പ്രകൃതിയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാം
October 13, 2017, 12:15 am
പിണറായി വിജയൻ
കേരളം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന വരൾച്ചയും അതോടനുബന്ധിച്ച് നേരിടേണ്ടിവരുന്ന പ്രാദേശിക പ്രശ്നങ്ങളും നമുക്ക് പല അർത്ഥത്തിലും പുതുതാണ്. ശുദ്ധജലലഭ്യതക്കുറവ്, വ്യാപകമായ കാട്ടുതീ, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ഇവയെല്ലാം ഒരു നൂ​റ്റാണ്ടുകാലത്തെ അതീവ രൂക്ഷതയിൽ എത്തിനിൽക്കുന്നു. ദുരന്തങ്ങൾ പല വിധത്തിൽ തുടരുകയാണ്. ഇവയുടെ ആഘാതം എങ്ങനെയൊക്കെ ലഘൂകരിക്കാം എന്നതാണ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിൽ ലോക രാജ്യങ്ങൾ ഒരുമിച്ച് ചിന്തിക്കുന്നത്. പ്രകൃതി എന്ന പ്രതിഭാസത്തിന്റെ അവിഭാജ്യ ഘടകമാണ് മനുഷ്യൻ. മനുഷ്യൻ ഒന്നും പ്രകൃതി മ​റ്റൊന്നും എന്ന ചിന്ത വെടിഞ്ഞുകൊണ്ടേ നമുക്ക് പ്രകൃതിയെയും പ്രകൃതിദുരന്തങ്ങളെയും സമീപിക്കാനാവൂ. ഇക്കാര്യം തുടക്കത്തിൽ തന്നെ മനസിലുറപ്പിക്കണം. എങ്കിൽ മാത്രമേ
ഏതു പ്രകൃതിദുരന്തത്തെയും ഫലപ്രദമായി സമീപിക്കുവാൻ സാധിക്കൂ. 44 നദികളും മലനാടും ഇടനാടും തീരങ്ങളും, ഇവ ചേർന്നൊരുക്കുന്ന ഫലപുഷ്ടിയുമെല്ലാം ലോകത്തിലെ തന്നെ മനോഹരമായ ഭൂപ്രദേശങ്ങളിൽ ഒന്നാക്കി നമ്മുടെ സംസ്ഥാനത്തെ മാ​റ്റി. മ​റ്റു സംസ്ഥാനങ്ങളെ ഗ്രസിച്ചിരുന്ന തീവ്രതയോടുകൂടി കേരളത്തെ
പ്രകൃതി ദുരന്തങ്ങൾ അടുത്തകാലം വരെ ഗ്രസിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ രണ്ട് ദശാബ്ദമായി നമ്മുടെ സംസ്ഥാനത്തെ ദുരന്തങ്ങളുടെ തീവ്രത വർധിച്ചുവരുന്നു.

കേരളത്തിൽ ദുരന്തങ്ങൾ തീവ്രമാകുന്നതിന് കാലാവസ്ഥാ വ്യതിയാനം, ഭൗമാന്തർഭാഗത്തെ പ്രതിഭാസങ്ങൾ എന്നീ കാരണങ്ങളൊക്കെയുണ്ടാവാം. എന്നാൽ, ഇവ മാത്രമാണെന്നു
പറയുന്നതിൽ അർത്ഥമില്ല. കാലവർഷക്കാലത്തു തന്നെ മഴ ഇല്ലാത്ത ദിവസങ്ങളുടെ എണ്ണം വർധിക്കുന്നുണ്ട്. കാലവർഷം ആരംഭിക്കാൻ വൈകുന്നുണ്ട്. മഴയുടെ അളവു കുറയുന്നുണ്ട്. ഇതൊക്കെ ശാസ്ത്രീയമായി അംഗീകരിച്ചിട്ടുമുണ്ട്. ഇതൊക്കെ ഒരു വഴിക്കുനടക്കുമ്പോൾത്തന്നെ, മഴ കൂടുതൽ ലഭിക്കുന്ന വർഷങ്ങളിലും പ്രദേശങ്ങളിലും തന്നെ പലപ്പോഴും ശുദ്ധജലക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിനെന്തു കാരണം
പറയും? കാരണം അന്വേഷിക്കുമ്പോഴാണ് പ്രകൃതിയിലെ മാ​റ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുവാൻ നാം തയ്യാറാകുന്നില്ല എന്ന സത്യം തെളിഞ്ഞുവരുന്നത്. നമ്മുടെ ഭൂവിനിയോഗം ദുരന്ത സാധ്യത വർധിപ്പിക്കുന്ന രീതിയിലാണ്. നാം തന്നെ നമ്മുടെ ഭാവിതലമുറയ്ക്ക് വസിക്കാൻ സാധിക്കാത്ത തരത്തിലേക്ക് ഈ ഭൂമിയെ മാ​റ്റുകയാണ്.
എന്നാൽ, ഇതേക്കാളും വലിയ ദുരന്തം ഈ ബോധം പോലും നമ്മിൽ ഇല്ലാതെയാവുന്നു എന്നതാണ്. സുസ്ഥിരവും പ്രകൃതിക്ക് അനുയോജ്യവുമായ പ്രവർത്തനങ്ങളാകണം പ്രാദേശിക വികസനത്തിന്റെ ആധാരശില എന്നത് ജനസാമാന്യത്തിന്റെ ബോധമാക്കി മാ​റ്റുവാൻ കഴിയണം. ഇതിനായി വികസനവും നിർമാണവും വേണ്ട എന്ന നിലപാടെടുക്കാനാവുമോ? അതുമില്ല. വേണ്ടത് ഒരു സമതുലിത സമീപനമാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി, അതാത്
പ്രദേശങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള ഒരു വികസന-നിർമാണ ചട്ടക്കൂട് രൂപീകരിക്കുവാൻ തദേശ-സ്വയംഭരണ സർക്കാരുകൾ തയ്യാറാകണം. ശരിക്കും കേരളത്തിലെ
ദുരന്ത മരണങ്ങളിലെ പ്രധാന കു​റ്റവാളി. റോഡ് അപകടങ്ങളും, മുങ്ങി മരണവുമാണ് വെള്ളത്തിൽ മുങ്ങിമരിക്കാൻ പോകുന്നവരെ രക്ഷിക്കാൻ ഏതാനും മിനി​റ്റുകളേ കിട്ടുകയുള്ളൂ. സേനകൾവന്ന് രക്ഷിക്കട്ടെ എന്നു പറഞ്ഞ് കാത്തിരിക്കാനാവില്ല. ഉടനടി നടപടിയുണ്ടാവണം. അത് ഏതു വിധത്തിലാവണം? അക്കാര്യം സംബന്ധിച്ച് ചില തത്വങ്ങൾ വിദഗ്ദ്ധർ മുമ്പോട്ടുവെച്ചിട്ടുണ്ട്. അത് എങ്ങനെ, എത്രത്തോളം പ്രായോഗികമാക്കാം കേരളത്തിന്റെ
സാഹചര്യത്തിൽ ആലോചിക്കണം. കൂടെ എടുത്തുചാടുകയല്ല, കരയിൽനിന്നു രക്ഷിക്കുകയാണ് വേണ്ടത് എന്ന് അവർ പറയുന്നു. ''Throw, Dont Jump'' എന്നതാണ് ഈ വിഷയത്തിലെ ആഗോള മുദ്റാവാക്യം തന്നെ. കയറോ, കമ്പോ, തുണിയോ എറിഞ്ഞു
കൊടുക്കുക, അതിൽപിടിച്ചു കയ​റ്റുക. അതാണ് ശരിയായ രീതിയെന്ന് അവർ പറയുന്നു. അതല്ലെങ്കിൽ ഒരു മരണത്തിന്റെ സ്ഥാനത്ത് രണ്ടോ അതിലധികമോ മരണമുണ്ടാവുന്നിടത്തേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന് അവർ പറയുന്നു. എന്നാൽ, ജലാശയങ്ങൾ ധാരാ ളമായി ഉള്ള കേരളത്തിൽ നീന്തലിൽ വൈദഗ്ധ്യമുള്ളവർ മുങ്ങിത്താഴു ന്നവരെ ഏതാണ്ട് ശാസ്ത്രീമായ രീതിയിൽത്തന്നെ നീന്തിച്ചെന്ന് രക്ഷ പ്പെടുത്തിക്കൊണ്ടുവന്ന സംഭവങ്ങളുണ്ട്. ചെറിയ പിഴവുകളിൽ നിന്നാണ് പലപ്പോഴും വലിയ ദുരന്തങ്ങളുണ്ടാകുന്നത്. ഏതൊക്കെ ദുരന്തങ്ങളിൽ എന്തൊക്കെ നാശനഷ്ടങ്ങൾക്ക് ദുരന്ത പ്രതികരണ നിധി
ഉപയോഗപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വെള്ളപോക്കം, മണ്ണിടിച്ചിൽ/ഉരുൾപൊട്ടൽ/പാറ വീഴ്ച, വരൾച്ച, ആലിപ്പഴ വർഷം, മേഘസ്‌ഫോടനം, ഭൂമികുലുക്കം, സുനാമി, കാട്ടു തീ, ശൈത്യ തരംഗം, കീടബാധ എന്നിവ രാജ്യം ദുരന്തമായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ശക്തമായ കാ​റ്റ്, ഇടിമിന്നൽ, തീരശോഷണം, മണ്ണൊലിപ്പ് എന്നിവ സംസ്ഥാന അതോറി​റ്റി ദുരന്തമായി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറി​റ്റി പ്രധാനമായും ഇടപെടുന്നത് ഈ ദുരന്തങ്ങളുടെ ആഘാത ലഘൂകരണത്തിനാണ്. നാം സ്വീകരിക്കുന്ന ഗൃഹനിർമാണശൈലി പോലും ദുരന്ത ലഘൂകരണത്തെ മുന്നിൽ
കണ്ടുകൊണ്ടാണോ എന്ന് ഗൗരവമായി ചിന്തിക്കണം. വെള്ളപ്പൊക്ക-വരൾച്ചാ സാധ്യതകൾ വർധിപ്പിക്കുന്നതിൽ നമ്മുടെ ആധുനിക ഗൃഹനിർമാണശൈലി വളരെ വലിയ അളവിൽ
പങ്കുവഹിക്കുന്നുണ്ട്.


ഇടിമിന്നൽ, ശക്തമായ മഴ എന്നിവയുടെ പ്രവചനത്തിനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികൾ അതോറി​റ്റി സ്വീകരിച്ച് കഴിഞ്ഞു. ഭൂകമ്പ നിരീക്ഷണ സംവിധാനവും ദുരന്ത സാഹചര്യവിശകലന സാങ്കേതിക വിദ്യയും ഇന്ന് അതോറി​റ്റിക്ക് ലഭ്യമാണ്. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറി​റ്റികളുടെ
പ്രവർത്തനം ശക്തിപ്പെടുത്തുവാനായി, കേന്ദ്ര ദുരന്ത നിവാരണ അതോറി​റ്റിയുടെ സാമ്പത്തിക സഹായത്തോടെ, ഈ സർക്കാർ 12 സാങ്കേതിക തസ്തികകൾ അനുവദിച്ചു. എല്ലാ ജില്ലയിലും ഒരു സാങ്കേതിക വിദഗ്ധന്റെ സേവനവും, ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളിൽ ഉപഗ്രഹാധിഷ്ടിത വിവര സവേദന സാങ്കേതിക വിദ്യ
സ്ഥാപിക്കുകയും അധികമായി ഓരോ കമ്യൂണിക്കേഷൻസ് എഞ്ചിനീയറെയും നിയമിക്കുകയും ചെയ്തു. ദുരന്ത പ്രതികരണത്തിനുള്ള പ്രാദേശിക സന്നദ്ധ സേനകളെ സജ്ജമാക്കുന്നതിലും ദുരന്തങ്ങൾ സംഭവിക്കുന്നതിനു മുമ്പ് നേരിടാൻ തയ്യാറെടുക്കുന്നതിലും രക്ഷാപ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിലും ദുരന്തശേഷമുള്ള ആശ്വാസ പ്രവർത്തനങ്ങളിൽ സേനയെ വിനിയോഗിക്കുന്നതിലും ജനപ്രതിനിധികൾക്ക് നിർണായകമായ പങ്കാണുള്ളത്.
വ്യക്തമായ അവബോധമുള്ള പ്രാദേശിക സന്നദ്ധസേനകൾ ഉണ്ടെങ്കിൽ ചുഴലിക്കാ​റ്റു മുതൽ ഭൂമികുലുക്കം വരെയുള്ള ഏതു വലിയ ദുരന്തങ്ങളെയും നേരിടുവാൻ പ്രാപ്തിയുള്ള
സമൂഹമായി മാറുവാൻ നമുക്ക് കഴിയും.

കേരളത്തിൽ വളരെ വർഷങ്ങൾ ക്കു മുമ്പുതന്നെ അഗ്നി സുരക്ഷാ വകുപ്പ് മേധാവിയെ സാമൂഹികാധിഷ്ടിത ദുരന്തപ്രതികരണ സേനയുടെ മേധാവിയായി കൂടെ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ ഒരു നടപടിയും ഈ സന്നദ്ധ സേനയുടെ രൂപീകരണത്തിന് എടുക്കപ്പെട്ടില്ല എന്ന വ്യസനകരമായ വസ്തുത ഉണ്ട്. സർക്കാരിന്റെ ഈ
വിഷയത്തിലുള്ള സവിശേഷ ശ്രദ്ധയും കരുതലും ഉൾക്കൊണ്ട് , സംസ്ഥാന ദുരന്ത നിവാരണ അതോറി​റ്റി ഇതിനായി സന്നദ്ധമായി കഴിഞ്ഞു. തൃശൂർ കേന്ദ്രീകരിച്ച് സിവിൽ ഡിഫെൻസ് ഇൻസ്​റ്റി​റ്റിയൂട്ട് സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രം പ്രവർത്തന സജ്ജമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറി​റ്റിയും അഗ്നിസുരക്ഷാ വകുപ്പും ഏ​റ്റെടുത്തിട്ടുണ്ട്.

ഇന്ന്, 2017ലെ ഈ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിൽ, കേരളത്തിലെ സാമൂഹികാധിഷ്ടിത ദുരന്തപ്രതികരണ സേനയുടെ രൂപീകരണത്തിനുള്ള ആദ്യ നിർണായക ചുവടുവെയ്പ്പ് നാം ഒ​റ്റകെട്ടായി എടുക്കുകയാണ് . ജനങ്ങളുടെ സേവന മനോഭാവത്തെ
കേന്ദ്ര സിവിൽ ഡിഫെൻസ് നിയമത്തിന്റെ വെളിച്ചത്തിൽ സാമൂഹികാധിഷ്ടിത ദുരന്തപ്രതികരണ സേനയുടെ രൂപത്തിൽ ഏകോപിപ്പിച്ച് എല്ലാ താലൂക്കിലുമായി ഏകദേശം 3000 First
Responders അടുത്ത 5 വർഷം കൊണ്ട് വാർത്തെടുക്കുക എന്നതാണ് സംസ്ഥാന അതോറി​റ്റി ഏ​റ്റെടുത്തിരിക്കുന്ന ലക്ഷ്യം. ഇതിനായി കേന്ദ്ര ദുരന്തനിവാരണ അതോറി​റ്റിയുടെ സഹായത്തോടെ, 'ആപതാമിത്രാ'പദ്ധതി പ്രകാരം കോട്ടയം ജില്ലയിൽനിന്നും തെരഞ്ഞെടുത്ത 200 സന്നദ്ധ പ്രവർത്തകർക്ക് ദുരന്തസമയ പ്രതികരണ പ്രവർത്തനത്തിൽ പരിശീലനം നൽകുവാനുള്ള പദ്ധതി ആരംഭിക്കുകയാണ്. ഇത് ദുരന്ത നിവാരണ രംഗത്തെ ഒരു പുതിയ ചുവടുവെയ്പ്പാണ്. സുരക്ഷിത കേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ