ആവേശം നിറയ്ക്കും 'രാമലീല'കൾ
September 28, 2017, 4:50 pm
തനിഷ്‌ക്
ഒടുവിൽ 'രാമലീല' എത്തി. സിനിമയ്ക്കകവും പുറവും ഒരുപോലെ കാത്തിരുന്ന ദിലീപ് ചിത്രം കൈയടി നേടും. ഇക്കുറി വെറുമൊരു ദിലീപ് ചിത്രം എന്നതിനപ്പുറം രാമലീല കൈയടി നേടാൻ കാരണങ്ങൾ പലതാണ്. സ്ഥിരം ദിലീപ് ചിത്രത്തിന്റെ തട്ടുപൊളിപ്പൻ ലൈനിൽ നിന്നുമാറി നല്ലൊരു കച്ചവട സിനിമയുടെ ചേരുവകൾ യഥാക്രമം മിക്സ് ചെയ്യാൻ നവാഗത സംവിധായകൻ അരുൺ ഗോപിക്ക് സാധിച്ചിട്ടുണ്ട്. അതിന് ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവിന്റെ പിന്തുണ കൂടിയായപ്പോൾ നിരാശപ്പെടേണ്ടി വന്നില്ല. റൺ ബേബി റൺ, ചേട്ടായീസ് എന്നീ ചിത്രങ്ങളിലൂടെ ഒരു എന്റർടെയ്‌നറിന്റെ നിർമ്മിതി വ്യക്തമായി മനസിലാക്കിത്തന്ന സച്ചി എന്ന തിരക്കഥാകൃത്ത് രാമലീലയിലൂടെയും മികവ് തെളിയിച്ചു.

എല്ലാം രാമലീലകൾ
രാമനുണ്ണി (ദിലീപ്) എന്ന ഇടതുപക്ഷ എം.എൽ.എ പാർട്ടി വിട്ട് വലത്തോട്ട് ചായുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. പാർട്ടി രക്തസാക്ഷി രാഘവന്റെയും സഖാവ് രാഗിണി രാഘവന്റെയും (രാധികാ ശരത്കുമാർ)മകൻ പാർട്ടി വിട്ടത് കടുത്ത രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. ശത്രുപാളയത്തിലെത്തിയ രാമനുണ്ണി ആയിക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എതിർപാർട്ടിയുടെ സ്ഥാനാർ‌ത്ഥിയും അമ്മയുമായ രാഗിണിക്കെതിരെ മത്സരിക്കുന്നു. സ്ഥിരം വോട്ട് പിടിക്കൽ ചൂടും ഉൾപ്പാർട്ടി പോരും രാഷ്ട്രീയക്കളികളുമെല്ലാം ഭംഗിയായി ആവിഷ്കരിക്കാൻ രാമലീലയ്ക്ക് കഴിഞ്ഞു. ഇടതു പാർട്ടിയുടെ ജില്ലാ സെക്രട്ടറി അമ്പാടി മോഹനന്റെ (വിജയരാഘവൻ) കൊലപാതകത്തോടെയാണ് ചിത്രം ആവേശത്തിലേക്ക് കടക്കുന്നത്. കുറ്റം രാമനുണ്ണിയിൽ ചാർത്തപ്പെടുന്നതോടെ രാമലീല ആരംഭിക്കും. ഒടുക്കം ഒളിവാസം (വനവാസം) കഴിഞ്ഞ് രാമൻ വീണ്ടും വെള്ളിവെളിച്ചത്തിലെത്തുമ്പോൾ പതിവുപോലെ മറനീക്കി യഥാർത്ഥ കുറ്രവാളി പ്രേക്ഷകർക്കു മുന്നിലെത്തും. ക്ലൈമാക്സിലെ ട്വിസ്റ്ര് കൂടി ചേർന്നപ്പോൾ മലയാളത്തിന് പുതിയൊരു 'ദിലീപ് ഹിറ്റ്' കിട്ടിയതിന്റെ ആവേശവും. ഇതിന് സമാന്തരമായി രാമനുണ്ണിയെന്ന മകനും അമ്മ രാഗിണിയും തമ്മിലുള്ള ആത്മബന്ധവും കുടുംബപ്രേക്ഷകരെ രസിപ്പിക്കും.

സ്ക്രീനിൽ ഒരു ദിലീപ്-ഷാജോൺ കൂട്ടുകെട്ട്
ഒരു മുഴുനീളൻ ദിലീപ് ചിത്രം തന്നെയാണ് രാമലീലയെന്ന് ഉറപ്പിച്ചു പറയാം. ആദ്യ പതിനഞ്ചു മിനിറ്റിനകം തന്നെ ദിലീപും ഷാജോണും ഫ്രെയിമുകൾ പിടിച്ചെടുക്കും. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി പഞ്ചുകളില്ലെങ്കിലും നർമ്മത്തിന്റെ മേമ്പൊടി വിതറാൻ ഷാജോൺ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. ആ ശ്രമം ഫലം കാണാൻ ചിത്രത്തിന്റെ രണ്ടാം പകുതി എത്തേണ്ടി വന്നെന്നു മാത്രം. വലതുപക്ഷ രാഷ്ട്രീയക്കാരനെങ്കിലും സിദ്ദിഖിന്റെ ഉദയഭാനു എന്ന കഥാപാത്രത്തിന് വ്യക്തമായ രാഷ്ട്രീയസാമ്യവും നിലനിൽക്കുന്നുണ്ട്.

പഴയ രാമന്റെ പുത്തൻ ലീലകൾ
രാമനുണ്ണിയെന്ന കഥാപാത്രം പ്രേക്ഷകർക്ക് പുതിയതല്ല. എന്നാൽ ലീലകളിലാണ് പുതുമ. പ്രേക്ഷകൻ കഷ്ടപ്പെട്ടിരുന്ന് ചിരിക്കാൻ നിർബന്ധിതരാകുന്ന ചില ചീറ്റിയ ദിലീപ് വെടിക്കെട്ടുകളിൽ നിന്ന് വലിയ ആശ്വാസമേകും രാമലീല. ആവർത്തന വിരസത തളർത്തിയ കച്ചവട ചിത്രത്തിന് ചെറിയൊരിടവേളയ്ക്കുശേഷം രാമലീലയിലൂടെ ജീവൻ വച്ചിട്ടുണ്ടെന്ന് ഉറപ്പ്. ബോറടികളില്ലാതെ രണ്ടാം പകുതിയിലേക്ക് പ്രവേശിച്ചുകഴി‌ഞ്ഞാൽ കിടിലൻ ഒരു സസ്‌പെൻസും കണ്ട് മടങ്ങാം.

കൈയടി രാമനോ?
രാമലീല എന്ന ചിത്രത്തിന്റെ മുഴുവൻ കൈയടിയും നേടിയത് ആ ചിത്രം മാത്രമല്ല. ദിലീപ് എന്ന ചലച്ചിത്രതാരം യഥാർത്ഥ ജീവിതത്തിൽ നേരിടുന്ന കേസും അനുബന്ധമായ കാര്യങ്ങളും പൂർണമായി മാറ്റി നിറുത്തിയല്ല സാധാരണ പ്രേക്ഷകർ തിയേറ്ററിലെത്തിയത്. ദിലീപ് എന്ന വ്യക്തിയെ പിന്തുണയ്ക്കുന്നവർ രാമലീല ഒരു ദിലീപ് ചിത്രം മാത്രമായും ഏറ്റെടുത്തിട്ടുണ്ട്.

ഷാജികുമാറിന്റെ ഛായാഗ്രഹണം, ഗോപിസുന്ദറിന്റെ സംഗീതം, സലിം കുമാർ, രൺജി പണിക്കർ, പ്രയാഗ മാർട്ടിൻ, സുരേഷ് കൃഷ്ണ, മുകേഷ് തുടങ്ങിയ നീണ്ട താരനിരയും കൺ നിറയെ കാണാനുള്ള വകയും ഒരുക്കിയിട്ടുണ്ട്.

പാക്കപ്പ് പീസ്: രാമനെയല്ല, രാമലീലകൾ കാണാം
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ