പൃഥ്വിയുടെയും നസ്രിയയുടെയും അച്ഛനായി രഞ്ജിത്
November 10, 2017, 5:02 pm
പൃഥ്വിരാജ് എന്ന നടനെ മലയാള സിനിമയ്‌ക്ക് സമ്മാനിച്ചത് സംവിധായകൻ രഞ്ജിത്താണ്. രഞ്ജിത്തിന്റെ 'നന്ദന'ത്തിലൂടെയായിരുന്നു പൃഥ്വി സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ പൃഥ്വിയുടെ അച്ഛനായി ബിഗ് സ്‌ക്രീനിൽ എത്താൻ ഒരുങ്ങുകയാണ് രഞ്ജിത്. അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിലാണ് പൃഥ്വിയുടെയും നസ്രിയയുടെയും അച്ഛനായി രഞ്ജിത് എത്തുന്നത്.

സിനിമാ രംഗത്ത് എത്തിയ കാലം മുതൽ തന്നെ വെള്ളിത്തിരയ്ക്കു മുന്നിലും പിന്നിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് രഞ്ജിത്. ഒരു 'മെയ് മാസപ്പുലരിയി'ൽ തുടങ്ങിയ സിനിമാ പ്രയാണത്തിൽ എഴുത്തായും ശബ്ദമായും തിളങ്ങിയ രഞ്ജിത്, ചില സിനിമകളിലെ സീനുകളിൽ മിന്നിമറഞ്ഞിട്ടുണ്ടെങ്കിലും, ജയരാജ് സംവിധാനം ചെയ്ത 'ഗുൽമോഹറി' ൽ നായക കഥാപാത്രമായത്തിന് ശേഷം ഒരു നടൻ എന്ന നിലയിലും ശ്രദ്ധേയനായി. തന്റെ സംവിധാന സംരംഭങ്ങൾക്കിടയിൽ അഭിനയത്തിന് മുൻതൂക്കം കൊടുക്കാതിരുന്ന രഞ്ജിത്, രാജീവ് രവിയുടെ 'അന്നയും റസൂലും' എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെയും ആഷിക്ക് അബുവിന്റെയും അച്ഛനായി വേഷമിട്ടിരുന്നു. തൃശൂർ സ്‌കൂൾ ഒഫ് ഡ്രാമയിലെ അഭിനയ വിഭാഗം പൂർവ്വ വിദ്യാർത്ഥിയാണ് രഞ്ജിത്.

അഞ്ജലി മേനോനുമായും രഞ്ജിത് ഇതിനു മുൻപ് സിനിമയിൽ സഹകരിച്ചിട്ടുണ്ട്. രഞ്ജിത് രൂപകൽപന ചെയ്‌ത 'കേരള കഫേ' എന്ന സിനിമയിലെ 'ഹാപ്പി ജേർണി' എന്ന ചിത്രം അഞ്ജലിയായിരുന്നു സംവിധാനം ചെയ്‌തത്.

സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്‌ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കാമുകിയായി പാർവ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. മഞ്ചാടിക്കുരു എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

രജപുത്ര വിഷ്വൽ മീഡിയയും ലിറ്റിൽ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷൻ മാത്യു, സിദ്ധാർത് മേനോൻ, മാല പാർവതി, അതുൽ കുൽക്കർണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്രിയയുടെ തിരിച്ചു വരവു കൂടിയാണ് ഈ ചിത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ