ഇതൊരു ബിജോയ് നമ്പ്യാർ സോളോ
October 5, 2017, 3:36 pm
രൂപശ്രീ ഐ.വി
ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രം മാത്രമല്ല, ഒരു പരീക്ഷണ ചിത്രം കൂടിയാണ് 'സോളോ'. മലയാളത്തിൽ ഇതുവരെ ആരും നടത്താത്ത പരീക്ഷണം എന്നുവേണം സോളോയെ കുറിച്ച് പറയാൻ. എന്നാൽ പരീക്ഷണം ഉദ്ദേശിച്ച ഫലം കണ്ടോ എന്ന് ചോദിച്ചാൽ പ്രേക്ഷകന് ഒന്ന് ശങ്കിക്കേണ്ടിവരും. ഒരു ദുൽഖർ ചിത്രം പ്രതീക്ഷിച്ച് തീയേറ്ററിൽ എത്താതിരുന്നാൽ ഒരു ബിജോയ് നമ്പ്യാർ ചിത്രം കണ്ടു മടങ്ങാം.

ഒരു സോളോ സിനിമാസമാഹാരം
കേരള കഫെയ്ക്കും അഞ്ചു സുന്ദരികൾക്കും ശേഷം മലയാളത്തിന് പരിചയപ്പെടുത്തുന്ന പുതിയ സിനിമാ സമാഹാരമാണ് സോളോ. ദുൽഖർ സൽമാൻ നായകനാക്കുന്ന നാല് വ്യത്യസ്ത കഥകളാണ് സോളോ പറയുന്നത്. കഥകളോരോന്നും വ്യത്യസ്‌തമാകുമ്പോഴും പുരാണത്തിന്റെ കമ്പികളിൽ അവ ഓരോന്നും കൊരുത്തിടാനായിരുന്നു സംവിധായകന്റെ ശ്രമം. പരമശിവനെ കൂട്ടുപിടിച്ച് ജലം, വായു, അഗ്നി, ഭൂമി എന്നിങ്ങനെ നാല് ഭൂതങ്ങളെ പാത്രമാക്കുകയാണ് ബിജോയ്. ശേഖർ, ത്രിലോക്, ശിവ, രുദ്ര എന്നിങ്ങനെ ശിവന്റെ പേരുകളിലാണ് ദുൽഖറിന്റെ കഥാപാത്രങ്ങളെത്തുന്നത്. ആദ്യപകുതിയിലെ രണ്ട് കഥകളിൽ പ്രണയവും പ്രതികാരവും രണ്ടാം പകുതിയിലെ രണ്ട് കഥകളിലൂടെ പ്രതികാരവും പ്രണയവും പറയുന്നു സോളോ.

കഥകളിൽ കൊരുത്ത സോളോ പ്രണയം
പുരാണത്തിന്റെ പശ്ചാത്തലത്തിൽ ബിജോയ് നമ്പ്യാർ തന്നെ എഴുതിയ ചിത്രത്തിന്റെ നാല് കഥകളും സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്തുമോ എന്ന് സംശയമാണ്. ശേഖറിന്റെ കഥ പറയുന്ന ആദ്യ ചിത്രം ജലത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ധന്യമാണ്. ശേഖറിന്റെയും രാധിക (ധൻസിക)യുടെയും പ്രണയം, ജലം എന്ന കരുത്തുറ്റ കാൻവാസിൽ ഒഴുക്കൻ മട്ടിൽ വെറുതെ കോറിയിട്ടു പോകുന്ന വെറുമൊരു ചിത്രം മാത്രമാണ്. പുതിയ കാലത്തിന്റെ കലാലയത്തിലെ ഒരു സ്വാഭാവിക പ്രണയത്തെ കാമ്പില്ലാത്ത സംഭാഷണങ്ങൾ കൊണ്ട് വരച്ചിട്ടപ്പോൾ പ്രേക്ഷകന്റെ ഹൃദയത്തിൽ തൊടാൻ സംവിധായകൻ മറന്നു പോയി.

പ്രതികാരം
ത്രിലോക് എന്ന ഡോക്ടറുടെ കഥ പറയുന്ന രണ്ടാമത്തെ ചിത്രത്തിൽ ത്രിലോകിന്റെയും ആയിഷയുടെയും (ആരതി വെങ്കടേഷ്) പ്രണയത്തിനൊപ്പം തന്റെ ഇണയെ നഷ്ടപ്പെടാൻ കാരണക്കാരായവരോടുള്ള ത്രിലോകിന്റെ പ്രതികാരമാണ് പറയുന്നത്. ശേഖറിന്റെ കഥ നൽകുന്ന ദുർബലതയെ ത്രിലോക് പരിഹരിക്കും.

പ്രതികാരം മാത്രം
മൂന്നാമതായി എത്തുന്ന ശിവയുടെ കഥയിൽ പ്രണയമില്ല, പകരം പ്രതികാരമാണ്. കുഞ്ഞുന്നാളിൽ തന്നെയും അച്ഛനെയും സഹോദരനെയും വിട്ടുപോയ അമ്മയുടെ മകനാണ് ശിവ. അവൻ വളർന്ന് ഒരു ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമാകുന്നു. ഒടുവിൽ അച്ഛന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി മുംബയിലെത്തുന്ന ശിവയെ കാത്തിരിക്കുന്നത് നല്ല നിമിഷങ്ങളായിരുന്നില്ല. മങ്ങിയിരുണ്ട് ഇടുങ്ങിയ ഫ്രെയിമുകളിൽ ശിവയുടെ ക്വട്ടേഷൻ സംഘത്തെ കുറഞ്ഞസമയം കൊണ്ട് ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. നിറമില്ലാത്ത ഓർമകളെയും ശത്രുവിനെയും ഇല്ലാതാക്കാൻ അഗ്നിയുടെ കൂട്ടുപിടിച്ച് പ്രമേയത്തോട് നീതി പുലർത്താനും ശ്രമിച്ചു.

വീണ്ടും പ്രണയം
അവസാന കഥ രുദ്രന്റേതാണ്. ഇതിൽ മണ്ണാണ് പുരാണ പശ്ചാത്തലം. വിഷയം പ്രണയം തന്നെ. അക്ഷരയുടെയും (നേഹ ശർമ്മ) രുദ്രന്റെയും പ്രണയ കഥ ഒരു പരിധിവരെ കൈപ്പിടിയിൽ നിന്നെങ്കിലും ക്ലൈമാക്സോടുകൂടി കൈവിട്ടുപോയി. അതിഭാവുകത്വം നിറയ്ക്കുന്ന സംഭാഷണങ്ങൾ ഗൗരവതരമായ രംഗങ്ങളിൽ പോലും പ്രേക്ഷനിൽ ചിരിയുണർത്തിയതോടെ സോളോ അതിരുകൾ ഭേദിച്ചു. നാലു കഥകൾക്കൊപ്പം പഞ്ചഭൂതങ്ങളുടെയും ശിവന്റെയും പിറകെ ഓടിത്തളരാതിരിക്കാൻ പ്രേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണം. ബിജോയ് നമ്പ്യാരുടെ ചിത്രങ്ങൾ പരിചയമില്ലാത്ത സാധാരണ പ്രേക്ഷകന് പലയിടങ്ങളിലും ഒന്ന് വിയർക്കേണ്ടിവരുമെങ്കിലും പുതുമ തേടുന്നവർക്ക് സോളോ നല്ലൊരു ദൃശ്യാനുഭവമാണ്.

സോളോയ്ക്ക് മുന്നേ ഹിറ്റായ പാട്ടുകൾ
സോളോ പുറത്തിറങ്ങും മുൻപേ ഹിറ്റായത് ചിത്രത്തിലെ ദുൽഖറിന്റെ ലുക്കും പാട്ടുകളുമായിരുന്നു. പ്രശാന്ത് പിള്ളയുടെ നേതൃത്വത്തിൽ അഞ്ച് സംഗീത സംവിധായകരും നിരവധി ബാൻഡുകളും ചേർന്നൊരുക്കിയ 21 പാട്ടുകളാണ് സോളോയിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിച്ച ഒരു പ്രധാന ഘടകം. രണ്ടര മണിക്കൂർ നീളുന്ന സിനിമാ സമാഹാരത്തിൽ പഞ്ഞമില്ലാതെ പാട്ടുകളുണ്ട്. ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും കൈയടി അർഹിക്കുന്നു.

കാമറയ്ക്ക് പിന്നിലേക്ക് നോക്കിപ്പോകും
സോളോയുടെ ഛായാഗ്രഹണ മികവ് എടുത്തു പറയേണ്ടതുണ്ട്. ചിത്രം കണ്ടിറങ്ങുന്ന സാധാരണ പ്രേക്ഷകൻ പോലും കാമറയ്ക്ക് പിന്നിൽ ആരാണെന്ന് വിളിച്ച് അന്വേഷിക്കും. ഗിരീഷ് ഗംഗാധരൻ, മധു നീലകണ്ഠൻ, സേജൽ ഷാ എന്നിവരുടെ കാമറ ലൊക്കേഷനുകളെ ഒരിക്കൽ കൂടി മിഴിവുറ്റതാക്കി.

ഇതൊരു അഭിനയ സോളോ അല്ല
ദുൽഖറിന്റെ മാത്രം അഭിനയമികവല്ല സോളോ. ആദ്യ ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ കോമഡി പഞ്ചുകൾ സ്ഥാനത്തു തന്നെ കൊണ്ടു. കാമ്പില്ലാത്ത പ്രണയകഥയ്ക്ക് മികച്ച മസാല ചേർക്കാൻ സൗബിന് കഴിഞ്ഞിട്ടുണ്ട്. ത്രിലോകിന്റെ കഥയിൽ രഞ്ജി പണിക്കരും ഒരിടവേളയ്ക്ക് ശേഷം ആൻ അഗസ്‌റ്റിനും സ്ക്രീനിലെത്തി. ശിവയുടെ കഥയിൽ മലയാളത്തിന്റെ സ്വന്തം മനോജ് കെ.ജയനും ദിനേഷ് പ്രഭാകരനും വേഷമിട്ടു. ആവസാന ചിത്രത്തിൽ രുദ്രന്റെ അമ്മയായി സുഹാസിനിയും അച്ഛനായി നാസറും പതിവുപോലെ മികച്ച അഭിനയം കാഴ്ചവച്ചു. നീനയ്ക്കുശേഷം ദീപ്തി സതിയും സോളോയിലൂടെ മടങ്ങി എത്തിയിരിക്കുകയാണ്. നാല് ചിത്രങ്ങളിലെയും സ്ത്രീകഥാപാത്രങ്ങളെ തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ധൻസികയ്ക്കോ ആരതി വെങ്കടേഷിനോ നേഹ ശർമ്മയ്ക്കോ ശ്രുതി ഹരിഹരനോ കഴിഞ്ഞില്ലെന്ന് മറ്റൊരു സത്യം.


പായ്ക്കപ്പ് പീസ്: ദുൽക്കറിന്റെ മാസ് പ്രതീക്ഷിക്കരുത്, സോളോ, സംവിധായകന്റേതാണ്
റേറ്റിംഗ് :
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ