സ്വീറ്റ് ഹണി
October 8, 2017, 10:30 am
അശ്വതി വിജയൻ
നല്ല മിടുമിടുക്കി പെൺകൊച്ച്.... ഹണിറോസിനെ കുറിച്ചുള്ള മലയാളികളുടെ വിശേഷണം ഇതുതന്നെയായിരിക്കും. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ നടിയാണ് ഹണി റോസ്. പ്രായത്തിൽ കവിഞ്ഞ പക്വതയും വളരെ ബോൾഡായിട്ടുള്ള വേഷങ്ങളുമായിരുന്നു അടുത്തിടെ വരെ ഹണിയെ തേടിയെത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ആഗ്രഹിച്ച വേഷം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹണി.

ആ കാത്തിരിപ്പിന് ഫലമുണ്ടായി
ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴാണെനിക്ക് ഒരു സംതൃപ്തി തോന്നിയത്. സത്യം പറയാലോ ഇതുവരെ ഞാൻ ഒരു കാത്തിരിപ്പിലായിരുന്നു. എന്റെ പ്രായത്തിന് ചേർന്നൊരു കഥാപാത്രത്തിനായി. ഇതുവരെ ചെയ്തിരിക്കുന്നതെല്ലാം വളരെ ബോൾഡായിട്ടുള്ള വേഷങ്ങളായിരുന്നു. എന്റെ സ്വഭാവവുമായിട്ടോ പ്രായവുമായിട്ടോ ഒരു ബന്ധവും ഇല്ലാത്തവ. അമ്മ വേഷങ്ങൾ വരെ ചെയ്തിട്ടുണ്ട്. പിന്നെ വില്ലത്തി, വിവാഹമോചിത തുടങ്ങി പലതരം കഥാപാത്രങ്ങൾ. റൊമാന്റിക്കായ ബബ്ളിയായ വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആർക്കാണൊരു ചെയ്ഞ്ച് ഇഷ്ടമല്ലാത്തത്. ഒരടിപൊളി വേഷം ചെയ്യാൻ കുറച്ചു കാത്തിരുന്നാലും വിഷമമില്ലെന്ന് തോന്നി. ചെറിയൊരു ഇടവേളയെടുത്തു. അപ്പോഴെന്നെ തേടിയെത്തിയ സിനിമയാണ് ചങ്ക്സ്. ഇതിൽ ഒരു കോളേജ് വിദ്യാർത്ഥിനിയായിട്ടായിരുന്നു ഞാൻ എത്തിയത്. ലൊക്കേഷനും നല്ല രസമായിരുന്നു. ശരിക്കും ഞങ്ങൾ അടിച്ചുപൊളിച്ചു.

അങ്ങനെ ലുക്കും മാറ്റി
ചങ്ക്സ് കണ്ടവരെല്ലാം പറഞ്ഞത് എന്റെ ലുക്കിനെ കുറിച്ചായിരുന്നു. കുറച്ചു നാൾ സിനിമയിൽ നിന്നു വിട്ടു നിന്നപ്പോൾ കാര്യമായി ഒരു മാറ്റം കൊണ്ടു വരണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു മേക്ക് ഓവർ. ലുക്കിൽ വ്യത്യാസം വരുത്താൻ ആദ്യം ചെയ്തത് കുറേക്കൂടി സ്ളിം ആകുക എന്നതായിരുന്നു. വലിയ തടിയൊന്നും ആദ്യവും ഉണ്ടായിരുന്നില്ല. പക്ഷേ, സ്‌ക്രീനിൽ കാണുമ്പോൾ വലിപ്പം തോന്നും. അതൊന്ന് കുറയ്ക്കണം എന്നുണ്ടായിരുന്നു. സിനിമയിൽ വരുന്നത് പതിനാറാം വയസിലാണ്. അന്നും സാരിയൊക്കെ ഉടുത്താൽ വലിയ ആളായിട്ട് തോന്നും. ഏത് വസ്ത്രമിടുന്നോ അതനുസരിച്ചുള്ള പ്രായമാണ് എന്നെ കാണുമ്പോൾ തോന്നുക. പ്രായത്തിൽ കവിഞ്ഞ പക്വത എന്നൊക്കെ പറയില്ലേ, അതുപോലെ. സത്യത്തിൽ മോഡേൺ വേഷങ്ങളൊക്കെയിട്ട് തുള്ളിച്ചാടി നടക്കാനൊക്കെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. പക്ഷേ കിട്ടിയതെല്ലാം എന്നേക്കാൾ പ്രായം തോന്നിക്കുന്ന വേഷങ്ങളും. ആ ലുക്ക് മാറ്റി കോളേജ് കുമാരിയായി വരണമെങ്കിൽ ലുക്കിൽ കാര്യമായ മാറ്റം കൊണ്ടു വന്നേ പറ്റുമായിരുന്നോളൂ. ട്രിവാൻഡ്രം ലോഡ്ജിലൊക്കെ അഭിനയിക്കുമ്പോൾ 63 കിലോ ഭാരമുണ്ടായിരുന്നു. ഇപ്പോഴത് 57 കിലോയിലേക്ക് കൊണ്ടുവന്നു. അത് ഒറ്റയടിക്ക് കുറഞ്ഞതല്ല. പതുക്കെ പതുക്കെ കുറച്ചതാണ്. കുറുക്കുവഴികളിലൂടെ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. അമിതക്ഷീണം, മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങളുണ്ടാക്കും. ആദ്യം നന്നായി വർക്കൗട്ട് ചെയ്തു. ചിട്ടയോടെ ആരോഗ്യം സംരക്ഷിക്കുന്ന കൂട്ടത്തിലൊന്നുമായിരുന്നില്ല. ഇത്തവണ രണ്ട് മാസത്തോളം വർക്കൗട്ട് മുടക്കിയില്ല. രാവിലെ അഞ്ച് മണിക്കൊക്കെ എഴുന്നേൽക്കും. എന്റെ ജീവിതത്തിൽ ആദ്യമായാണ് ആ സമയത്ത് എഴുന്നേറ്റ് എക്സർസൈസ് ചെയ്യുന്നത്. എഴുന്നേറ്റാലുടൻ ജോഗിംഗ് ചെയ്യും. പിന്നെ വർക്കൗട്ട് തുടങ്ങും. ജോഗിംഗിന് ട്രെഡ് മില്ലാണ് ഉപയോഗിക്കുന്നത്. പിന്നെ ഓരോ ശരീരഭാഗങ്ങൾക്കായി പ്രത്യേകം എക്സർസൈസുകൾ ചെയ്തു. യൂട്യൂബിലൊക്കെ ഒരുപാട് എക്സർസൈസ് വീഡിയോകൾ ലഭ്യമാണ്. അതൊക്കെ കണ്ട് പഠിച്ച് തനിയെ പരീക്ഷിക്കും. എനിക്ക് ചേരുന്നൊരു ഡയറ്റിംഗ് പ്ലാനുമുണ്ടാക്കിയിരുന്നു. ഇപ്പോൾ നാടായ തൊടുപുഴയിൽ താമസിക്കുന്നതു കാരണം ട്രെയിനറെ കിട്ടാൻ എളുപ്പമല്ല. ആലുവയിലായിരുന്നപ്പോൾ ജോമോൻ എന്നൊരു ട്രെയിനറുണ്ടായിരുന്നു. അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്.

ഇതിലൊന്നും വിട്ടുവീഴ്ചയില്ല
നേരത്തേ കുറച്ച് യോഗ പഠിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അതൊന്നും തുടർന്നുകൊണ്ടു പോകാൻ കഴിഞ്ഞിട്ടില്ല. യോഗ സ്ഥിരമായി ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണെന്നും അറിയാം. എന്നാലും മടിയാണ് മുന്നിൽ നിൽക്കുന്നത്. ഫുഡിന്റെ കാര്യത്തിൽ സ്വന്തമായൊരു കൺട്രോളുണ്ട്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ഭയങ്കര ഹെൽത്തിയായിട്ടുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്ന് തോന്നുന്നു. പുറത്തുപോയി കഴിക്കുന്നത് കുറവാണ്. പിസ, ബർഗർ, ഫ്രൈഡ് ചിക്കൻ തുടങ്ങിയവയൊന്നും കഴിക്കാറില്ല. മധുരവും വളരെ കുറച്ചേ ഉപയോഗിക്കാറുള്ളൂ. ഞങ്ങളുടെ ജീവിതരീതിയും അങ്ങനെയാണ്. കപ്പ, വീട്ടിലുണ്ടാകുന്ന കിഴങ്ങുകൾ, പച്ചക്കറിക ൾ ഒക്കെയാണ് പണ്ടുമുതലേ കൂടുതലായി കഴിക്കുന്നത്. ഏതായാലും ഒന്ന് രണ്ട് മാസം കൊണ്ട് സ്ളിം ആൻഡ് ഫിറ്രായി.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും എന്റേതായ കുറച്ച് ചിട്ടകളുണ്ട്. ബ്യൂട്ടിപാർലറിൽ പോകാറേയില്ല. ബ്ളീച്ചും ഫേഷ്യലും ഇഷ്ടമല്ല. അതിന്റെയൊക്കെ ആവശ്യകത എന്താണെന്ന് പോലും മനസിലായിട്ടില്ല. രാസവസ്തുക്കൾ ചർമ്മത്തിന് ഒരുപാട് ദോഷം ചെയ്യും. പ്രത്യേകിച്ച് സെൻസിറ്രിവ് സ്‌കിന്നിന്. ഇതൊക്കെ അനുഭവത്തിൽ നിന്ന് പഠിച്ചതാണ് .

സിനിമയിലും ഫംഗ്ഷൻസിനുമൊക്കെ ഉപയോഗിക്കുന്ന കോസ്റ്റ്യൂമുകൾ സൂക്ഷിച്ചാണ് തിരഞ്ഞെടുക്കുന്നത്. പ്രാണയായിരുന്നു ആദ്യം കോസ്റ്റിയൂം ഡിസൈൻ ചെയ്തത്. ഇപ്പോൾ ലേബൽ എം കുറേ ഡ്രസുകൾ ചെയ്യുന്നുണ്ട്. അവിടെ ഡൂഫിൻ എന്നൊരു ഡിസൈനറുണ്ട്. പുള്ളിക്കാരി ആദ്യം പ്രാണയിലായിരുന്നു.ഇപ്പോൾ ലേബൽ എമ്മിലേക്ക് മാറി. ഒരുപാട് അടുപ്പമുള്ള ഒരു വ്യക്തിയാണ് ഡൂഫിൻ. എന്റെ ഇഷ്ടങ്ങൾ വേഗം മനസിലാക്കും. സ്റ്റൈലൻ ലുക്കുകളിൽ ഇനിയും സിനിമയിൽ പ്രത്യക്ഷപ്പെടണമെന്നുണ്ട്. നൂറു ശതമാനം ഇഷ്ടപ്പെടുന്ന സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ്. ഞാൻ ഒരു ഫൺ ലവിംഗ് ആളാണ്. അത്തരം സിനിമകൾ ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.