Wednesday, 18 October 2017 2.07 AM IST
ഫെയ്സ്ബുക്കിൽ അശ്ലീല സന്ദേശം അയച്ച യുവാവിന് യുവനടിയുടെ ചുട്ടമറുപടി
October 12, 2017, 7:13 pm
സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരെ അശ്ലീല സന്ദേശം അയക്കുന്ന സംഭവങ്ങൾ നിരവധിയാണ്. എന്നാൽ പലപ്പോഴും പുറത്ത് പറയാൻ ആരും തയ്യാറാവുന്നില്ല എന്നതാണ് സത്യം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ഥമായി തനിക്ക് ഫെയ്സ്ബുക്കിൽ അശ്ലീല സന്ദേശം അയച്ച യുവാവിനെ ആരാധകർക്ക് മുന്നിൽ തുറന്ന് കാട്ടുകയാണ് യുവനടി ദുർഗ കൃഷ്‌ണ. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിമാനത്തിലെ നായികയാണ് ദുർഗ. തന്റെ പേജിലേക്ക് അശ്ലീല സന്ദേശം അയക്കുന്ന യുവാവിന്റെ പ്രൊഫെെൽ ചിത്രവും അയാൾ അയച്ച സന്ദേശങ്ങളുടെയും സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പോസ്റ്റ് ചെയ്താണ് ദുർഗ ഇക്കര്യം വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചില ഞരമ്പുരോഗികൾക്ക് ഒരു ലെെസൻസുമില്ലെന്നും അവരെ കാണിച്ച് കൊടുക്കാനാണ് താൻ ഇത് പങ്ക് വയ്ക്കുന്നതെന്നും ദുർഗ ഫെയ്സ്ബുക്കിൽ കുറിച്ചു,

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ ദുർഗ കൃഷ്ണ. കോഴിക്കോടാണ് വീട്. ഞാൻ നിങ്ങളിൽ ഒരാളാണ്. നിങ്ങളുടെ സഹോദരിയാണ്. എന്നാൽ നിങ്ങളിൽ ആരൊക്കെയാണ് യഥാർത്ഥ സഹോദരൻമാർ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. ആട്ടിൻതോൽ അണിഞ്ഞ ചെന്നായ്ക്കളാണ് പലരും. രാത്രി ആവുമ്പോൾ തനിനിറം പുറത്ത് വരും.

ആ ചെന്നായ്ക്കൾക്ക് അവരുടെ ഇരകൾ സ്വന്തം അമ്മയെന്നോ സഹോദരിയെന്നോ, ഭാര്യയെന്നോ തിരിച്ചറിയില്ല. അവർക്ക് രണ്ട് വയസുകാരിയെന്നോ എഴുപതുകാരിയെന്നോ ഇല്ല. വൃത്തികെട്ട ചിത്രങ്ങൾ, വിഡിയോ, മെസേജ് തുടങ്ങിയവയിലൂടെയാണ് ഇവർ ഈ വൈകൃതം പ്രകടിപ്പിക്കുന്നത്. അവർക്ക് അതിൽ ഇരയുടെ പ്രായമോ ബന്ധമോ നിറമോ മതമോ ഒന്നും പ്രശ്‌നമില്ല. കഴിഞ്ഞ രാത്രി നാണംകെട്ടൊരു സംഭവം നടന്നു. സ്ക്രീൻ ഷോട്ടിൽ കാണുന്ന ഈ യുവാവ് ഇതുപോലുള്ള സന്ദേശങ്ങളും വിഡിയോയും അയച്ചുകൊണ്ടിരുന്നു.

എന്റേതായ ലക്ഷ്യബോധമുള്ള ഒരു സ്ത്രീയാണ് ഞാൻ. എന്നെ സങ്കടപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കുകയില്ല. എന്നെ ഉപദ്രവിക്കാൻ കഴിയില്ല. ഞാൻ ഒരു സ്ത്രീപക്ഷവാദിയല്ല. പക്ഷെ എനിക്ക് ഉറപ്പുള്ള ഒരു നട്ടെല്ലുണ്ട്. ഒരു നല്ല കുടുംബവും വിശ്വസ്‌തരായ ഒരു കൂട്ടം സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. നിങ്ങളെ ഞാൻ വെല്ലുവിളിക്കുന്നു..

എന്റെ സഹോദരൻമാരോട് ഒരു അപേക്ഷയുണ്ട്, നിങ്ങൾ കൗമാര പ്രായത്തിൽ പല കുസൃതിത്തരങ്ങളിലൂടെയായിരിക്കും കടന്നു പോയിരിക്കുക. പക്ഷേ, ഇത്തരം ഭ്രാന്തൻമാരിൽ നിന്ന് നിങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിക്കാൻ കൂട്ടായി നിൽക്കാം. ഇപ്പോൾ നമുക്കൊരു മാറ്റം കൊണ്ടുവന്നാൽ നാളെ ഈ വൈകൃതക്കാരുടെ ഇര ഉണ്ടാകില്ല.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ