Wednesday, 18 October 2017 1.52 AM IST
സാമൂഹ്യ പ്രവർത്തകയുടെ ക്രൂര കൊലപാതകം: പ്രതി പിടിയിൽ
October 11, 2017, 11:10 am
സൈജു അടിമാലി
അടിമാലി: സാമൂഹ്യ പ്രവർത്തകയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്. കൊല നടത്തിയ ശേഷം അറുത്തെടുത്തുകൊണ്ടുപോയ സ്ത്രീയുടെ ഇടതു സ്തനം പ്രതിയുടെ തൊടുപുഴയിലെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തു. സാമ്പത്തിക ഇടപാടാണ് ക്രൂരതക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അടിമാലി പതിനാലാം മൈൽ ചാരുവിള പുത്തൻപുരയിൽ സിയാദിന്റെ ഭാര്യ സെലീനയാണ് (41) ഇന്നലെ ഉച്ചകഴിഞ്ഞ് ക്രൂരമായി വധിക്കപ്പെട്ടത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ പതിനാലാം മൈലിൽ മുഴുവൻ മറ്റത്തിൽ നേഴ്സറിയ്ക്ക് സമീപമുള്ള വീടിന് പിന്നിലായാണ് സെലീനയുടെ മൃതദേഹം കണ്ടെത്തിയത്. വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീടിനു പിന്നിൽ നിന്നു സെലീന വസ്ത്രങ്ങൾ കഴുകുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.16 ഓടെയാണ് പ്രതി ഗിരോഷ് വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ ശേഷം എട്ടു മിനിറ്റിനുള്ളിൽ പ്രതി പുറത്തിറങ്ങി. 2.24ന് ഇയാൾ ബൈക്കിൽ കയറി പോവുന്ന ദൃശ്യങ്ങൾ സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
പ്രതി ഗിരോഷ് നേരത്തെ ഒരു പീഡനശ്രമ കേസിൽ കുടുങ്ങിയിരുന്നു. ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടി സാമൂഹ്യ പ്രവർത്തകയായ സെലീനയുടെ സഹായം തേടി. പെൺകുട്ടിയെ സഹായിച്ചതോടെ ഗിരോഷിന് സെലീനയോട് വൈരാഗ്യമുണ്ടായിരുന്നു. എന്നാൽ, പിന്നീട് സെലീനയും ഗിരോഷും കണ്ടുമുട്ടുകയും, സൗഹൃദത്തിലാകുകയും ചെയ്തു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതേതുടർന്നുണ്ടായ തർക്കമാണ് കൊടും ക്രൂരതക്ക് കാരണമായതെന്നാണ് സംശയം.

സെലീനയെ വകവരുത്താൻ തീരുമാനിച്ചുറപ്പിച്ച് വീട്ടിലെത്തിയ ഗിരോഷ് സെലീനയുടെ തൊണ്ണക്കുഴിയിൽ കത്തി കുത്തിയിറക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായശേഷം വീണ്ടും ഇത് ആവർത്തിച്ചു. തുടർന്ന് ഇടതുസ്തനം അതേ കത്തികൊണ്ട് അറുത്തെടുത്ത് പ്ലാസ്റ്റിക് സഞ്ചിയിലാക്കി പൊതിഞ്ഞെടുത്തു. തുടർന്നു ബൈക്കിൽ കയറി തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിൽ ഒരു പ്രാവശ്യം പുറത്തിറങ്ങി രംഗം നിരീക്ഷിക്കുന്നതും സി.സി.ടി.വി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. അടിമാലിയിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്നു ഗിരോഷ്. ഇന്നു പുലർച്ചെ തൊടുപുഴയിലെ വീടുവളഞ്ഞാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലക്ക് ഉപയോഗിച്ചിരുന്ന കത്തി വനമേഖലയിൽ എറിഞ്ഞുകളഞ്ഞതായാണ് പ്രതിയുടെ മൊഴി. ഇതേ തുടർന്ന് കത്തിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം ആറിന് ഭർത്താവ് സിയാദ് കച്ചവടം കഴിഞ്ഞ് എത്തിയപ്പോഴാണ് സെലീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വയറിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. വീട് പൂട്ടിയ നിലയിലിലുമായിരുന്നു. മൃതദേഹത്തിൽ നിന്ന് ഒഴുകിയ രക്തം ചെറിയ രീതിയിൽ കട്ടപിടിച്ചിട്ടുണ്ട്. മരിച്ച സെലീന കൗൺസിലിംഗ് നടത്തുകയും നിയമ സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നതുമായ യുവതിയായിരുന്നു. സാമൂഹ്യ പ്രശനങ്ങളിലും ഇടപ്പെട്ടിരുന്നു. അടിമാലി കേന്ദ്രീകരിച്ചായിരുന്നു സെലീന പ്രവർത്തിച്ചിരുന്നത്. രണ്ട് കുട്ടികളുണ്ട്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ