ഇത് കണ്ടാൽ വിമാനത്തിൽ കയറാൻ ആരുമൊന്ന് ഭയക്കും
October 10, 2017, 8:47 pm
വിമാനത്തിൽ കയറുന്നതും ആകാശത്തിലൂടെ സഞ്ചരിക്കുന്നതും ചിലരുടെ ജീവിതത്തിലെ ഏറ്റവും വലിയ പേടിസ്വപ്‌നങ്ങളിലൊന്നാണ്. അങ്ങനെയുള്ളവർ ദയവായി ഈ വീഡിയോ കാണരുത്. ഒരുപക്ഷേ നിങ്ങളുടെ ആകാശ പേടി ഇരട്ടിയാക്കാൻ ഈ വീഡിയോ കാരണമായെന്നിരിക്കും. ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനങ്ങളിലൊന്നായ എമിറേറ്റ്‌സ് എയർബസ് എ 380 ജർമനിയിലെ ഡസൽഡ്രോഫ് വിമാനത്താവളത്തിൽ ഇറങ്ങുന്ന വൈറൽ വീഡിയോയാണ് ഇത്. കനത്ത കാറ്റുമൂലം വിമാനം ആടിയുലയുന്ന വീഡിയോ ഒരുകോടിയിലധികം പേർ ഇതിനോടകം കണ്ടു കഴിഞ്ഞു.

കനത്ത കാറ്റുമൂലം ആടിയുലഞ്ഞാണ് വിമാനം റൺവേയിലേക്കെത്തുന്നത്. റൺവേയിൽ തൊട്ടതിന് പിന്നാലെ നിയന്ത്രണം തെറ്റിയ വിമാനം റൺവേയിൽ നിന്നും തെന്നി മാറാൻ തുടങ്ങി. എന്നാൽ ധൈര്യം കൈവിടാത്ത പൈലറ്റ് വിമാനത്തെ റൺവേയിലേക്ക് തിരിച്ചെത്തിച്ചു. കുറച്ച് നേരത്തെ മൽപിടുത്തത്തിന് ശേഷം കൂറ്റൻ വിമാനത്തെ പൈലറ്റ് വീണ്ടും വരുതിയിലാക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.എയർബസ് എ 380
ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളാണ് എയർബസ് എ 380. യു.എ.ഇ വിമാനകമ്പനിയായ എമിറേറ്റ്‌സിന് ഇത്തരത്തിലുള്ള 85 വിമാനങ്ങൾ നിലവിൽ സ്വന്തമായുണ്ട്. 73 മീറ്ററാണ് വിമാനത്തിന്റെ നീളം. 2007 ഏപ്രിൽ 27 നു ഫ്രാൻസിലെ ടുളുസിൽ ആയിരുന്നു ഇതിന്റെ ആദ്യ പറക്കൽ. നിർമാണഘട്ടത്തിൽ ഇത് എയർബസ് എ3xxx എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സൂപ്പർ ജംബോ എന്ന പേരിലും എ 380 എന്നും അറിയപ്പെടുന്നു. മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയിൽ 525 യാത്രക്കാരേയും ഇക്കണോമി വിഭാഗം മാത്രമുള്ള രീതിയിൽ 853 യാത്രക്കാരേയും ഉൾകൊള്ളാൻ കഴിയും. എ 380ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007 ഒക്ടോബർ 25നായിരുന്നു. 2019ഓടെ വിമാനത്തിന്റെ നിർമാണം കുറയ്‌ക്കാൻ കന്പനി തീരുമാനിച്ചിട്ടുണ്ട്. 2015ൽ 27 എണ്ണം നിർമിച്ച കന്പനി 2019ൽ എട്ട് വിമാനം മാത്രമായിരിക്കും നിർമിക്കുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ