'തരംഗ'മായി ശാന്തിയുടെ 'രണ്ടുപേർ'
September 28, 2017, 10:44 am
പുതുമുഖങ്ങൾക്ക് വളരെ അപൂർവമായി ലഭിക്കുന്ന ഇരട്ടി മധുരവുമായാണ് ശാന്തി ബാലചന്ദ്രൻ എന്ന നായിക മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. ശാന്തി ഒരേ സമയം രണ്ട് സിനിമകളിലാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിലൊന്ന് നാളെ തിയേറ്ററുകളിലെത്തും. മറ്റൊന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അരുൺ ഡൊമനിക് സംവിധാനം ചെയ്യുന്ന തരംഗമാണ് ശാന്തി നായികയായി നാളെ റിലീസ് ചെയ്യുന്ന ചിത്രം. യുവതാരം ടൊവിനോ തോമസ് നായകനാകുന്ന തരംഗത്തിന്റെ ടീസറും ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. മാലിനി എന്ന മാലുവായി പ്രേക്ഷകർക്കു മുന്നിലെത്താൻ ഒരുങ്ങുന്ന ശാന്തി മികച്ചൊരു തിയേറ്റർ ആർട്ടിസ്റ്റാണ്.

അങ്ങനെയൊരു അവധിക്കാലത്ത്
ബ്രിട്ടനിലെ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ പി.എച്ച്ഡിക്ക് പഠിക്കവേ പരീക്ഷയ്ക്ക് ഇടവേളയെടുത്ത് നാട്ടിലെത്തിയതാണ് ശാന്തിക്ക് ജീവിതത്തിൽ ബ്രേക്ക് നൽകിയത്. അത് ശാന്തിയിലൂടെ തന്നെ അറിയാം. ചെറുപ്പം തൊട്ടേ നാടകങ്ങളിലും മറ്റും പങ്കെടുത്തിരുന്ന ഞാൻ അവധിക്കാലത്തെ കൊച്ചിയിലെ കറക്കത്തിനിടയിൽ കണ്ണുടക്കിയത് ഒരു പരസ്യത്തിലായിരുന്നു. ഹരോൾഡ് പിന്ററിന്റെ നാടകമായ ദ ലവർ മലയാളത്തിൽ എടുക്കുന്നു. സനൽ അമൻ സംവിധാനം ചെയ്യുന്ന നാടകത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്. നാടകത്തോടുള്ള താത്പര്യം കാരണം ബയോഡേറ്റ അയച്ചു. അതിൽ നായികയായി. ആ നാടകം ആറ് സ്റ്റേജോളം കളിച്ചു. ലവറിലെ നായിക ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിലൂടെയാണ് സിനിമകളിലേക്കുള്ള അവസരം തുറന്നത്.

രണ്ടുപേരും തരംഗവും
നാടകത്തിനു വേണ്ടി റഷസും ട്രെയിലറും പുറത്തിറക്കിയിരുന്നു. ട്രെയിലർ കണ്ട് ഇഷ്ടപ്പെട്ടാണ് രണ്ടുപേർ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രേം ശങ്കറിന്റെ വിളി വരുന്നത്. അതിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ബാംഗ്ലൂരിൽ ആരംഭിച്ചു. ഇതിനിടയിൽ തരംഗത്തിന്റെ സംവിധായകനും ട്രെയിലർ കണ്ട് എത്തിയിരുന്നു. എന്റെ സുഹൃത്ത് നന്ദിനിയാണ് ചിത്രങ്ങൾ അയച്ചു കൊടുത്തത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലായതിനാൽ ആക്ടിംഗ് വീഡിയോ ആദ്യം നൽകുകയായിരുന്നു. പിന്നെ നാട്ടിൽ വന്നപ്പോൾ ലൈവ് ഓഡിഷനും ചെയ്തു. അടുത്ത ദിവസം തന്നെ സെലക്ടായെന്ന് അറിയിപ്പും വന്നു. ഇപ്പോഴിതാ സിനിമ റിലീസാവുന്നു. രണ്ടുപേർ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തരംഗത്തിൽ മാലുവും. രണ്ടും വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളാണ്. മാലു വളരെ ബോൾഡാണ്. ഒരു ലിവ് ഇൻ റിലേഷൻഷിപ്പിനെ മുന്നോട്ടു കൊണ്ടുപോകുന്നത് മാലുവാണ്. അവളുടെ ധൈര്യമാണ്. വണ്ടർ ബാർ ഫിലിംസ് പോലൊരു ബാനറിൽ തുടക്കം കുറിക്കാൻ കഴിയുകയെന്നതും വലിയ ഭാഗ്യമായി കരുതുന്നു. രണ്ടുപേർ ഐ.എഫ്.എഫ്.കെയിൽ തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ശരിക്കും ഒരു ഇരട്ടി മധുരമാണ്.

അവസരങ്ങൾ ശ്രദ്ധയോടെ
തുടക്കത്തിൽ ലഭിച്ച കഥാപാത്രങ്ങളുടെ മികവ് തുടർന്നുകൊണ്ടുപോകണം. നല്ല അവസരങ്ങൾ, മികച്ച കഥാപാത്രങ്ങൾ വന്നാൽ ഉറപ്പായും അഭിനയിക്കും. അങ്ങനെ പ്രേക്ഷക മനസിൽ സ്ഥാനം ഉറപ്പിക്കണം. അതിനായുള്ള കാത്തിരിപ്പിലാണ്.

അഭിനയവും പെയിന്റിംഗും
അഭിനയവും പെയിന്റിംഗും ഒരുപോലെ ഇഷ്ടമാണ് ശാന്തിക്ക്. നിരവധി പെയിന്റിംഗ് എക്സിബിഷനുകളും താരം നടത്തിയിട്ടുണ്ട്. വരയ്ക്കുമ്പോഴും അഭിനയിക്കുമ്പോഴും കിട്ടുന്ന സംതൃപ്തി ഒന്നു വേറെ തന്നെയാണ് ഈ കോട്ടയംകാരിക്ക്. ബാങ്കുദ്യോഗസ്ഥനായ അച്ഛന്റെ സ്ഥലംമാറ്റം കാരണം ഇന്ത്യയിലെ വിവിധയിടങ്ങളിലായാണ് ശാന്തിയും സഹോദരൻ സന്ദീപും വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അത് തങ്ങളുടെ സ്വഭാവരൂപീകരണത്തിന് സഹായിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. അതിനു ശേഷമാണ് പി.എച്ച്ഡിക്കായി ബ്രിട്ടണിലേക്ക് പറന്നത്. സന്ദീപ് ഇറ്റലിയിൽ എം.ബി.എ ചെയ്യുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.