ഷോക്കടിപ്പിക്കും ഈ 'തരംഗം'
September 29, 2017, 3:56 pm
ആർ.സുമേഷ്
തുടക്കത്തിലേ ഒരു കാര്യം പറയാം. ജനനവും മരണവും ഒഴികെ മറ്റൊന്നും ദൈവത്തിന്റെ കൈയിലല്ല. അതൊക്കെ മനുഷ്യന്റെ വരുതിയിൽ തന്നെയാണ്. ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം ചെയ്യുന്ന തെറ്റിന് ശിക്ഷ അനുഭവിച്ചേ മതിയാവൂ. അതിനാൽ തന്നെ ഈ ചിത്രത്തിന്റെ ഭാവിയും പ്രേക്ഷകരുടെ കൈയിലാണ്.

ഫാന്റസിയും യാഥാർത്ഥ്യവും
ഫാന്റസിയും യാഥാർത്ഥ്യവും ഒരുപോലെ സമന്വയിപ്പിച്ചാണ് നവാഗതനായ ഡൊമിനിക് അരുൺ സിനിമ ഒരുക്കിയിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ തികച്ചും പരീക്ഷണചിത്രം. ഏതാണ്ട് രണ്ടര മണിക്കൂറോളം പ്രേക്ഷകർക്ക് ഈ ചിത്രം വലിയൊരു പരീക്ഷണമാണെന്നത് മറ്റൊരു വസ്തുത. ഫാന്റസിയിൽ നിന്ന് തുടങ്ങി കോമഡി,​ വഴി പ്രണയത്തിൽ കടന്ന് ഒടുവിൽ ത്രില്ലറിലൂടെ കഥ അവസാനിപ്പിക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്. ദൈവവും മരിച്ചവനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് സിനിമയുടെ തുടക്കം. പദ്മരാജന്റെ കള്ളൻ പവിത്രൻ എന്ന സിനിമയുടെ പേരാണ് ഇതിലെ കള്ളനും നൽകിയിരിക്കുന്നത്. ഇനി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തന്റെ കുറ്റമല്ലെന്ന് ആദ്യമേ സ്ക്രീനിൽ സംവിധായകൻ എഴുതി കാണിക്കുന്നുണ്ട്. കാരണം പദ്മരാജൻ,​ പ്രിയദർശൻ തുടങ്ങിയവരെല്ലാം ഇദ്ദേഹത്തിന്റെ ആരാധനാപാത്രങ്ങൾ എന്നതു തന്നെ.

ചില മനുഷ്യർ ചത്താലും സ്വൈര്യം തരില്ലെന്ന് നമ്മൾ പറയാറുണ്ട്. അത് ശരിക്കും ദൈവത്തെ ഉദ്ദേശിച്ചാണ്. അങ്ങനെ സ്വൈര്യക്കേട് അനുഭവിക്കുന്ന ദൈവം ഈ സിനിമയിലുമുണ്ട്. ദൈവം എന്നു പറയുന്പോൾ നല്ല സുന്ദരനും സുമുഖനും ഒക്കെ ആണെങ്കിൽ തെറ്റി(നല്ല സെൻസിൽ പറഞ്ഞതാണ്)​. ഈ ദൈവത്തെയാണ് കള്ളൻ പവിത്രൻ (മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ മെന്പർ താഹിറിനെ അവതരിപ്പിച്ച അച്യുതാനന്ദൻ)​ നിരന്തരം ശല്യപ്പെടുത്തുന്നത്. ഒരുവേള ദൈവം നിയന്ത്രണം വിട്ടുപോകുന്നു പോലമുണ്ട്.

ഇനി യാഥാർത്ഥ്യത്തിൽ
ട്രാഫിക് പൊലീസുകാരായ പദ്മനാഭൻ പിള്ള എന്ന പപ്പൻ (ടൊവിനോ തോമസ്)​,​ സിവിൽ പൊലീസ് ഓഫീസർ ജോയ് (ബാലു വർഗീസ്)​ എന്നിവരിലൂടെയാണ് കഥ വികസിക്കുന്നത്. ആന്റണി ഗോൺസാൽവസ് (മനോജ് കെ.ജയൻ)​ നേതൃത്വം നൽകുന്ന സി.ഐ.ഡിയുടെ വിഗ്രഹ മോഷണ കേസുകൾ (ഐഡൽ വിംഗ്)​ അന്വേഷിക്കുന്ന ടീമിലാണ് ഇരുവരും. ഒരു ഓപ്പറേഷനിടെ ഇവരുടെ അബദ്ധം കൊണ്ട് ആന്റണി മരിക്കുന്നു. തുടർന്ന് ഇരുവരും സസ്‌പെൻഷനിലാവുന്നു. അലസത കൈമുതലാക്കി നടക്കുന്ന പപ്പന് മാലു എന്നൊരു കാമുകിയുണ്ട്. വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ചു ജീവിക്കുന്ന (ലിവിംഗ് ടുഗദർ)​ ഇവർക്കിടയിലെ വയ്യാവേലികളാണ് ഈ ഡാർക്ക് കോമഡി ത്രില്ലറിന്റെ ആകെത്തുക.

കഥാഖ്യാനത്തിന്റെ മുൻഗാമികൾ
ദൈവം കഥ പറയുകയും കേൾക്കുകയും ചെ യ്യുന്ന പല സിനിമകളും മുന്പ് നമ്മൾ കണ്ടിട്ടുണ്ട്. നന്ദനം,​ പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്,​ ആമേൻ ഇതൊക്കെ ആ വിഭാഗത്തിൽപെടും. ഇവിടെയും സംവിധായകൻ അവലംബിച്ചിരിക്കുന്ന രീതി മറ്റൊന്നല്ല. ഇടയ്ക്കിടെ ദൈവവും കള്ളൻ പവിത്രനും കഥ പറഞ്ഞു പോകുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മുതൽ ഇപ്പോഴത്തെ കാലം വരെയുള്ള കഥയാണ് സിനിമയിൽ തിരക്കഥാകൃത്തുക്കളായ ഡൊമിനിക് അരുണും അനിൽ നാരായണനും ചേർന്ന് ഒരുക്കിയിരിക്കുന്നത്.

തരംഗമുണ്ടോ?​
വേഗം കുറഞ്ഞ ആദ്യ പകുതിയാണ് സിനിമയ്ക്ക്. ദൈവത്തിൽ തുടങ്ങി പപ്പനിലൂടെ കഥ വികസിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർക്ക് നല്ല ഒന്നാന്തരം ബോറടിയാണ് സിനിമ സമ്മാനിക്കുക. ഇടയ്ക്ക് എപ്പോഴോ ചില രംഗങ്ങൾ നിങ്ങളെ ത്രില്ലടിപ്പിച്ചേക്കാം. പക്ഷേ,​ അതിന് തീപ്പെട്ടിക്കൊള്ളിയുടെ ആയുസേയുള്ളൂ. ഈ ബോറടിക്കിടയിലും ആശ്വാസം തരുന്ന മറ്റൊരു കാര്യം നായകനും നായികയും തമ്മിലുള്ള മരംചുറ്റി പ്രേമത്തിന്റെ അസ്‌കിത അധികം ഇല്ലെന്നതാണ്. സംവിധായകന് സ്തുതി പാടാം.

ടൊവിനോ തരംഗമോ?​
തികച്ചും അലസനും നിഷ്‌കളങ്കനുമായ പപ്പൻ എന്ന എസ്.ഐയെ ടൊവിനോ നന്നായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാലു വർഗീസുമൊത്ത് ടൊവിനോ ചെറിയ തരംഗമൊക്കെ തീർക്കുന്നുണ്ട്. എന്നാലത് സിനിമയെ ആസ്വാദ്യകരമാക്കാൻ മാത്രം അത്ര പോര എന്നതാണ് വസ്തുത.

നായികയായി എത്തുന്ന പുതുമുഖം ശാന്തി ബാലചന്ദ്രന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. കള്ളൻ പവിത്രന്റെ ചെറുമോളായി എത്തുന്ന നായികയ്ക്ക് ക്ളെപ്ടോമാനിയ (എന്തുകണ്ടാലും അടിച്ചുമാറ്റുക)​ എന്ന ​സ്വാഭവമുണ്ട്,​ പക്ഷേ,​ ശാന്തി തന്റെ വേഷം നന്നായി ഉപയോഗിക്കാനൊന്നും ശ്രമിച്ചിട്ടില്ല. അരങ്ങേറ്റമല്ലേ,​ ശരിയാവും എന്ന് പ്രതീക്ഷിക്കാം.

ബിസിനസുകാരിയും തന്റേടിയുമായ ഓമന വർഗീസ് (ചേച്ചി എന്നും വിളിക്കാം)​ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നേഹ അയ്യർ മികച്ചു നിന്നു. പുരുഷ കില്ലാഡികൾ അരങ്ങു വാഴുന്ന കാലത്ത് ഇതുപോലൊരു സ്ത്രീ ഇത്തരം വേഷങ്ങളുമായി മുന്നോട്ട് വരുന്നത് നല്ല കാര്യം തന്നെ. സംവിധായകൻ ദിലീഷ് പോത്തൻ, ഷമ്മി തിലകൻ,​ വിജയരാഘവൻ,​ അലൻസിയർ, സൈജു കുറുപ്പ്, സിജോയ് വർഗീസ് തുടങ്ങിയവർക്കൊപ്പം വലുതും ചെറുതുമായ വൻ താരനിരയും സിനിമയിലുണ്ട്. ദീപക് ഡി. മേനോനാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

വാൽക്കഷണം: എലിയും പൂച്ചയും കളി,​ ഒടുവിൽ എന്താവുമെന്ന് ഊഹിക്കാമല്ലോ
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ