Wednesday, 18 October 2017 2.04 AM IST
ഉമ്മൻചാണ്ടി കൈക്കൂലി വാങ്ങി, കേസ് അട്ടിമറിക്കാൻ തിരുവഞ്ചൂർ സ്വാധീനം ചെലുത്തി: സോളാർ കമ്മിഷൻ
October 11, 2017, 2:00 pm
തിരുവനന്തപുരം: മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും പ്രധാന ഉത്തരവാദികളെന്ന് സോളാർ കേസന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ കണ്ടെത്തി. ഉമ്മൻചാണ്ടി കൈക്കൂലി വാങ്ങിയെന്നും ക്രിമിനൽ ഉത്തരവാദിത്വത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ അന്നത്തെ ആഭ്യന്തര - വിജിലൻസ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ കീഴിലെ പൊലീസുദ്യോഗസ്ഥരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചു എന്നും ഊർജമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദും നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത എസ്.നായരെയും സഹായിച്ചും എന്നും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് സോളാർ കേസന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിലെ സ്‌ഫോടനാത്മക വിവരങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്.

ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ് എന്നിവർക്കും സോളാർ കേസ് പ്രതികളെ രക്ഷിക്കാൻ മനപൂർവ്വം ഇടപെടുകയും ക്രിമിനൽ കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തതിന് മുൻ എം.എൽ.എമാരായ തമ്പാനൂർ രവി, ബെന്നി ബെഹനാൻ എന്നിവർക്കുമെതിരെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിജിലൻസും പ്രത്യേക അന്വേഷണസംഘവുമാണ് അന്വേഷിക്കുക. ഇവർക്ക് പുറമേ, 2013 ജൂലായ് 19ന് സരിത നായർ പുറത്തുവിട്ട കത്തിൽ പറഞ്ഞ പേരുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കും. ഇവർക്കെതിരെ ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരും ടീം സോളാർ കമ്പനിയെയും സരിത എസ്. നായരെയും ഉപഭോക്താക്കളെ വഞ്ചിക്കാൻ സഹായിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്മിഷന്റെ പത്ത് കണ്ടെത്തലുകളും അവയുടെ അടിസ്ഥാനത്തിലുള്ള നിയമോപദേശങ്ങളും അവയിൽ കൈക്കൊണ്ട നടപടികളും ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. കമ്മിഷൻ റിപ്പോർട്ട് നടപടി റിപ്പോർട്ട് സഹിതം ആറ് മാസത്തിനകം നിയമസഭയിൽ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സോളാർ കേസന്വേഷിച്ച അന്നത്തെ പ്രത്യേകാന്വേഷണ സംഘം ഉമ്മൻചാണ്ടിയെ ക്രിമിനൽകുറ്റത്തിൽ നിന്ന് രക്ഷിക്കാൻ കുത്സിതശ്രമങ്ങൾ നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ നടപടിയുടെ ഭാഗമായി സംഘത്തലവൻ എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിസ്ഥാനത്ത് നിന്ന് നീക്കി. കെ.എസ്.ആർ.ടി.സി സി.എം.ഡി ആയാണ് പുതിയ നിയമനം. എ.ഡി.ജി.പി കെ. പത്മകുമാറിനെ മാർക്കറ്റ്ഫെഡ് എം.ഡിയായും മാറ്റിനിയമിച്ചു. കെ. പത്മകുമാർ, ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണൻ എന്നീ പൊലീസുദ്യോഗസ്ഥർക്കെതിരെ തെളിവുകൾ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കേസെടുത്ത് അന്വേഷിക്കും. അന്വേഷണസംഘത്തലവൻ എ. ഹേമചന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കും പ്രത്യേകസംഘം അന്വേഷിക്കും. കേരള പൊലീസ് അസോസിയേഷൻ ഭാരവാഹികളും അതിന്റെ ജനറൽ സെക്രട്ടറി ജി.ആർ. അജിത്തും 20ലക്ഷം രൂപ സോളാർ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സർവീസ് ചട്ടപ്രകാരം വകുപ്പുതല നടപടിയും വിജിലൻസ് അന്വേഷണവും നടത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ