Saturday, 21 October 2017 9.23 PM IST
ജയ് ഷായ്ക്കെതിരെ ആരോപണം: പ്രതിരോധിച്ച് ആർ.എസ്.എസ്
October 13, 2017, 12:05 am
ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി അനധികൃതമായി ആനുകൂല്യങ്ങൾ നേടിയെടുത്തെന്ന ആരോപണത്തെ പ്രതിരോധിച്ച് ആർ.എസ്.എസ് രംഗത്തെത്തി. ജയ് ഷായ്ക്കെതിരായ തെളിവുണ്ടെങ്കിൽ മാത്രമെ അന്വേഷണം നടത്തേണ്ട ആവശ്യമുള്ളുവെന്ന് ഭോപ്പാലിൽ നടന്ന യോഗത്തിനിടെ ആർ.എസ്.എസ് അറിയിച്ചു.
അഴിമതി നടന്നതായി പ്രാഥമികമായി തെളിവുകൾ വേണമെന്ന് ആർ.എസ്.എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബലെ അഭിപ്രായപ്പെട്ടു. ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 16,000 മടങ്ങ് വർദ്ധനയുണ്ടായെന്ന മാദ്ധ്യമ റിപ്പോർട്ടാണ് ആരോപണത്തിന് ആധാരം.
ജയ് ഷായുടെ സ്വത്തിലുണ്ടായ വളർച്ചയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും ആംആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു.
എന്നാൽ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തതായും ജയ് ഷാ അറിയിച്ചിരുന്നു. ജയ് ഷായ്ക്കെതിരെ അന്വേഷണം വേണമെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ ഉൾപ്പെടെയുള്ളവരും ആവശ്യപ്പെട്ടിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ