അങ്ങനെ ഒതുക്കേണ്ട ചിത്രമല്ല സെക്‌സി ദുർഗ: സനൽകുമാർ ശശിധരൻ
October 13, 2017, 10:49 am
ആ​ശാ​മോ​ഹൻ
മികച്ച ചിത്രത്തിനുള്ള റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിലെ സൈഗർ പുരസ്‌കാരം നേടിയ സിനിമയാണ് സനൽ കുമാർ ശശിധരൻ ഒരുക്കിയ സെക്‌സി ദുർഗ. എട്ടോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത സെക്‌സി ദുർഗ പക്ഷേ സ്വന്തം നാട്ടിൽ അവഗണനയുടെ വക്കിലാണ്. ചിത്രത്തിന്റെ പേര് വെട്ടിച്ചുരുക്കി എസ് ദുർഗയെന്നാക്കേണ്ടി വന്നതിനെക്കുറിച്ചും ഐ.എഫ്.എഫ്.കെ പോലുള്ള ചലച്ചിത്ര മേളയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് സനൽകുമാർ ശശിധരൻ.

പേരിലല്ല കാര്യം
ചിത്രത്തിന്റെ പേര് സംബന്ധിച്ച് ആയിരത്തോളം പരാതികൾ ലഭിച്ചുവെന്ന് പറഞ്ഞാണ് സെൻസർ ബോർഡ് സെക്‌സി ദുർഗയെ എസ് ദുർഗയാക്കാൻ നിർദ്ദേശിച്ചത്. പേരിലല്ല ഉള്ളടക്കത്തിലാണ് കാര്യമെന്ന് ഉത്തമ ബോധമുള്ളതിനാൽ അതിന് തയാറാവുകയായിരുന്നു. ഇയും എക്‌സും വൈയുമൊക്കെ വെറും അക്ഷരങ്ങളാണ്. എന്റെ സിനിമ പ്രേക്ഷകർ സെക്‌സി ദുർഗയായി തന്നെ കാണും. അതുറപ്പാണ്. വിദേശ രാജ്യങ്ങളിലും ഇന്റർനെറ്റിലും സെക്‌സി ദുർഗയായി തന്നെ സിനിമയെത്തും. പിന്നെ സീനുകളിൽ കാര്യമായ വെട്ടലുകളൊന്നും സെൻസർ ബോർഡ് നടത്തിയില്ല. ഒന്നു രണ്ട് ലോക്കൽ തെറിവിളികൾ മാത്രം 'ബീപ് ' സൗണ്ടിട്ടു. ബീപ് ശബ്ദം കേൾക്കുമ്പോൾ തന്നെ അത് തെറിയാണെന്ന് മനസിലാകും. അതു മതി.

ഐ.എഫ്.എഫ്.കെയിൽ വേണ്ട
സെൻസർ ബോർഡിനു തുല്യമായ ഇടപെടലാണ് രാജ്യാന്തര ചലച്ചിത്രോത്സവത്തിലും നടന്നിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തിന്മേൽ വന്ന ചിത്രം, ലോകത്താകമാനമുള്ള പ്രധാന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം, അംഗീകാരങ്ങൾ നേടിയ ചിത്രം അത് അർഹിക്കുന്ന രീതിയിൽ തന്നെ പ്രദർശിപ്പിക്കണ്ടേ. വേണം. സിനിമ മത്സര വിഭാഗത്തിൽ എടുക്കണമെന്ന് ഒരിക്കലും ഞാൻ അവകാശപ്പെടില്ല. മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ആളാണ് ഞാൻ. പക്ഷേ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഒരു മൂലയിൽ കൊമേഴ്‌സ്യൽ സിനിമകൾക്കൊപ്പം പ്രദർശിപ്പിക്കാനുള്ള നീക്കം ഒരു ഗൂഢാലോചനയുടെ ഭാഗം തന്നെയാണ്. അത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

ജൂറിയുടെ അസൂയാ മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ സാർ സിനിമ തിരഞ്ഞെടുത്തതിലെ തെറ്റ് സമ്മതിച്ചിട്ടും അത് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ ഇതുവരെ ജൂറി തയാറായിട്ടില്ല. അങ്ങനെ താഴ്ത്തിക്കെട്ടാനുള്ളതല്ല എന്റെ സെക്‌സി ദുർഗ.

കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒരാളെപ്പോലും ഉയർത്തിക്കൊണ്ടുവരാൻ കഴിയാത്തവരാണ് സിനിമയ്ക്ക് വിലയിടുന്നത്. ഡോ. ബിജുവിന്റെ സിനിമകൾക്ക് ലോക മേളകളിൽ വൻ സ്വീകാര്യതയാണ്. പക്ഷേ ഇവിടെയോ. അത്തരം നിരവധി ഉദാഹരണങ്ങൾ നമുക്ക് ചൂണ്ടിക്കാട്ടാൻ കഴിയും. മറ്റൊരു മേളകളിലും ഇല്ലാത്ത പോലെ മത്സര വിഭാഗങ്ങളിൽ പോലും സംവരണം ഏർപ്പെടുത്തുന്നവരാണ് ഐ.എഫ്.എഫ്.കെ. മലയാളത്തിൽ നിന്ന് രണ്ട്, ഇന്ത്യൻ സിനിമയിൽ രണ്ട് എന്നൊക്കെ. അങ്ങനെയാണോ മത്സരിക്കാനുള്ള ചിത്രങ്ങൾ കണ്ടുപിടിക്കേണ്ടത്? ഇതൊക്കെ മാറേണ്ട സമയം അതിക്രമിച്ചു. സംവരണം വരുമ്പോൾ നിലവാരം ഉള്ള സിനിമകൾ കുറയും. കൊമേഴ്‌സ്യൽ സിനിമകൾക്ക് ഇവിടെ പ്രാധാന്യം നൽകുമ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നത് അവിടുത്തെ സിനിമാ മേഖലയ്ക്ക് സംഭാവന നൽകിയ പരീക്ഷണ ചിത്രമായിരിക്കും. അതു തന്നെയാണ് ഏറ്റവും വലിയ വ്യത്യാസവും.

കൈയിലൊതുങ്ങാത്തവരെ വേണ്ട
ഇന്നയാൾ സഹായിച്ചിട്ടാണ് ഞാനിവിടെ വരെ എത്തിയതെന്ന് പറയുന്നവരെയാണ് ഇവിടെ പലർക്കും വേണ്ടത്. അതിനപ്പുറം കടന്നാൽ ഒതുക്കും. ആ ശ്രമം എനിക്കു നേരെയുണ്ട്. എന്നെയും ഒരുപാടു പേർ സഹായിച്ചിട്ടുണ്ട്. ആദ്യ സിനിമയായ ഒരാൾക്കൊപ്പം നിരവധി സുമനസ്‌കരുടെ സഹായത്താൽ പൂർത്തിയാക്കിയതാണ്. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അന്ന് ലഭിച്ച പിന്തുണയാണ് നാലു സിനിമകൾ പൂർത്തിയാക്കാൻ പ്രചോദനമായത്. ഉന്മാദിയുടെ മരണം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഞാൻ. ബുഡാനിലെ ഏഷ്യൻ പ്രോജക്ട് മാർക്കറ്റിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളിലൊന്ന് ഉന്മാദിയുടെ മരണമാണ്. അത്തരം തിരഞ്ഞെടുക്കലുകളാണ് ഉള്ളിലെ കലാകാരനെ സന്തോഷിപ്പിക്കുന്നതെന്നും ശശികുമാർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ