അഞ്ഞൂറാനാകാൻ നിവിൻ പോളി
October 12, 2017, 9:58 pm
മലയാള സിനിമയിലെ ശക്തമായ കുറച്ചു കഥാപാത്രങ്ങളെ തിരഞ്ഞെടുത്താൽ അതിൽ ഒന്ന് തീർച്ചയായും ഗോഡ്‌ഫാദറിലെ അഞ്ഞൂറാൻ ആകും എന്നതിൽ തർക്കമില്ല. ആ കഥാപാത്രത്തിന് പകരം വയ്‌ക്കാൻ മറ്റൊരു നടനില്ല എന്നു തെളിയിച്ചത് എൻ.എൻ.പിള്ളയായിരുന്നു. നാടകാചാര്യൻ, സാഹിത്യകാരൻ, നടൻ എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച എൻ.എൻ പിള്ളയുടെ ജീവിതം സിനിമയാകുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൻ.എൻ പിള്ളയാകുന്നത് നിവിൻ പോളിയാണ്.

നിവിന്റെ പിറന്നാൾ ദിനത്തിൽ രാജീവ് രവി തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇയോബിന്റെ പുസ്‌തകത്തിന്റെ തിരക്കഥാകൃത്തായ ഗോപൻ ചിദംബരം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. എൻ.എൻ പിള്ളയുടെ സംഭവബഹുലമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

ഗോഡ്‌ഫാദറിന് പുറമേ, മോഹൻലാലിനൊപ്പം നാടോടി എന്ന ചിത്രത്തിലും എൻ.എൻ പിള്ള അഭിനയിച്ചു. ഗോഡ്ഫാദറിന്റെ തമിഴ്-തെലുങ്ക് പതിപ്പുകൾ ഇറങ്ങിയപ്പോഴും അഞ്ഞൂറാനായി മറ്റൊരാളെ ചിന്തിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല.

മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു പിള്ള. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും രണ്ട് നാടക പഠനങ്ങളും 'ഞാൻ' എന്ന ആത്മകഥയും അദ്ദേഹത്തിന്റെ രചനയിൽ പുറത്തുവന്നിട്ടുണ്ട്. നടൻ വിജയരാഘവൻ മകനാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ