എഴുപത്തഞ്ചിന്റെ നിറവിൽ 'ബിഗ് ബി'
October 11, 2017, 9:33 pm
അമിതാബ് ബച്ചൻ എന്ന ഇതിഹാസ താരത്തിന് ഇന്ന് എഴുപത്തി അഞ്ച് വയസ്. പ്രശസ്‌ത ഹിന്ദി കവി ഹരിവംശറായ് ബച്ചന്റെ മകനായി 1942 ഒക്ടോബർ 11ന് അഹമ്മദാബാദിലാണ് ബച്ചൻ ജനിച്ചത്. അമ്മ തേജി ബച്ചൻ പഞ്ചാബിൽ നിന്നുള്ള സിഖ് വംശജയും അച്ഛൻ ഉത്തർപ്രദേശിൽ നിന്നുള്ള കയസ്‌ത സമുദായാംഗവുമായിരുന്നു.

നൈനിത്താൾ ഷെയർവുഡ് കോളജിലും ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കൈറോറിമാൽ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ, കുറച്ചു കാലം കൊൽക്കത്തയിലെ കപ്പൽ ശാലയിൽ ജോലി നോക്കിയിരുന്നു.

1969ൽ ഖ്വാജാ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്‌ത 'സാത്ത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെയായിരുന്നു ബച്ചന്റെ സിനിമാ പ്രവേശം.വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്‌തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബിഗ് ബിക്ക് നേടിക്കൊടുത്തു. 1971ൽ സുനിൽദത്ത് സംവിധാനം ചെയ്‌ത 'രേഷ്‌മ ഓർ ഷേറ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി.

പരമ്പരാഗത നായകവേഷങ്ങളെ തിരസ്‌കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973ലെ 'സഞ്ചീർ' എന്ന ചിത്രം അമിതാബിനെ സൂപ്പർ സ്റ്റാറാക്കി. തുടർന്ന് ആനന്ദ്, ഷോലെ, അമർ, അക്‌ബർ ആന്റണി, ദോസ്‌തി, കൂലി എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു. നാല് തവണയാണ് മികച്ച നടനുള്ള ദേശീയ അവാർഡ് ബിഗ് ബിയെ തേടി എത്തിയത്. അഭിയത്തിന് പുറമെ നിർമ്മാതാവ്, ഗായകൻ, അവതാരകൻ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം ബച്ചൻ രചിച്ചത് വി‌ജയ ഗാഥയാണ്.

2000ൽ 'കോൻ ബനേഗാ ക്രോർ പതി' എന്ന ടെലിവിഷൻ പരിപാടിയിലൂടെ മിനിസ്‌ക്രീനിൽ വിപ്ളവം തീർക്കുകയായിരുന്നു ബിഗ് ബി. 1984ൽ പത്മശ്രീയും 2001ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും നൽകി രാജ്യം ഈ മഹാനടനെ ആദരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ