റാം മനോഹർ ലോഹ്യ: സാർവദേശീയ വിപ്ളവകാരി
October 12, 2017, 12:10 am
ഡോ. എ. നീലലോഹിതദാസ്
തന്റേതായി അവകാശപ്പെടാൻ യാതൊന്നുമില്ലാതെ, മർദ്ദിതരും ചൂഷിതരുമായ ജനകോടികൾ-അവരിൽ ഒരാളായി തന്നെ കാണണമെന്ന് മാത്രം ആഗ്രഹിച്ച് അവരുടെആശയാഭിലാഷങ്ങൾക്ക് രൂപം നൽകുന്നതിന് ജീവിതം മുഴുവൻ അടരാടിയ ഡോ.റാം മനോഹർലോഹ്യ തന്റെ 57-ാമത്തെ വയസ്സിൽ അന്തരിച്ചിട്ട് ഇന്ന് 50 വർഷം തികയുന്നു.കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മൂന്ന് പ്രധാന വിപ്ലവങ്ങൾ പിറവിയെടുത്തകാലഘട്ടത്തിലാണ് റാം മനോഹർ, 1910 മാർച്ച് മാസം 23-ാം തീയതി ജനിച്ചത്. ആദ്യത്തേത്1917 ലെ റഷ്യൻ വിപ്ലവത്തിന്റെ അരങ്ങേറ്റമായി കരുതപ്പെടുന്ന 1905 ലെ ആദ്യത്തെ റഷ്യൻ വിപ്ലവം.രണ്ടാമത്തേത് മോഹൻദാസ് കരംചന്ദ് ഗാന്ധി ദക്ഷിണാഫ്രിക്കയിൽ 1906 സെപ്റ്റംബർ 11 ന് തുടക്കമിട്ട സമാധാനപരമായ ചെറുത്തുനിൽപ്പിന്റെ സമരം. മൂന്നാമത്തേത് സ്വാതന്ത്ര്യം തന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിക്കുകയും തന്റെ കൈകളിലും കാലുകളിലും ചങ്ങലയുടെ ഭാരംഅനുഭവപ്പെടുന്നുവെന്നു പറയുകയും ചെയ്ത ബാലഗംഗാധരതിലകന്റെ ജീവിതവും സമരവും.റഷ്യയിൽ സാറിസ്റ്റു സ്വേച്ഛാപ്രഭുത്വത്തിനും ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനും ഇൻഡ്യയിൽസാമ്രാജ്യത്വ പ്രഭുത്വത്തിനുമെതിരെ നടന്ന സമരങ്ങളെ ലോഹ്യ തന്റെ പൈതൃകമായി അംഗീകരിച്ചിരുന്നു.റാം മനോഹറിന് രണ്ടരവയസ്സുപ്രായമുണ്ടായിരുന്നപ്പോൾ മാതാവ് അന്തരിച്ചു. മകനെവളർത്തുന്നതിനുള്ള പൂർണ്ണമായ ചുമതല പിതാവായ ഹിർലാലിന് എറ്റെടുക്കേണ്ടിവന്നുവെങ്കിലും,ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുഴുവൻ സമയപ്രവർത്തനത്തിൽ മുഴുകുന്നതിന് അതൊന്നുംഅദ്ദേഹത്തിന് തടസ്സമായിരുന്നില്ല. 1918 ലെ അഹമ്മദാബാദ് കോൺഗ്രസ്സ് സമ്മേളനത്തിൽ ഹിർലാൽപങ്കെടുത്തു. 8 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകൻ റാം മനോഹറിനെയും കൂടെ കൊണ്ടുപോയി.അച്ഛനും മകനും ബോംബെയിൽ താമസിക്കുമ്പോൾ, ബോംബെയിൽ എത്തിച്ചേർന്ന ഗാന്ധിജിയെകാണാൻ മകനോടൊപ്പം ഹിർലാൽ പോയി. ഗാന്ധിജി, റാം മനോഹറിനെ തലോടി. 27 നീണ്ടവർഷങ്ങൾ ഗാന്ധിജിയുമായുള്ള ആ ബന്ധം പരിപൂർണ്ണ ഊഷ്മളതയോടെ നിലനിന്നു. ഗാന്ധിജി വധിക്കപ്പെട്ട ദുർദിനത്തിന്റെ തലേ രാത്രി അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചു റാം മനോഹർ അദ്ദേഹത്തിന്റെ മുറിയിലാണ് കിടന്നുറങ്ങിയത്.ഗാന്ധിജിയുടെ മരണത്തിനുശേഷം നീണ്ട ഇരുപതോളം വർഷങ്ങൾ ഗാന്ധിജി മനുഷ്യവർഗ്ഗത്തിനുനൽകിയ അനശ്വര സംഭാവനയുടെ പ്രയോക്താവും വക്താവുമായി റാം മനോഹർ ലോഹ്യപ്രവർത്തിച്ചു.
മെട്രിക്കുലേഷൻ പൂർത്തിയായശേഷം ഉപരിപഠനത്തിന് റാം മനോഹർ പണ്ഡിറ്റ്, മദൻമോഹൻമാളവ്യയുടെ കാശിവിദ്യാവിശ്വപീഠത്തിൽ ചേർന്നു. രാജ്യത്തിനുവേണ്ടി സർവ്വവും ത്യജിക്കാൻ തയ്യാറുള്ള ധീരദേശാഭിമാനികളുടെ നിരയെ വാർത്തെടുക്കുന്നതിനുള്ള ശില്പശാലയായിരുന്നു, അന്ന് ആദേശീയവിദ്യാലയം. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ഇൻഡ്യൻ രാഷ്ട്രീയത്തിലെ അതിമാനുഷരായ ഗാന്ധിജിയും ജവഹർലാൽ നെഹ്‌റുവും സുഭാഷ് ചന്ദ്രബോസുമായി പരിചയപ്പെടുന്നതിനും ഒരുമിച്ചുപ്രവർത്തിക്കുന്നതിനും റാം മനോഹർ ലോഹ്യയ്ക്ക് കഴിഞ്ഞു. വർഷങ്ങൾക്കുശേഷം, ഇവരെ മൂന്ന്‌പേരേയും വിലയിരുത്തിക്കൊണ്ട്, ഗാന്ധിസ്വപ്നവും നെഹ്‌റു അഭിലാഷവും, സുബാഷ് പ്രവർത്തിയുമായിരുന്നുവെന്ന് ലോഹ്യ പറഞ്ഞിട്ടുണ്ട്.ഒരു സ്‌കോളർഷിപ്പിന്റെ പിൻബലത്തിൽ 1929 ൽ ലോഹ്യ ജർമ്മനിയിലെ ബർലിൻ സർവകലാശാലയിൽ ചേർന്നു.
ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം ലോഹ്യയുടെ ഹൃദയത്തിലും മനസ്സിലും ബ്രിട്ടനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റെ തീകൊളുത്തി. ലോഹ്യ, ലീഗ് ഓഫ് നേഷൻസിനെ തന്റെ സമരവേദിയായി തെരഞ്ഞെടുത്തു.ലീഗ് ഓഫ് നേഷൻസിൽ ബിക്കാനീർ മഹാരാജാവിനെ ഇൻഡ്യൻ പ്രതിനിധിയായി പ്രസംഗിക്കാൻവിളിച്ചു. പ്രസംഗം ആരംഭിക്കുമ്പോൾ ഈ യുദാസിന് ഇൻഡ്യയെ പ്രതിനിധീകരിക്കാൻ അവകാശമില്ലായെന്ന്, ലോഹ്യ ഉറക്കെ വിളിച്ചു പറഞ്ഞു. ഇന്ത്യൻ ജനതയുടെ പോരാട്ടം ലോകരാഷ്ട്രത്തലവന്മാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ലോഹ്യക്ക് കഴിഞ്ഞു.ഉപരിപഠനത്തിനുശേഷം ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തിയ ലോഹ്യയെ ഇന്ത്യൻ നാഷണൽകോൺഗ്രസ്സിന്റെ വിദേശവകുപ്പിന്റെ ചുമതല പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഏല്പിച്ചു.സാമ്രാജ്യത്വത്തിനും കൊളോണിയൽചൂഷണത്തിനുമെതിരെ ഒരു ആഗോളവിപ്ലവമായിരുന്നു ലോഹ്യയുടെ ലക്ഷ്യം. ക്വിറ്റ്ഇൻഡ്യ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡോ. റാം മനോഹർ ലോഹ്യയേയും ജയപ്രകാശ് നാരായണനേയുംഅടച്ചിരുന്നത് ലാഹോർ കോട്ടയിലെ ഇരുട്ടറകളിലായിരുന്നു. മറ്റെല്ലാ നേതാക്കളെയും മോചിപ്പിച്ചപ്പോഴുംലോഹ്യയേയും ജയപ്രകാശിനേയും മാത്രം മോചിപ്പിച്ചില്ല. അധികാര കൈമാറ്റത്തിനുവേണ്ടിയുള്ളചർച്ചകൾക്കായി ബ്രിട്ടീഷ് ഗവൺമെന്റ് മുന്നോട്ടു വന്നപ്പോൾ ലോഹ്യയേയും ജയപ്രകാശിനേയുംമോചിപ്പിച്ചതിനുശേഷമേ താൻ പങ്കെടുക്കുവെന്ന ഉറച്ച നിലപാട് ഗാന്ധിജി എടുത്തു.ആ നിലപാടിനു മുന്നിൽ ബ്രിട്ടീഷ് ഗവൺമെന്റിനു വഴങ്ങേണ്ടി വന്നു. 1946 ആഗസ്റ്റ് മാസത്തിൽ വർഗ്ഗീയ ലഹളകൾ അരങ്ങേറിക്കൊണ്ടിരുന്നു. തന്റെ മുസ്ലീംസ്‌നേഹിതരരെ അവരുടെ വീടുകളിൽ പോയി കാണാൻ ഗാന്ധിജി ലോഹ്യയോട് നിർദ്ദേശിച്ചു. മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് നീട്ടിപിടിച്ച കഠാരകളുടെ മുന്നിലൂടെ നടന്നുനീങ്ങാൻ ലോഹ്യ തയ്യാറായി. ഗാന്ധിജി അവസാനിപ്പിച്ചിടത്തുനിന്നും കാർഷിക പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭസമരങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്നതിന് ലോഹ്യ സോഷ്യലിസ്റ്റുപാർട്ടിയിലൂടെ മുന്നോട്ടു വന്നു. അതോടൊപ്പംചെറുകിടയന്ത്ര സിദ്ധാന്തവും ചതുർസ്തംഭരാഷ്ട്ര സിദ്ധാന്തവും ഏകലോകമെന്ന ലക്ഷ്യവും ലോഹ്യമുന്നോട്ടു വച്ചു. ജാതി നിർമ്മാർജ്ജനത്തിനുവേണ്ടി അദ്ദേഹം നിലകൊണ്ടു.പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കും പിന്നോക്കവിഭാഗങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേക അവസരങ്ങൾനൽകി സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടി നിരന്തരം പോരാടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ