പിന്നെയും പിന്നെയും പേളി
October 8, 2017, 10:45 am
സ്വപ്നങ്ങളിലേക്കുള്ള യാത്ര പലർക്കും പലതാണ്. ചിലർ വിജയിക്കുന്നു, മറ്റു ചിലർ പരാജയപ്പെടുന്നു. എന്നാലും, ആ സ്വപ്നങ്ങൾ സമ്മാനിക്കുക പ്രതീക്ഷകൾ തന്നെയാണ്. അത്തരത്തിൽ വലിയൊരു സ്വപ്നത്തിന് പിന്നാലെയാണ് മലയാളികളുടെ പ്രിയപ്പെട്ട പേളിയും. അവതാരകയായും അഭിനേത്രിയായും മാത്രം മലയാളികൾ കണ്ടിരുന്ന പേളിയല്ല ഇനി. മോട്ടിവേഷണൽ സ്പീക്കർ എന്ന വലിയൊരു ഉത്തരവാദിത്തം കൂടി ഈ പെൺകുട്ടി ഏറ്റെടുത്തിരിക്കുകയാണ്. പേളിയെ അറിയുന്നവർക്ക് അത് പുതിയൊരു സംഭവം അല്ല. കുട്ടിക്കാലം മുതലേ വ്യക്തിത്വ വികസനത്തെ കുറിച്ച് കണ്ടും കേട്ടും വളർന്നൊരാൾക്ക് മറിച്ചു ചിന്തിക്കാൻ കഴിയുന്നതെങ്ങനെ? പേളിയുടെ പുതിയ തീരുമാനത്തിൽ കൂട്ടായിട്ടുള്ളത് മോട്ടിവേഷണൽ സ്പീക്കറായ അച്ഛൻ തന്നെയാണ്.

''സ്വന്തമായി ഒരു യൂട്യൂബ് ഷോ ഞാൻ തുടങ്ങുകയാണ്. അതാണിപ്പോഴത്തെ സന്തോഷം. എന്റെ ഏറ്റവും വലിയ സ്വപ്നവും അത് തന്നെയാണ്. 'പേളി മാണി ടോക്ക് ' എന്നാണ് യൂട്യൂബ് ഷോയുടെ പേര്. ഡിസംബറോടു കൂടി പരിപാടി പ്രതീക്ഷിക്കാം. ഇപ്പോഴതിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ''

സ്വന്തമായി ഒരു ടോക്ക് ഷോ
ഡാഡി ഒരു മോട്ടിവേഷണൽ സ്പീക്കറാണ്. ആ പാരമ്പര്യമാണ് എനിക്കും കിട്ടിയിരിക്കുന്നത്. മോട്ടിവേഷണൽ സ്പീക്കിംഗിനോട് എനിക്കും കുട്ടിക്കാലം മുതലേ ഇഷ്ടക്കൂടുതലുണ്ട്. എന്റെ ടാർഗറ്റും അതു തന്നെയാണ്. ഇതിനിടയിൽ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങളാണ് ഈ ആങ്കറിംഗും അഭിനയവുമൊക്കെ. ഇടയ്‌ക്കൊക്കെ ഞാനും കുട്ടികൾക്ക് വേണ്ടി മോട്ടിവേഷണൽ ക്ലാസുകൾ എടുക്കാറുണ്ട്. സ്‌കൂളിലും കോളേജിലും പോകും. ഇപ്പോൾ ഞാനും ഡാഡിയും ഒരുമിച്ച് മോട്ടിവേഷണൽ ക്ലാസുകൾ എടുക്കാറുണ്ട്. പൊലീസ് അക്കാദമിയിൽ ഞങ്ങൾ രണ്ടാളുടെയും ഒരുമിച്ചുള്ള ടോക്ക് ഷോയാണ് നടത്തുന്നത്. അങ്ങനെയാണ് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഷോ ചെയ്യാൻ ഞാൻ തീരുമാനിച്ചു. അതും എന്റെ സ്വന്തം പ്രൊഡക്ഷനിൽ. ആഴ്ചയിൽ ഒരെണ്ണം ആയിരിക്കും അപ് ലോഡ് ചെയ്യുക. യൂ ട്യൂബാകുമ്പോ ആർക്കും ഇഷ്ടമുള്ള സമയത്ത് കാണാം എന്നൊരു ക്വാളിറ്റിയുണ്ടല്ലോ. ഇംഗ്ലീഷിലാണ് ഷോയെങ്കിലും എല്ലാർക്കും മനസിലാകുന്ന രീതിയിൽ സിംപിൾ ഇംഗ്ലീഷായിരിക്കും ഉപയോഗിക്കുക. യാത്ര ചെയ്ത് പല സ്ഥലങ്ങളിൽ പോയിട്ടാണ് ഷോ ഷൂട്ട് ചെയ്യുന്നത്. അധികം വൈകാതെ നിങ്ങൾക്കത് പ്രതീക്ഷിക്കാം.

വളാ വളാന്നുള്ള വർത്തമാനം മാത്രമല്ല...
എല്ലാർക്കും ഞാൻ ടോക്ക് ഷോയിലേക്ക് തിരിഞ്ഞപ്പോൾ സംശയമായിരുന്നു. എനിക്കിതൊക്കെ പറ്റുമോയെന്നായിരിക്കും പലരുടെയും സംശയം. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ, അവരെന്റെ മണ്ടത്തരങ്ങൾ മാത്രമല്ലേ കേട്ടിട്ടുള്ളൂ. ഇനിയെങ്കിലും നിങ്ങളാ സത്യം മനസിലാക്കണം. സത്യത്തിൽ ആങ്കറിംഗിനോടായിരുന്നില്ല എന്റെ താത്പര്യം. സ്റ്റേജിൽ സംസാരിക്കാനായിരുന്നു ഇഷ്ടം. അതിനിടയിലാണ് ആങ്കറിംഗിന് അവസരം കിട്ടിയത്. പിന്നെ തോന്നി അതും സംസാരിക്കാൻ കിട്ടിയ അവസരമല്ലേ, വിട്ടു കളയണ്ടെന്ന്. എന്തായാലും എനിക്കും ഒരവസരം വരുമെന്ന് ഉറപ്പായിരുന്നു. അതിന് വേണ്ടി കാത്തിരിക്കാനും മനസ് പറഞ്ഞു. ഇപ്പോഴിതാ അതിനുള്ള സമയം ആയി. ഡാഡി സപ്പോർട്ട് അറിയിച്ചിട്ടുണ്ടെങ്കിലും അതിന്റെ മുന്നിലും പിന്നിലും സജീവ സാന്നിധ്യം ഞാൻ തന്നെയായിരിക്കും. ഡാഡി ഫുൾ തിരക്കായതുകൊണ്ട് അദ്ദേഹത്തെ കൂടുതലായി ഇതിലേക്ക് കിട്ടില്ല. ഞാൻ ഒറ്റയ്ക്ക് തന്നെയാണ് ഈ ഷോ നടത്തുക. ഡാഡിയാണ് എന്റെ ശക്തി. കുട്ടിക്കാലം മുതലേ എനിക്ക് വേണ്ടതെല്ലാം അറിഞ്ഞു ചെയ്തു തരുമായിരുന്നു. ഒരു ആഗ്രഹത്തിനും എതിര് നിൽക്കില്ല. പെൺകുട്ടിയായതിന്റെ പേരിൽ എന്നെ ഒന്നിൽ നിന്നും മാറ്റി നിർത്തിയിട്ടുമില്ല. 13 സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സിനിമ സത്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന മേഖലയല്ല. നല്ല തീമാണെങ്കിൽ ഞാൻ ചെയ്യും എന്നല്ലാതെ എനിക്ക് വലിയ പാഷനൊന്നുമില്ല. വീട്ടിൽ നിന്ന് വലിയ സപ്പോർട്ടുമില്ല.

പിന്നെയും പിന്നെയും ഞാൻ
ഇപ്പോൾ ഞാൻ കട്ടുറുമ്പാണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. കട്ടുറുമ്പിന്റെ സ്റ്റേജിലേക്ക് ചെല്ലാൻ വലിയ ഇഷ്ടമാണ്. കുഞ്ഞുങ്ങൾക്കൊപ്പമുള്ള കളി വലിയ രസമാണ്. മുടിയൊക്കെ പിടിച്ചു വലിക്കും, ഡ്രസിൽ തൂങ്ങി നടക്കും, മടിയിൽ വന്നിരിക്കും. ആകെ ഒരു ബഹളമാണ്. ഞാനാണ് ശരിക്കും അവരേക്കാൾ വലിയ കളി. അവര് പലപ്പോഴും എന്നോടാണ് പറയുന്നത് അടങ്ങിയിരിക്കാൻ. ആ പ്രോഗ്രാം കാണുമ്പോ തന്നെ അത് മനസിലാകും. കുഞ്ഞുങ്ങളൊക്കെ എന്നെ അവരുടെ പ്രായത്തിലാണോ കാണുന്നതെന്നാണ് ഇപ്പോഴത്തെ എന്റെ സംശയം. ഡി ഫോറിൽ നിന്ന് കട്ടുറുമ്പിലേക്ക് ചെല്ലുമ്പോൾ അത് ചെയ്യാൻ പറ്റുമോ എന്നൊക്കെ വലിയ സംശയമായിരുന്നു. ഡി ഫോർ ഡാൻസിന്റെ നാല് ഷോകൾ ചെയ്തു കഴിഞ്ഞു. ഒരേ ആൾക്കാർ തന്നെ വേണ്ട, മാറ്റം വേണമെന്ന് തോന്നിയതോടെയാണ് മാറിയത്. കുറേ നാളായി അതിൽ കണ്ട് ആൾക്കാർക്ക് എന്നെ ബോറടിക്കാൻ തുടങ്ങി. അപ്പോഴാണ് കട്ടുറുമ്പിലേക്ക് അവസരം കിട്ടിയത്. ഡി 4 ഡാൻസ് ആണ് എനിക്കിത്രയേറെ പോപ്പുലാരിറ്റി നൽകിയത്. മാക്സിമം പ്രേക്ഷകരെ ചിരിപ്പിക്കുക , ആസ്വദിപ്പിക്കുക എന്നതാണ് മാത്രമാണ് ഞങ്ങൾ അവിടെ ചെയ്യുന്നത്. അതു തന്നെയാണ് കട്ടുറുമ്പിലും. പ്രോഗ്രാം യൂ ടൂബിൽ കണ്ടു പോലും വളരെ നല്ല അഭിപ്രായം പ്രേക്ഷകർ പറയാറുണ്ട്. അത് കേൾക്കുമ്പോഴാണ് ശരിക്കും സന്തോഷം തോന്നുന്നത്. ഇത്രത്തോളം ആളുകൾക്കിടയിൽ ഇത് എത്തുന്നുവെന്നത് ശരിക്കും സന്തോഷം തന്നെയാണ്. ഉടനേ മറ്റൊരു പ്രമുഖ ചാനലിൽ ഇതുവരെ ഇല്ലാത്ത ഒരു റിയാലിറ്റി ഷോ കൂടി വരുന്നുണ്ട്. അത് ആങ്കർ ചെയ്യുന്നതും ഈ ഞാൻ തന്നെയാണ്. പാട്ട്, ഡാൻസ്, കോമഡി ഒക്കെ വന്നെങ്കിലും ഇതുവരെ പ്രസംഗം ഒരു റിയാലിറ്റി ഷോയായി വന്നില്ലല്ലോ. അധികം വൈകാതെ നിങ്ങൾക്ക് എന്നെ അതിലും കാണാം.

ചിരിച്ച് ചിരിച്ച് മരിക്കണം
എല്ലാരും എന്നോട് കാണുമ്പോൾ തന്നെ എന്നോട് ചോദിക്കാറുണ്ട്, ഇത്രയും എനർജി എവിടെന്ന് കിട്ടുന്നുവെന്ന്. സത്യത്തിൽ എനിക്കും അറിയില്ല കേട്ടോ. തല തിരിഞ്ഞുപോയതാണോ എന്ന് എന്നെ കാണുന്നവർ പലരും ചിന്തിക്കാറുണ്ട്. ഞാൻ പക്ഷേ അതൊന്നും ചിന്തിച്ച് തല പുണ്ണാക്കാറില്ല. എപ്പോഴും സന്തോഷത്തോടെയിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്റെ ചുറ്റിലുമുള്ളവരിലും ഞാൻ പോസിറ്റീവ് എനർജി നിറയ്ക്കും. ഫ്രണ്ട് സർക്കിളിലുള്ള എല്ലാവരും സന്തോഷത്തോടെയിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. അതെനിക്ക് നിർബന്ധമാണ്. ലൈഫിനോട് വളരെ പോസിറ്റീവ് ആറ്റിറ്റിയൂഡ് ഉള്ള ആളാണ് ഞാൻ. എപ്പോഴും സന്തോഷമായിരിക്കുക, എല്ലാവരും ചിരിക്കുക അതാണ് എന്റെ ഇഷ്ടം. ഒരാളെ റിലാക്സ് ചെയ്യിപ്പിക്കാൻ അവരെ ചിരിപ്പിച്ചാൽ മാത്രം മതി. ഞാൻ അത് സ്‌ക്രീനിൽ മാത്രം ചെയ്യുന്നതല്ല. എന്റെ വീട്ടിലും ഞാൻ ഇങ്ങനെ തന്നെയാണ്. ഈ പ്രോഗ്രാം ചെയ്യുമ്പോഴും ഞാൻ ശ്രദ്ധിക്കുന്നത് അത് മാത്രമാണ്. എല്ലാവരും ഇത് കാണുന്ന സമയമെങ്കിലും എന്റെ മണ്ടത്തരങ്ങൾ കണ്ട് എല്ലാം മറന്ന് ചിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.

ഐ ആം എ ഫ്രീ ഗേൾ
എനിക്കൊന്നിലും അങ്ങനെ ഉറച്ചു നിൽക്കാൻ കഴിയില്ല. ഓരോ സമയത്തും ഓരോരോ ആഗ്രഹങ്ങളായിരുന്നു. ഇഷ്ടമല്ലാത്തതായി ഒന്നും തന്നെയില്ല. എന്ത് സാഹസിക പരിപാടിയ്ക്കും ഞാൻ മുന്നിൽ തന്നെയുണ്ടാകും. 12 ൽ പഠിക്കുമ്പോൾ തോന്നിയ ഒരു ആഗ്രഹമായിരുന്നു ബൈക്ക് ഓടിക്കാൻ പഠിക്കണമെന്നത്. കുഞ്ഞിലേ മുതലേ ബൈക്ക് റൈഡിംഗ് പോകാൻ എനിക്ക് വലിയ താൽപര്യമായിരുന്നു. അന്നൊക്കെ അച്ഛനോട് ബൈക്കിൽ ഒരു റൗണ്ട് അടിക്കാൻ പറഞ്ഞാൽ എന്നേയും അനിയത്തിയേയും ഇരുത്തി വീടിന് ചുറ്റും പത്ത് റൗണ്ട് അടിക്കുമായിരുന്നു. പിന്നീട് ഒരു സുപ്രഭാതത്തിൽ ബൈക്ക് പഠിക്കണമെന്ന് പറഞ്ഞപ്പോൾ അതിനൊരു എതിർപ്പും എന്റെ വീട്ടിൽ നിന്നും ഉണ്ടായിരുന്നില്ല. മുമ്പൊക്കെ സ്ഥിരം റോഡിലൂടെ ബൈക്ക് ഓടിക്കുമായിരുന്നു. ഇപ്പോൾ പിന്നെ പഴയ പോലെ ,സമയം കിട്ടാറില്ല. റോഡിലുള്ളവർ പോലും ഭയങ്കര സപ്പോർട്ടീവ് ആണ്. ഒരു ആൺകുട്ടി ബൈക്കും കൊണ്ട് പോയാൽ പോലും കിട്ടാത്ത പരിഗണനയും സപ്പോർട്ടീവുമാണ് പെൺകുട്ടികൾക്ക് കിട്ടുന്നത്. മുമ്പായിരുന്നെങ്കിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതുകൊണ്ട് എവിടെ വേണേലും ഫ്രീയായിട്ട് സഞ്ചരിക്കാമായിരുന്നു. ഇപ്പോൾ മിക്കവാറും അതി രാവിലെയാണ് ബൈക്ക് എടുക്കുന്നത്. ഞാൻ ഏറ്റവുമധികം ട്രാവൽ ചെയ്യാൻ ഇഷ്ടപ്പെടുന്ന സമയം അതാണ്. പുറത്തിറങ്ങുമ്പോൾ തന്നെ ആളുകൾ തിരിച്ചറിയുന്നുണ്ട്. ഇപ്പോൾ ഒരു ബി.എം. ഡബ്ല്യു സ്വന്തമാക്കി. അതിലാണ് യാത്ര. കുറേ നാളായിട്ടുള്ള ആഗ്രഹമായിരുന്നു അതും.

കരഞ്ഞും ചിരിച്ചും ഞാൻ
ആരാ പറഞ്ഞത് എനിക്ക് വിഷമമൊന്നും ഇല്ലെന്ന്. ഞാൻ സത്യത്തിൽ ഒരു തൊട്ടാവാടിയാണ്. ചിരിച്ച് ചിരിച്ച് ഇരുന്നാലും പെട്ടെന്ന് എനിക്ക് സങ്കടം വരും. കരയുകയും ചെയ്യും. എന്നാലും ഇപ്പോൾ കുറച്ചൂടെ അതിനെയൊക്കെ അതിജീവിക്കാൻ ഞാൻ പഠിച്ചു. എന്റെ മൂഡ് അനുസരിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഹാപ്പിയാണെങ്കിൽ ആ ദിവസം മുഴുവൻ ഞാൻ സംസാര പ്രിയയായിരിക്കും. മൂഡ് ഓഫായിട്ടുള്ള ദിവസങ്ങളിൽ ഫോൺ പോലും ഓഫായിരിക്കും. എന്നെ കുറിച്ച് ഒരറിവും ആർക്കും ആ സമയത്ത് ഉണ്ടാകില്ല. പിന്നെ, മെഡിറ്റേഷനൊക്കെ ചെയ്ത് ഒരുവിധം മൂഡ് ഓക്കെയാക്കി എടുത്തിട്ടേ ഞാൻ പുറത്തേക്കിറങ്ങൂ. മനസിൽ സന്തോഷമുണ്ടെങ്കിൽ മാത്രമേ എനിക്കിങ്ങനെ സംസാരിക്കാൻ സാധിക്കൂ. അപ്പോൾ സ്വാഭാവികമായും കുറേ മണ്ടത്തരങ്ങളൊക്കെ വായിൽ നിന്നും വീഴും. അത് മറ്റുള്ളവരെ ചിരിപ്പിക്കും. അത് തന്നെയാണ് സീക്രട്ട്. ലൈഫ് ഫുൾ ഹാപ്പിയാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആഹാരത്തിൽ കഞ്ഞിയും പഴങ്കഞ്ഞിയും ഒക്കെയാണ് എന്റെ ഇഷ്ടം. റൈസ് കൊണ്ടുള്ള എന്തും കഴിക്കും. അതുപോലെ , കപ്പയും ചമ്മന്തിയും ഇഷ്ടമാണ്. കൂടുതലും നാടൻ ഭക്ഷണത്തോടാണ് താൽപര്യം. ഡ്രസിന്റെ കാര്യത്തിൽ എനിക്ക് കംഫർട്ട് ആയിട്ടുള്ള ഏതു നിറത്തിലുള്ള വസ്ത്രവും ഞാൻ അണിയും. സാഹചര്യമനുസരിച്ചായിരിക്കും എന്റെ വസ്ത്രധാരണം. പിന്നെ, എന്തിലും ഒരു പുതുമ ഞാൻ ഇഷ്ടപ്പെടുന്നതു കൊണ്ട് ഒരു വ്യത്യസ്തത എന്റെ വസ്ത്രത്തിലുമുണ്ടാകും. ജീൻസും ഷർട്ടുമാണ് എന്റെ പ്രിയ വേഷം. ഒരു കൂളിംഗ് ഗ്ലാസു കൂടിയുണ്ടേൽ ഞാൻ പൊളിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.