുടെയും ഏറ്റുമുട്ടലും അതിലൂടെ കൂട്ടത്തിലൊരുവനെ നഷ്ടപ്പെടേണ്ടിവന്നതിന്റെ കഥയും ആദ്യ പകുതി പറഞ്ഞുതരും. പകരം വീട്ടലും പറവ പറത്തൽ വിജയവും ഒക്കെയായി ആവേശം ചോരാത്ത രണ്ടാം പകുതിയും പറവയെ ഹൃദ്യമായ ചിത്രമാക്കി. പറവ പറത്തിലിനൊപ്പം ക്രിക്കറ്റും പട്ടം പറത്തലും സൈക്കിളോട്ടവുമെല്ലാം പറവയിലെ ആവേശങ്ങളാണ്.

കഥയിലല്ല, പറച്ചിലിലാണ് കാര്യം
രണ്ടര മണിക്കൂർ പറയാനുള്ള കഥയല്ല പറവയുടെ പ്രത്യേകത. കഥപറച്ചിലാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകം. ആദ്യ പകുതിയിൽ കഥയുടെ ദിശാസൂചിക്കായി കുറച്ചധികനേരം കാത്തിരിക്കേണ്ടിവരുന്നത് ഇടയ്ക്ക് പ്രേക്ഷകനെ ഒന്ന് മടുപ്പിച്ചേക്കാം. എന്നാൽ മടുപ്പിനെയും ലാഗിനെയും ലിറ്റിൽ സ്വയമ്പിന്റെ ഛായാഗ്രഹണം അതിവിദഗ്ദ്ധമായി ഒളിച്ചുവച്ചിട്ടുണ്ട്. സ്കൂളിൽ പോകാൻ മടിയന്മാരായ ഇർഷാദിന്റെയും കൂട്ടുകാരന്റെയും ഇഷ്ടവിനോദമായ പ്രാവ് പറത്തൽ ഏതൊരു മനുഷ്യന്റെയും സ്വാതന്ത്ര്യമോഹം തന്നെയാണ്. ക്ലാസ് മുറികൾക്ക് പുറത്താണ് അവരുടെ വലിയ പാഠശാല. സഹജീവികളോടുള്ള സ്നേഹവും സത്യസന്ധതയും ബഹുമാനവുമെല്ലാം അവർ അവിടെനിന്ന് പഠിക്കുന്ന പാഠങ്ങളാണ്. മട്ടാഞ്ചേരിയുടെ ഊടുവഴികളിലൂടെയും ചെറ്റക്കുടിലിന് മുന്നിലൂടെയുമുള്ള അവരുടെ പാച്ചിലുകൾക്ക് റെക്‌സ് വിജയന്റെ ഈണങ്ങൾ പശ്ചാത്തലമൊരുക്കുമ്പോൾ പറവയുടെ ആവേശം ഇരട്ടിയാകും.

പൊലീസ് വേഷത്തിലെത്തി ആഷിക്ക് അബുവും ഷെയ്ൻ നിഗം അടങ്ങുന്ന പുത്തൻ താരനിരയും സിദ്ദിഖും ഹരിശ്രീ അശോകനും അടങ്ങുന്ന മലയാളത്തിന്റെ അഭിനയ കാരണവന്മാമാരും പ്രേക്ഷകരുടെ മനസുനിറയ്ക്കും. പുത്തൻ കാഴ്ചയുടെ വിശാലമായ ആകാശം തേടി പറക്കാം സൗബിന്റെ പറവകൾക്കൊപ്പം.

പാക്കപ്പ് പീസ്: തളരാതെ പറക്കും ഈ പറവ
റേറ്റിംഗ്: 3.5
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ