'അറാം' - തമിഴകത്തിനൊരു 'മാളൂട്ടി'
November 10, 2017, 10:22 pm
ആർ.സുമേഷ്
1990ൽ ഭരതൻ സംവിധാനം ചെയ്ത് മലയാളത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു മാളൂട്ടി. ജയറാമും ഉർവശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ സിനിമ പറഞ്ഞത് കളിച്ചു കൊണ്ടിരിക്കെ ഇടുങ്ങിയ കുഴിയിലേക്ക് വീണ മാളൂട്ടി എന്ന ബാലികയെ രക്ഷിക്കുന്നതിനുള്ള ഭഗീരഥ പ്രയത്നത്തെ കുറിച്ചായിരുന്നു. 27 വർഷങ്ങൾക്കിപ്പുറത്ത് തമിഴകത്ത് നിന്നൊരു മാളൂട്ടിക്കഥ ചെറിയ മാറ്റങ്ങളോടെ പുനർജ്ജനിക്കുകയാണ് ഗോപി നൈനാർ സംവിധാനം ചെയ്ത അറാം എന്ന സിനിമയിലൂടെ.

ഒരു മാളൂട്ടിക്കഥ
തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. കുടിവെള്ള മാഫിയ ജലം ഊറ്റിയതുകാരണം ദാഹജലം പോലുമില്ലാതെ അലയുന്ന ജനതയുടെ കഥയാണ് സിനിമ പറയുന്നത്. ഗ്രാമത്തിലെ ദന്പതികളുടെ മകൾ ധൻഷിക കളിച്ചു കൊണ്ടിരിക്കെ 100 അടി താഴ്ചയുള്ള കുഴിയിൽ അകപ്പെടുന്നു. കുഞ്ഞിനെ രക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് കളക്ടറായ മധിവധാനി എത്തുന്നു. തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ശേഷം ഭാഗം.

'അറാം' എന്ന നേർക്കണ്ണാടി
'അറാം' എന്ന വാക്കിന് അർത്ഥം സഹായം എന്നാണ്. എല്ലാം ഉണ്ടായിട്ടും സഹായിക്കാൻ നിയമമോ വ്യവസ്ഥിതികളോ മടിച്ചു നിൽക്കുന്ന സാമൂഹ്യ ദുരവസ്ഥയിലേക്കാണ് സംവിധായകൻ കാമറ തിരിക്കുന്നത്. ഐ.എ.എസ് ഓഫീസർമാർ രാഷ്ട്രീയക്കാരുടേയും അധികാരിവർഗത്തിന്റേയും കൈയിലെ പാവയാണെന്ന പൊതുവേയുള്ള വയ്‌പ് ഈ സിനിമയിൽ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു.

ഒരുവശത്ത് റോക്കറ്റ് വിക്ഷേപണത്തിലൂടെ ഉന്നതിയിലേക്ക് കുതിക്കുന്ന ഇന്ത്യയെ കാണിക്കുന്ന സംവിധായകൻ മറുവശത്ത് കുത്തഴിഞ്ഞ വ്യവസ്ഥിതിയുടെ ഇരകളായി ദാഹിച്ചു മരിക്കേണ്ടി വരുന്ന ഇന്ത്യയുടെ മറ്റൊരു മുഖവും പ്രേക്ഷകന്റെ മുന്നിലെത്തിക്കുന്നു. രാഷ്ട്രീയക്കാരും അധികാരികളും ബിസിനസുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനിടയിലേക്കാണ് ഐ.എ.എസ് എന്ന മൂന്നക്ഷരത്തിന്റെ പിൻബലമുള്ള മാനുഷിക മുഖങ്ങളെ കൊണ്ടുവരുന്നത്. ആദ്യാവസാനം ടെന്പോ നഷ്ടമാവാതെ സിനിമയെ മുന്നോട്ട് നയിക്കുന്ന സംവിധായകൻ,​ കേവലം വാണിജ്യ വിജയത്തിന് വേണ്ടി മസാലച്ചേരുവകൾ ചിത്രത്തിൽ കൊണ്ടുവന്നില്ലെന്നത് മേന്മയായി. ഒരു പരിഷ്‌കൃത സമൂഹത്തിൽ കുറച്ച് പേരെയെങ്കിലും അലോസരപ്പെടുത്തുന്ന സാമൂഹ്യ അനീതിയുടേയും രാഷ്ട്രീയ,​ അധികാര ചൂഷണങ്ങളുടേയും നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് പ്രേക്ഷകന് സിനിമ നൽകുക.

കളക്ടർ നയൻതാര
തമിഴകത്തിന്റെ ലേ‌ഡി സൂപ്പർ സ്‌റ്റാർ എന്നറിയപ്പെടുന്ന നയൻതാര കളക്ടർ മധിവധാനിയായി ഇരുത്തംവന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നായകന് അല്ല നായികയ്ക്ക് സംഭാഷണങ്ങൾ ധാരാളം നൽകുന്ന പതിവ് രീതിയെ മാറ്റിയെഴുതിയാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഡയലോഗുകൾക്ക് അപ്പുറത്ത് നിസഹായായിപ്പോകുന്ന ഉദ്യോഗസ്ഥയുടെ വികാരവിക്ഷോഭങ്ങളിലൂടെ വ്യവസ്ഥിതിക്കു നേരെ വിരൽ ചൂണ്ടുകയാണ് ഈ കഥാപാത്രം ചെയ്യുന്നത്.

ദന്പതിമാരുടെ വേഷത്തിൽ എത്തുന്ന രാമചന്ദ്രൻ ദുരൈരാജ്,​ സുനുലക്ഷ്‌മി എന്നിവരും തങ്ങളുടെ വേഷം കൈയടക്കത്തോടെ അവതരിപ്പിച്ചു. കാക്കമൂട്ടൈ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ രമേഷും വിഘ്നേഷും സിനിമയുടെ മുതൽക്കൂട്ടാണ്.

ഓം പ്രകാശിന്റെ ഛായാഗ്രഹണ മികവ് എടുത്ത് പറയേണ്ടതാണ്. സിനമയുടെ കഥയ്ക്ക് അനുയോജ്യമായ സീനുകൾ സൃഷ്‌ടിച്ചെടുത്തതിൽ ഛായാഗ്രാഹകൻ വിജയിച്ചിരിക്കുന്നു. ഗാനങ്ങളും സിനമയുടെ പശ്ചാത്തലത്തിന് യോജിക്കുന്നതായി.

വാൽക്കഷണം: സാമൂഹ്യപ്രതിബദ്ധതയുള്ള സോദ്ദേശ്യ സിനിമ
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ