അരസികനായ ദുബായ്‌ക്കാരൻ
November 10, 2017, 4:15 pm
എൻ.പി.മുരളീ കൃഷ്‌ണൻ
മലയാള സിനിമയെ സംബന്ധിച്ച് തൊണ്ണൂറുകളുടെ പ്രത്യേകത കോമഡി ട്രാക്ക് സിനിമകളുടെ അതിപ്രസരം കണ്ട കാലം എന്നതായിരുന്നു. 1989ൽ റാംജിറാവ് സ്പീക്കിംഗിലൂടെ തുടക്കമിടുകയും ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ തുടങ്ങിയ സിനിമകളിലൂടെ തുടരുകയും ചെയ്ത സിദ്ധിഖ് ലാൽ കോമഡി തരംഗത്തിന്റെ തുടർച്ചയായിരുന്നു തൊണ്ണൂറുകളിൽ കണ്ടത്. രാജസേനനും റാഫി മെക്കാർട്ടിനുമെല്ലാം ഈ പാറ്റേൺ പിന്തുടർന്ന് വിജയിച്ചവരാണ്. കോമഡിക്കാണ് മാർക്കറ്റ് എന്നുകണ്ട് അക്കാലത്ത് ഹാസ്യചിത്രങ്ങളുടെ നീണ്ട നിര തന്നെ നിർമിക്കപ്പെടുകയും എറണാകുളം കേന്ദ്രീകരിച്ചുള്ള മിമിക്രി താരങ്ങൾ ഒന്നടങ്കം സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അഭ്യസ്തവിദ്യരായ യുവാക്കളും ചെറിയ തക്കിടതരികിട പരിപാടികളും അവർക്കു സംഭവിക്കുന്ന മണ്ടത്തരങ്ങളും അത് തട്ടിപ്പുകാരിലേക്കും കൊള്ളസംഘങ്ങളിലേക്കും എത്തുന്നതുമെല്ലാമായിരുന്നു ഈ സിനിമകളിലെ സ്ഥിരം പ്രമേയം. പല സിനിമകളും വിജയം കണ്ടെങ്കിലും ഒരേ അച്ചിൽ വാർത്തെടുത്ത തരത്തിൽ തുടർന്നുവന്ന ചിത്രങ്ങളെ പ്രേക്ഷകർ തഴഞ്ഞു. ഇതോടെ ഒരു പ്രത്യേക ജനുസ്സിൽപ്പെട്ട കോമഡി സിനിമകൾ തന്നെ ഇല്ലാതാകുകയായിരുന്നു.

പ്രേക്ഷകർ ശ്രദ്ധിക്കാറില്ലെങ്കിലും പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാത്ത ഇത്തരം ചിത്രങ്ങൾ ഇടയ്ക്കും തലയ്ക്കും പിന്നെയും വന്നുകൊണ്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബിവെയർ ഒഫ് ഡോഗ്സ്, കാപ്പുചീനോ, ഗൂഢാലോചന തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ഇക്കൂട്ടത്തിലേക്കുള്ള പുതിയ പേരാണ് ബാബുരാജ് ഹരിശ്രീയും ഹരിശ്രീ യൂസഫും ചേർന്ന് സംവിധാനം ചെയ്ത ഹലോ ദുബായ്‌ക്കാരൻ എന്ന ചിത്രത്തിന്റേത്. ഹലോ ദുബായ്‌ക്കാരന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹരിശ്രീ യൂസഫ് ആണ്.

ദുബായിൽ പോകാൻ ചെറുപ്പം മുതൽ ആഗ്രഹിക്കുന്നയാളാണ് കഥാനായകനായ പ്രകാശൻ. എന്നാൽ ഓരോ പ്രശ്നങ്ങൾ കാരണം പ്രകാശന്റെ ദുബായ് യാത്ര മുടങ്ങിപ്പോകുന്നു. ദുബായ് ജോലിയല്ലാതെ മറ്റൊരു ജോലിയും ചെയ്യില്ലെന്നാണ് അയാളുടെ തീരുമാനം. പലതവണ പരാജയപ്പെട്ടിട്ടും നാട്ടുകാരും വീട്ടുകാരും പിന്തിരിപ്പിച്ചിട്ടും അയാൾ പിൻവാങ്ങാൻ തയ്യാറായിരുന്നില്ല. പലതവണ ലക്ഷ്യത്തിന്റെ തൊട്ടടുത്തുവരെ എത്തിയിട്ടും അയാൾക്ക് യാത്ര പൂർത്തിയാക്കാനാകുന്നില്ല. ഒടുവിൽ പ്രകാശൻ നാട്ടിൽത്തന്നെ തുടരുന്നു. എങ്കിലും ദുബായിലേക്കുള്ള ഒരു വിളിക്ക് അയാൾ കാത്തിരിക്കുകയാണ്.

ലോജിക്കില്ലായ്മയുടെ അയ്യരുകളിയാണ് ഈ ദുബായ്‌പോക്ക് മുടക്കുന്ന കാരണങ്ങൾ. തൊണ്ണൂറുകളിലെ കോമഡി ട്രെൻഡ് സിനിമകൾ പിന്തുടർന്നുവന്ന അതേ പാറ്റേണിലാണ് ദുബായ്‌ക്കാരന്റേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമാശ പോലും അക്കാലത്തിന്റെതാണ്. സിനിമയിലെ സഹതാരങ്ങളും വഴിവക്കിൽക്കൂടി പോകുന്നവരും പൊലീസ് കഥാപാത്രങ്ങളുമെല്ലാം കോമഡി പറയുന്നവരാണ്. പക്ഷേ പ്രേക്ഷകരിൽ ഒരു ചലനവുമുണ്ടാക്കാൻ ഈ തമാശകൾക്കാകുന്നില്ല. സലിംകുമാറും ധർമജനും വരുന്ന സീനുകളിലാണ് അൽപ്പം ആശ്വാസം തോന്നുക. അവർ പറ്റുന്ന വിധം കൈയ്യിൽ നിന്നെടുത്ത് കോമഡി ഇടുന്നുണ്ടെങ്കിലും തിരക്കഥയുടെ സ്ഥായിയായ ബലഹീനതയിൽ അതും ഏശുന്നില്ല. ഇന്ദ്രൻസിനെയൊക്കെ തൊണ്ണൂറുകളിലെ കോമഡിക്കാലത്തെപ്പോലെ അവതരിപ്പിക്കാൻ ശ്രമിച്ച് സംവിധായകൻ പരാജയപ്പെടുന്നുണ്ട്. ക്ലൈമാക്സിലെ കൂട്ട അടി പോലും അക്കാലത്തിലേതു പോലെത്തന്നെ. ദുബായ്‌ക്കാരനിലെ വില്ലനും കൂട്ടാളികളുമൊക്കെ ഒരു ലക്ഷ്യബോധവുമില്ലാതെ വെറുതെ സ്‌ക്രീനിൽ വന്നുനിന്ന് അടിപിടി നടത്തുന്നവരാണ്. നായകൻ ഡബിൾ റോളിലാകുന്ന ക്ലൈമാക്സിലെ ട്വിസ്റ്റും അതിലേക്ക് നയിക്കാൻ പറയുന്ന കഥയുമെല്ലാം അന്തംവിട്ട് കണ്ടും കേട്ടുമിരിക്കാനേ തരമുള്ളൂ.

പണം മുടക്കാൻ നിർമാതാവിനെയും ഒട്ടുമിക്ക ചെറുകിട താരങ്ങളെയും കിട്ടിയിട്ടും തരക്കേടില്ലാത്ത രീതിയിലുള്ള ഒരു കാഴ്ചയാക്കി സിനിമയെ മാറ്റാൻ സംവിധായകന് കഴിയുന്നില്ല. വളരെ അമച്വറായ മേക്കിംഗാണ് സിനിമയുടേത്. ഒരു സീക്വൻസിൽ പോലും പ്രൊഫഷണലായ സമീപനം കാണാനാകില്ല. റിയലിസ്റ്റിക്കായ ആവിഷ്‌കാരം കൊണ്ട് ശ്രദ്ധപിടിച്ചു പറ്റുന്ന ഒരു പറ്റം ചെറുപ്പക്കാരുടേതാണ് നിലനിൽക്കുന്ന മലയാള സിനിമ. സിനിമ ഇത്തരത്തിൽ യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന കാലത്താണ് നാടകീയതയും അതിശയോക്തി നിറഞ്ഞ കഥയും കഥാപാത്രങ്ങളും പഴഞ്ചൻ കഥപറച്ചിൽ സങ്കേതങ്ങളും ഉപയോഗിച്ചുള്ള ഇത്തരം സിനിമാ പരീക്ഷണങ്ങൾ. ഹലോ ദുബായ്‌ക്കാരന്റെ അണിയറക്കാരിൽ മിക്കവരും തഴക്കം ചെന്ന കലാകാരന്മാരാണ്. കാമ്പും പുതുമയുമില്ലാത്ത തിരക്കഥയും യാതൊരു നൂതനതയും ഉപയോഗിക്കാത്ത സംവിധാന ശൈലിയും അലങ്കാരമായിട്ടുള്ള ഒരു സിനിമയിൽ ഈ കലാകാരന്മാർക്കെല്ലാം ടൈറ്റിൽ കാർഡിലെ പേരുകൾ മാത്രമായി അവശേഷിക്കേണ്ടിവരുന്നു.

റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ