ബിജുവിന്റെ 'ഷെർലോക് ടോംസ്'
September 30, 2017, 9:56 am
ആർ.സുമേഷ്
ബിജു മേനോൻ എന്ന നടന് ഇപ്പോൾ ഒരു ലേബലുണ്ട്. ഏത് സിനിമയായാലും മിനിമം ഗാരന്റി ഉറപ്പു നൽകാനാവുന്ന നടൻ എന്ന ലേബലാണത്. രക്ഷാധികാരി ബൈജു എന്ന സിനിമയിൽ തനി നാടൻ കഥാപാത്രത്തെ അവതരിപ്പിച്ച ബിജു മേനോൻ ഷാഫി സംവിധാന ചെയ്ത ഷെ‌ർലോക് ടോംസ് എന്ന സിനിമയിലൂടെ തനിക്ക് ലഭിച്ച ലേബൽ ഒന്നുകൂടി ഉറപ്പിച്ചു നിറുത്തുകയാണ്.

ഷെർലോക് ഹോംസ് അല്ല ഷെർലോക് ടോംസ്
ചിത്രത്തിന്റെ പേരിന് സർ ആർതർ കോനൻ ഡോയൽ എന്ന വിഖ്യാത കുറ്റാന്വേഷക നോവലിസ്റ്റ് സൃഷ്ടിച്ച ഷെർലോക് ഹോംസ് എന്ന കഥാപാത്രവുമായി ബന്ധമൊന്നുമില്ല. ബിജു മേനോന്റെ കഥാപാത്രമായ പി.എൽ.തോമസ് അഥവാ ഷെർലോക് ടോംസ്,​ ഈ പുസ്തകങ്ങളിൽ ആകൃഷ്ടനായി എന്നേയുള്ളൂ. കുട്ടിക്കാലത്ത് ഐ.പി.എസ് മോഹവുമായി നടന്ന ടോംസ് പിന്നീട് ഐ.ആർ.എസ് ഉദ്യോഗസ്ഥനായി മാറുന്നു. എൻഫോഴ്സ്‌മെന്റ് ജോയിന്റ് ഡയറക്ടറായി ജോലി ലഭിക്കുന്ന ടോംസ് കള്ളപ്പണം കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

രണ്ട് മണിക്കൂറും 38 മിനിട്ടുമാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതി മികച്ച നിലവാരം പുലർത്തുന്പോൾ രണ്ടാം പകുതിയിൽ നാടകീയത അൽപം കൂടുതലായിപ്പോയില്ലേ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നാം. ക്ളൈമാക്സ് സീനിലേക്ക് എത്തുന്നതിന് മുന്പുള്ള ആത്മഹത്യാനാടകം വളരെ ദൈർഘ്യമേറിയതാണ്. ഇത് പ്രേക്ഷകരുടെ ആസ്വാദന ശേഷിയെ തെല്ലെങ്കിലും പരീക്ഷിക്കുന്നുണ്ട്. ക്ലൈമാക്സിലെ ട്വിസ്റ്റ് മികച്ചതൊന്നുമല്ലെങ്കിലും പ്രേക്ഷകരെ ‌ ചെറുതായെങ്കിലും ഞെട്ടിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

നജീം കോയയുടെ കഥയ്ക്ക് സച്ചി,​ സേതു,​ ഷാഫി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാഴ്‌ചക്കാർക്ക് ചിരിക്കുന്നതിന് വേണ്ടിയുള്ള വകകളും തിരക്കഥാകൃത്തുക്കൾ കരുതി വച്ചിട്ടുണ്ട്. അതേസമയം,​ ചിലയിടങ്ങളിൽ കോമഡി പ്രവർത്തിക്കാതെ പോയത് സിനിമയുടെ പോരായ്മയായി. സലിം കുമാർ,​ നോബി,​ ഹരീഷ് കണാരൻ തുടങ്ങിയവരാണ് ഹാസ്യത്തിന്റെ വകുപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.

തനി നാടൻ കഥാപാത്രത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസമുള്ള ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ വേഷം അവതരിപ്പിച്ച ബിജു മേനോൻ മികച്ച പ്രകടനമാണ് നടത്തുന്നത്. കുടുംബജീവിതം തകർന്നു പോയ ഭർത്താവായും ബിജു മികച്ചു നിൽക്കുന്നു. ബിജു മേനോന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലറ്റുകളിലൊന്ന്.

ബിജുവിന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്ന സ്രിന്ധയാകട്ടെ എന്തിനും ഏതിനും ഭർത്താവിനെ ചീത്ത പറയുന്ന വേഷത്തിലാണ് എത്തുന്നത്. എന്നാൽ,​ ചിലപ്പോഴെങ്കിലും സ്രിന്ധയ്ക്ക് കഥാപാത്രത്തിലുള്ള നിയന്ത്രണം നഷ്ടമാവുന്നില്ലേയെന്ന് സംശയം ഉണ്ടായേക്കാം. ടെലിവിഷൻ റിപ്പോർട്ടറുടെ വേഷത്തിൽ എത്തുന്ന മിയയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ല.

ചൗര ആശാൻ എന്ന ചേരിയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സലിംകുമാറിന് ഈ വേഷം വെല്ലുവിളിയൊന്നുമല്ല. സമാനമായ കഥാപാത്രങ്ങളെ സലിംകുമാർ മുന്പും അവതരിപ്പിച്ചുണ്ട്. എന്നിരിക്കിലും തന്റെ പതിവ് ശൈലിയിൽ അദ്ദേഹം കസറുന്നുണ്ട്. ബിസിനസുകാരാനായി എത്തുന്ന വിജയരാഘവന്റെ കഥാപാത്രം വെറും പാഴ്‌വസ്തുവാണ്. ടോംസിന്റെ അദ്ധ്യാപകനായി എത്തിയ കലാഭവൻ ഷാജോണും തന്റെ വേഷത്തോട് നീതി പുലർത്തി.

അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തിയ സുരേഷ് കൃഷ്ണയെ കൊണ്ട് കോമഡി പരീക്ഷിക്കാനുള്ള സാഹസവും സംവിധായകൻ നടത്തിയിട്ടുണ്ട്. പിടലി തിരിക്കാനാവാത്ത എസ്.ഐയുടെ വേഷത്തിൽ എത്തിയ കോട്ടയം നസീറും പ്രേക്ഷകർക്ക് ചിരിക്കാനുള്ള വക നൽകുന്നുണ്ട്.

ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സാഹചര്യത്തിന് യോജിക്കുന്നതായി. ആൽബിയുടെ ഛായാഗ്രഹണവും മികച്ചു നിന്നു. ഏരിയൽ ഷോട്ടുകളും മറ്റും മികവുറ്റതാണ്.

വാൽക്കഷണം: പൈസ വസൂൽ
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ