ബേപ്പൂരിൽ ബോ‌ട്ട് മുങ്ങിയത് കപ്പൽ ഇടിച്ചിട്ടാണെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ
October 12, 2017, 11:25 pm
കോഴിക്കോട് : ബേപ്പൂരിന് സമീപം പുറംകടലിൽ ബോട്ട് മുങ്ങിയത് കപ്പിലിടിച്ചിട്ടാതാണെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ. ബോട്ടിലുണ്ടായിരുന്ന ആറ് പേരിൽ മൂന്ന് പേരെ രക്ഷിച്ചിരുന്നു. ഇവരാണ് അപകടത്തിന്റെ വിവരങ്ങൾ നൽകിയത്. കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ' ഇമ്മാനുവൻ' എന്ന മത്സ്യബന്ധന ബോട്ടാണ് ബേപ്പൂരിൽ നിന്നും 50നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ മുങ്ങിയത്. കാണാതായവർക്ക് വേണ്ടിയുളള തിരച്ചിൽ കോസ്റ്റ് ഗാർഡും നേവിയും തുടരുകയാണ്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ബോട്ട് മുങ്ങിയ വിവരം കോസ്റ്റ്ഗാർഡിന്റെ കൊച്ചിയിലെ കേന്ദ്രത്തിൽ നിന്നും ബേപ്പൂർ കോസ്റ്റ്ഗാർഡ് ആസ്ഥാനത്ത് ലഭിക്കുന്നത്.

കോസ്റ്റ് ഗാർഡിന്റെ കൊച്ചിയിൽ നിന്നുളള ഡോണിയർ എയർക്രാഫ്റ്റ് പതിവ് പരിശോധന പറക്കലിനിടെയാണ് ബോട്ട് മുങ്ങിയത് കണ്ടത്. ഇതിനിടെ സമീപത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന ബോട്ടിലെ മീൻപിടുത്തക്കാർ മുങ്ങിയ ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. രാവിലെ വിവരമറിഞ്ഞയുടൻ ബോപ്പൂർ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നിന്നും സി.404 രക്ഷാബോട്ട് ഡെപ്യൂട്ടി കമാൻഡന്റ് വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം സേനാംഗങ്ങളുമായി സംഭവ സ്ഥലത്തെത്തി. ഇവരാണ് പിന്നീട് രാത്രി പത്തോടെ രക്ഷപ്പെട്ട തൊഴിലാളികളെ ബേപ്പൂർ തുറമുഖത്തെത്തിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കാണാതായവർക്ക് വേണ്ടി കോസ്റ്റഗാർഡിനൊപ്പം നിരവധി മീൻപിടുത്ത ബോട്ടുകളിലെ തൊഴിലാളികളും രാത്രി വൈകിയും തിരച്ചിലിലേർപ്പെട്ടിരിക്കുകയാണ്. കൊച്ചിയിൽ നിന്നും നേവിയുടെ സഹായവും തേടിയിട്ടുണ്ട്. കടലിലെ കൂരിരുട്ടും പ്രതികൂല കാലവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു. ബേപ്പൂർ കോസ്റ്റ് ഗാർ്ഡ് ഡെപ്യൂട്ടി കമാൻഡന്റ് മുഷ്ത്താഖ് അലിയുടെ മേൽനോട്ടത്തിൽ അപകട വിവരമറിഞ്ഞതിനെ തുടർന്ന് ബേപ്പൂർ തുറമുഖത്ത് നേരത്തെ തന്നെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നവരെ ആശുപത്രയിലെത്തിക്കുന്നതിന് ആംബുലൻസ് ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ