ബാബുപോൾ പ്രസാദിക്കാൻ മണിയടിയല്ല, പിടിവലി മതി
October 9, 2017, 9:37 am
സജീവ് കൃഷ്ണൻ
തിരുവനന്തപുരം: 'ഏതുകൊമ്പൻ ആയാലും ഇവിടെ ഈ 'പിടി, വലി' നടത്തിയേ പറ്റൂ..കവടിയാർ കുറവൻകോണം റോഡിലെ മമ്മീസ് കോളനിയിൽ ഡോ. ബാബുപോളിന്റെ വീട്ടിലെത്തിയാൽ ആദ്യം കാണുന്ന മുന്നറിയിപ്പാണ് ഈ പിടിവലി. മുൻവാതിലിൽ തൂക്കിയ ഈ കുറിപ്പുകണ്ടാൽ ആദ്യം ഒരുപിടിയും കിട്ടാതെ ശ്വാസം വലിച്ച് നിന്നുപോകും. പിന്നെയാണ് കാര്യം പിടികിട്ടുക. പുതുതായി സ്ഥാപിച്ച കൊതുകുവലയിട്ട വാതിലാണ്. അതിന്റെ പിടിയിൽ പിടിച്ച് വലത്തേക്ക് വലിക്കണം എന്നാണ് ഗൃഹനാഥൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇതാണ് മക്കളേ പിടി, പിടി പിടിച്ച് വലത്തേക്ക് വലി എന്ന് താഴെ വിശദമാക്കിയിട്ടുമുണ്ട്. ആരൊക്കെയോ പിടിച്ചുവലിച്ച് കാര്യങ്ങൾ കുളമാക്കിയതിനാലാവാം ഈ കുറിപ്പ് തൂക്കിയത്. പിടിവലികഴിഞ്ഞ് അകത്തു കടന്നിട്ടും ഗൃഹനാഥന്റെ ഒരനക്കവും ഇല്ല. കാളിംഗ് ബെല്ലടിച്ചാലോ എന്നാലോചിച്ച് സ്വിച്ചിനടുത്തേക്ക് വിരൽനീട്ടിയപ്പോൾ അതാ അവിടെ വലിയ ഒരറിയിപ്പ്...

'സ്വാഗതം
മണിയടിവേണ്ട.
നേത്രനാരായണന് എന്ത് അമ്പലമണി?
അകത്തുള്ളയാൾ എല്ലാം അറിയുന്നുണ്ട്.
പുറത്തുള്ളയാൾ കാത്തിരുന്നാൽ തെളിയും.
തിരക്കുള്ളവരുടെ ആയുധം ചുവന്ന ഡയറി.
ചുരുക്കി എഴുതിയാൽ കൂടുതൽ എഴുതാം.
ഇത് പിശുക്കല്ല, പരിസ്ഥിതി സംരക്ഷണം!
കടലാസിന്റെ ഉപയോഗം കുറയ്ക്കുക
ആഗോളതാപനം തടയുക.
നമസ്കാരം.'

ഇതുവായിച്ച് ഉദ്ബുദ്ധനായ സന്ദർശകൻ നേത്രനാരായണന്റെ കടാക്ഷം കാത്ത് വാതിൽക്കൽ നിന്നു. എല്ലാം അറിയുന്ന വേദശബ്ദ രത്നാകരൻ പ്രസാദിച്ചതേയില്ല. അകത്തുള്ളയാൾ എല്ലാം അറിയുന്നുണ്ട് എന്നുപറഞ്ഞിട്ട് എന്തായി എന്ന് കൂടെവന്നയാൾ സംശയം ചോദിച്ചു. അതിനുത്തരമായി സി. സി. ടി. വി കാമറ ചിരിക്കുന്നു. മൊബൈലിൽ പലതവണ വിളിച്ചപ്പോൾ മെസേജ്: 'ഇപ്പോൾ കാൾ എടുക്കാൻ നിവൃത്തിയില്ല. പരിപാടിയിലാണ്.' കാര്യം പിടികിട്ടി. എങ്ങോ പ്രസംഗിച്ച് തകർക്കുകയാണ് കഥാനായകൻ. അപ്പോൾ നേത്രനാരായണൻ തിരിച്ചുവരുമ്പോൾ കാണേണ്ടതുപോലെ കണ്ടുകൊള്ളാം എന്നുകരുതി മടങ്ങി...
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ