സ്വപ്നങ്ങൾക്ക് പിന്നാലെ
October 1, 2017, 8:13 am
അശ്വതി വിജയൻ
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളത്തിലും തെലുങ്കിലും ചുവടുറപ്പിക്കുകയാണ് ഉണ്ണി മുകുന്ദൻ. പഴയ ഉണ്ണിയിൽ നിന്നും അടിമുടി ഒരു മാറ്റം. കരിയറിലും ജീവിതത്തിലുമെല്ലാം ഇപ്പോൾ പുത്തൻ വഴിത്തിരിവുകളിലാണ് ഈ യുവതാരം. വിവാഹം, സിനിമ, സ്വപ്നങ്ങൾ എല്ലാം ഉണ്ണി പങ്കുവയ്ക്കുന്നു.

മനസ് പറഞ്ഞ സന്തോഷം
ഒരുപാട് അദ്ധ്വാനിച്ച സിനിമയാണ് ക്ലിന്റ്. അകാലത്തിൽ മരണമടഞ്ഞ ക്ലിന്റ് എന്ന ബാല പ്രതിഭയുടെ അച്ഛന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ആ അച്ഛൻ പകർന്നു കൊടുത്ത അറിവിൽ നിന്നാണ് ക്ലിന്റ് പല പ്രശസ്ത ചിത്രങ്ങളും വരച്ചത്. ജീവിച്ചിരിക്കുന്ന കഥാപാത്രമാണ്. അദ്ദേഹത്തിന്റെ മുപ്പത്തിയഞ്ച് വയസ് മുതൽ 73 വയസുവരെയുള്ള ജീവിതമാണ് സിനിമയിൽ കാണിക്കുന്നത്. അതിനു വേണ്ടി ശരീരം മൊത്തത്തിൽ മാറ്റേണ്ടി വന്നു. ജിമ്മിൽ പോയി കഷ്ടപ്പെട്ടുണ്ടാക്കിയ മസിലൊക്കെ കളഞ്ഞു. ദിവസം ഒരു മണിക്കൂറിലധികം ഓടിയാണ് ശരീരഭാരം കുറച്ചത്.

സിനിമ ഏതുമായിക്കോട്ടെ
മാസ് സിനിമകൾ ഇഷ്ടമാണ്. പേഴ്സണൽ ലൈഫിൽ നടക്കാത്ത എന്തു കാര്യവും സിനിമയിലൂടെ ചെയ്ത് ഫലിപ്പിക്കണം എന്നാണന്റെ ആഗ്രഹം. മാസ് സിനിമ എന്ന് പറയുമ്പോൾ പത്ത് ഇരുപതു പേരെ ഒറ്റയ്ക്ക് അടിച്ചു തോല്പിക്കുക, ഒരു കാമുകി സ്‌ളോ മോഷനിൽ കടന്നുവരിക, അവളുമൊത്ത് പാട്ടുപാടുക തുടങ്ങിയ ഫാന്റസികളൊക്കെ ഇഷ്ടമാണ്. എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവരുമോയെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. അത് സിനിമയിൽ സംഭവിക്കുന്നതിൽ സന്തോഷമുണ്ട്. അതേസമയം റിയലിസ്റ്റിക് സിനിമകളോടും താത്പര്യക്കുറവില്ല. ഏത് തരം സിനിമ ചെയ്താലും ഒരു നല്ല നടനാകണം. മാസും കോമഡിയും ആക്ഷനും എല്ലാം ആ കൂട്ടത്തിൽ വേണം. എന്നെപ്പറ്റി മുൻധാരണയോടെ സിനിമ കാണാൻ വരുന്ന പ്രേക്ഷകരെ അദ്ഭുതപ്പെടുത്തണമെന്നുണ്ട്. നമ്മുടെ സൂപ്പർതാരങ്ങളെ നോക്കൂ. എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. അവരെ പോലെ ആകാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നയാളാണ് ഞാൻ. അപ്പോൾ വ്യത്യസ്തമായ വേഷങ്ങൾ ചെയ്തല്ലേ പറ്റൂ.

തെലുങ്കിലും സമയം തെളിഞ്ഞു
ജനതാഗാരേജിൽ അഭിനയിച്ചപ്പോൾ തന്നെ തെലുങ്കിൽ ശ്രദ്ധ കിട്ടി. ഭാഗ് മതി ഒരു വലിയ പ്രോജക്ടാണ്. അതിലൊരു സോഷ്യൽ ആക്ടിവിസ്ടിന്റെ വേഷമാണ്. ജനങ്ങൾക്കു വേണ്ടി ജീവിക്കുന്ന നായകൻ. അനുഷ്‌ക ഷെട്ടി സെൻട്രൽ കാരക്ടർ ചെയ്യുന്നു. ജയറാമേട്ടനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴിലും തെലുങ്കിലും മലയാളത്തിലും റിലീസ് ചെയ്യും. നടനെന്ന നിലയിൽ മാർക്കറ്റ് വലുതാകുന്നതിന്റെ സന്തോഷമുണ്ട്. മൊത്തത്തിൽ നല്ല സമയമാണെന്ന് തോന്നുന്നു. ഞാനൊരു ഗ്രൂപ്പിന്റെ കൂടെ നിന്ന് സിനിമ ചെയ്തിട്ടില്ല. എപ്പോഴും ഒരേ ആളുകളുടെ കൂടെ ജോലി ചെയ്താൽ ബോറടിക്കുന്ന കൂട്ടത്തിലാണ്. എന്നും പുതിയ ആളുകളെ കാണാനും പുതിയ ആളുകളുടെ കൂടെ ജോലി ചെയ്യാനുമാണിഷ്ടം. ജീവിതത്തിൽ ഫ്രീ ബേർഡായിരിക്കുക എന്നതാണ് പോളിസി. ദൈവം സഹായിച്ച് കരിയറിൽ ഒരിക്കൽപ്പോലും സിനിമയില്ലാതെ വിഷമിച്ചിട്ടില്ല. ഞാൻ ആഗ്രഹിക്കുന്ന സിനിമകൾ എപ്പോഴും കിട്ടിയിട്ടില്ലെന്നേയുള്ളൂ. സിനിമ എന്നെ തേടി വന്നതാണ്. ഇപ്പോൾ ജീവിതത്തിൽ സിനിമ മാത്രമേയുള്ളൂ. പതുക്കെയായാലും ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകൾ ചെയ്യാൻ കഴിയുമെന്നാണ് വിശ്വാസം.

എല്ലാറ്റിനും സമയമുണ്ട്
ഞാൻ ബ്രേക്കെടുക്കുന്നത് അങ്ങനെ വലിയ കാര്യങ്ങൾക്ക് വേണ്ടിയൊന്നുമല്ല. അഭിനയത്തിൽ സജീവമായപ്പോഴും അച്ഛനും അമ്മയും ഗുജറാത്തിലായിരുന്നു. മിക്കവാറും ആറ് മാസത്തെ ഷൂട്ടിംഗൊക്കെ കഴിഞ്ഞായിരിക്കും അവരെ കാണാൻ പോകുന്നത്. രണ്ടോ മൂന്നോ മാസത്തെ ബ്രേക്കെടുത്ത് പോയി പതിയെ മടങ്ങിവരുന്നതാണ് പതിവ്. എന്നാൽ മലയാളത്തിൽ ഇൻഡസ്ട്രിയുടെ ചലനമനുസരിച്ച് ഒരു ലൊക്കേഷനിൽ നിന്ന് അടുത്തതിലേക്ക് പൊയ്ക്കൊണ്ടേയിരിക്കണം. നമ്മുടെ ആളുകളുടെ മനോഭാവവും ആ രീതിയിലാണ്. ഞാനിവിടെ ഇരിക്കുന്നത് ആരെങ്കിലും കണ്ടാൽ ആദ്യത്തെ ചോദ്യം എന്താ സിനിമയൊന്നും ഇല്ലേയെന്നായിരിക്കും. ഒരു ദിവസം ഷൂട്ടില്ലെങ്കിൽ സിനിമയേയില്ലെന്നാണ് ആളുകളുടെ വിചാരം. ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അടുത്തതിന്റെ കഥ കേൾക്കുന്നതാണ് മലയാളത്തിലെ രീതി. എനിക്കതിൽ താത്പര്യമില്ല. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതെന്തുകൊണ്ട് സംഭവിച്ചുവെന്ന് ആലോചിക്കാൻ സമയം വേണം. അതുപോലെ കുടുംബം പ്രധാനപ്പെട്ടതാണ്. അവർക്കു വേണ്ടിയും സമയം ചെലവഴിക്കണം. ഇപ്പോൾ അവരെല്ലാം ഒറ്റപ്പാലത്തേക്കെത്തി. മനഃപൂർവമല്ലെങ്കിലും ഈ ബ്രേക്കുകൾ ആത്മവിശ്വാസം കൂട്ടാൻ സഹായിച്ചിട്ടുണ്ടെന്നത് സത്യമാണ്.

വിവാഹം, ഒന്നും പറയാറായിട്ടില്ല
എല്ലാവരും ഇപ്പോൾ ചോദിക്കുന്നത് വിവാഹകാര്യം തന്നെയാണ്. ഒന്നാമത് ഈ പ്രായം. ഇൻഡസ്ട്രിയിൽ ഇതേ പ്രായത്തിലുള്ള മിക്കവർക്കും ഒന്നും രണ്ടും കുട്ടികളൊക്കെ ആയിക്കഴിഞ്ഞു. ഞാൻ മിക്കവാറും ഫ്രീബേർഡായി തുടരാനാണ് സാദ്ധ്യത. മാത്രമല്ല കല്യാണപ്രായമായെന്ന് ഇതുവരെ തോന്നിയിട്ടില്ല. മനസ് കൊണ്ട് 1516 വയസാണ്. അമ്മ ഒരു തവണ ചോദിച്ചു എന്താണ് തീരുമാനമെന്ന്. ഞാൻ പറഞ്ഞു ഇതൊക്കെ സംഭവിക്കേണ്ട കാര്യങ്ങളല്ലേ, പ്ലാൻ ചെയ്യേണ്ടതല്ലല്ലോയെന്ന്. അച്ഛനും അമ്മയും ഒരു കാര്യത്തിലും നിർബന്ധിക്കുന്ന കൂട്ടത്തിലല്ല.

സ്വപ്നം അത്ര ചെറുതല്ല
തെലുങ്കിൽ സജീവമായ സ്ഥിതിക്ക് പുതിയ കുറച്ച് സ്വപ്നങ്ങളും മനസിൽ കയറിക്കൂടിയിട്ടുണ്ട്. ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ. ഒരു കൊമേഴ്സ്യൽ ബോളിവുഡ് പടം ചെയ്യണമെന്നാണ് ആഗ്രഹം. അതിനു വേണ്ടിയാകും ദൈവം ഈ അവസരങ്ങളൊക്കെയുണ്ടാക്കി തരുന്നത്. ഇപ്പോൾ പല താരങ്ങൾ ഇൻഡസ്ട്രികൾ മാറി ജോലി ചെയ്യുന്നുണ്ട്. അത് ഗുണകരമാണ്. എനിക്ക് ഹിന്ദി നന്നായി അറിയാമെന്നതും ഗുണം ചെയ്യുമെന്ന് തോന്നുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.