സുജാതേച്ചി ഉദാഹരണമാണ്
September 28, 2017, 11:17 pm
ആർ.സുമേഷ്
എല്ലാ ചോദ്യങ്ങളുടേയും ഉത്തരം അതിന് ചുറ്റിലുമുണ്ട്. തേടിച്ചെല്ലണമെന്നു മാത്രം. അത്തരത്തിൽ ഒരുപാട് ചോദ്യങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോവുകയും അതിന്റെ ഉത്തരം സ്വയം കണ്ടെത്താനും പ്രേരിപ്പിക്കുന്നതാണ് നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാത എന്ന സിനിമ. തമിഴിൽ ഇറങ്ങിയ അമ്മക്കണക്ക് എന്ന സിനിമയുടെ മലയാളം റീമേക്ക് കൂടിയാണ് ഈ സിനിമ.

ഇവർ ഉദാഹരണങ്ങൾ
ഒന്പതാം ക്ളാസിൽ പഠനം നിറുത്തിയ ശേഷം വീട്ടുവേലയ്ക്ക് പോയിത്തുടങ്ങിയ ചെങ്കൽച്ചൂള നിവാസിയായ സുജാത (മഞ്ജു വാര്യർ)​ യും മകൾ ആതിര ക‌ൃഷ്‌ണനു (അനശ്വര രാജൻ)​ മാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. രാപ്പകലില്ലാതെ വീട്ടുജോലികൾ ചെയ്ത് മകളെ പഠിപ്പിച്ച് വലിയ ആളാക്കാനുള്ള ശ്രമത്തിലാണ് സുജാത്. എന്നാൽ മകൾ പഠനത്തിൽ നല്ലപോലെ ഉഴപ്പുന്നു. ആ മകളെ പ്രചോദിപ്പിക്കാൻ സുജാത കണ്ടെത്തുന്ന വഴിയാണ് സിനിമയുടെ കഥാതന്തു.

പതിഞ്ഞ താളത്തിൽ ആരംഭിക്കുന്ന സിനിമയുടെ ആദ്യപകുതി മുഴുവൻ മകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മയുടെ കഷ്ടപ്പാടുകളാണ്. അമ്മയും മകളും തമ്മിലുള്ള സൗഹൃദവും സിനിമയിൽ മനോഹരമായി വരച്ചു കാണിക്കുന്നു. രണ്ടാം പകുതിയിൽ സിനിമ കുറച്ചു കൂടി സങ്കീർണതയിലേക്കും നാടകീയതയിലേക്കും കടക്കുകയാണ്. അമ്മയും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തെ ലോലമായൊരു ചരടിൽ കോർത്ത് പ്രേക്ഷകന്റെ മനസിലേക്ക് കൊളുത്തി വലിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. ചിത്രത്തിന്റെ അവസാന 20 മിനിട്ടുകളിൽ പ്രേക്ഷകരെ അതിവൈകാരികതയുടെ പാതയിലൂടെ നയിക്കുകയാണ്. പിന്നീട് എല്ലാത്തിനുമൊടുവിൽ ചുടനിശ്വാസം പ്രേക്ഷകനിൽ നിന്ന് ഉതിർന്നു വീഴുന്പോൾ കണ്ണു നനയിക്കുന്ന സുജാതയുടെ അനുഭവങ്ങൾക്കും കർട്ടൻ വീഴുകയാണ്.

സുജാത ഉദാഹരണമാവുന്പോൾ
സമൂഹത്തിൽ പല കാരണങ്ങൾ കൊണ്ട് പാർശ്വവത്കരിക്കപ്പെട്ടു പോവുകയോ,​ എങ്ങുമെത്താതെ ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ടതോ ആയ സ്ത്രീകളെയാണ് സുജാത പ്രതിഫലിപ്പിക്കുന്നത്. തനിക്ക് ലഭിക്കാതെ പോയ സൗഭാഗ്യങ്ങൾ എന്തുവില കൊടുത്തും മക്കൾക്ക് നേടിക്കൊടുക്കണമെന്ന അമ്മയുടെ ആഗ്രഹവും സുജാതയിലൂടെ പ്രേക്ഷകർ കാണുന്നു. മകൾക്ക് മാതൃകയാവുന്നതോടൊപ്പം അവളിലെ വാശിയെ ഉണർത്താനും അതിലൂടെ മകളിൽ ലക്ഷ്യബോധമുണ്ടാക്കാൻ വിദ്യാർത്ഥിനി ആവേണ്ടി വരുന്ന അമ്മ. താൻ പഠിക്കുന്ന സ്‌കൂളിൽ തന്നെ വിദ്യാർത്ഥിനിയായി അമ്മയെത്തുന്പോൾ മകൾ അനുഭവിക്കുന്ന ആത്മസംഘ‍ർഷവും സിനിമയുടെ ഹൈലൈറ്റാണ്.

അമ്മക്കണക്ക് സുജാതയാവുന്പോൾ
അമ്മക്കണക്ക് എന്ന സിനിമയിൽ അമലാപോൾ അസാദ്ധ്യമായ അഭിനയമാണ് കാഴ്‌ചവച്ചത്. മലയാളത്തിൽ എത്തുന്പോൾ മ‌ഞ്ജു വാര്യരുടെ കരങ്ങളിലും ഈ വേഷം ഭദ്രമാണ്. രണ്ടാം വരവിൽ സ്ത്രീപക്ഷ കഥാപാത്രങ്ങളാണ് മഞ്ജുവിനെ തേ‌ടിയെത്തുന്നത് എന്നത് ഒരുപക്ഷേ ആവർത്തന വിരസത ഉളവാക്കിയേക്കാം. എന്നാൽ,​ ഇരുത്തം വന്ന മഞ്ജുവിന്റെ അഭിനയം അത്തരം വിമർശനങ്ങളുടെ മുനയൊടിക്കാൻ പോന്നവയാണ്. ഗ്ളാമറിന്റെ ലാ‌ഞ്ചന ലവലേശമില്ലാതെ കാമറയ്ക്ക് മുന്നിൽ സ്വാഭാവികാഭിനയത്തിന്റെ വാതിൽ മഞ്ജു പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുകയാണ്.

ആതിര കൃഷ്‌ണന്റെ വേഷത്തിലെത്തിയ അനശ്വര രാജൻ ബുദ്ധിമുട്ടാൻ തയ്യാറല്ലാത്ത പുതുതലമുറയുടെ നേർക്കാഴ്ചയാണ്. അമ്മയ്ക്കൊപ്പം ഒരേ ക്ളാസിൽ പഠിക്കേണ്ടി വന്നതിന്റെ നാണക്കേടും അതിലൂടെയുണ്ടാവുന്ന ആത്മസംഘർഷങ്ങളും പുതുമുഖ നടിയുടെ പതർച്ചകളില്ലാതെ തന്നെ അനശ്വര അവതരിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ വേഷത്തിൽ എത്തുന്ന മംമ്ത മോഹൻദാസും സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്.

എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം സ്‌കൂൾ ഹെഡ്മാസ്റ്ററായ ശ്രീകുമാറിന്റെ വേഷത്തിലെത്തുന്ന ജോജുവിന്റേതാണ്. കുതിര എന്ന് കുട്ടികൾ വട്ടപ്പേരിട്ട് വിളിക്കുന്ന ജോജുവിന്റെ കഥാപാത്രംമുന്നോട്ട് കുതിക്കുന്നതിന് സിനിമയ്ക്ക് നൽകുന്ന മൈലേജ് ചെറുതല്ല. നെടുമുടി വേണു,​ അരിസ്റ്റോ സുരേഷ്,​ അഭിജ,​ അലൻസിയർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

അനുരാഗകരിക്കൻ വെള്ളം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ നവീൻ ഭാസ്‌കറും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാടകീയതയുടെ അതിപ്രസരം സിനിമയിൽ പലയിടത്തും കാണാമെങ്കിലും സന്തുലിതമായ രംഗങ്ങൾ കൂട്ടിച്ചേർത്തൊരു ബാലൻസിംഗിന് സംവിധായകൻ തുനിയുന്നുണ്ട്.

തിരുവനന്തപുരം നഗരത്തിന്റേയും ചെങ്കൽച്ചൂള കോളനിയുടേയും സൗന്ദര്യം കാമറാമാൻ മധു നീലകണ്ഠൻ ഒപ്പിയെടുത്തിട്ടുണ്ട്. ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ചേരുന്നതായി.

വാൽക്കഷണം: പ്രചോദിപ്പിക്കും സുജാതയുടെ ഉദാഹരണങ്ങൾ
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ